തിരൂർ: ദുരന്തത്തിനിരയായ ബോട്ടിന്റെ ഉടമ താനൂരിൽ കടൽതീരത്തോട് ചേർന്ന് നിർമിച്ച ബോട്ട് ജെട്ടി നിയമവിരുദ്ധമായിരുന്നെന്നും കേരള മാരിടൈം ബോർഡിൽ നിന്നോ, തീരദേശ പരിപാലന നിയന്ത്രണ അതോറിറ്റിയിൽ നിന്നോ നിർമാണ അനുമതിയില്ലെന്നും താനൂർ നഗരസഭ സെക്രട്ടറി ടി. അനുപമയുടെ മൊഴി.
താനൂർ ബോട്ട് ദുരന്തത്തെക്കുറിച്ച് അന്വേഷിക്കുന്ന ജുഡീഷ്യൽ കമീഷൻ ചെയർമാൻ ജസ്റ്റിസ് വി.കെ മോഹനൻ, കമ്മീഷൻ അംഗമായ ഡോ. കെ. നാരായണൻ എന്നിവരുടെ മുമ്പാകെയാണ് മൊഴി നൽകിയത്. മാരിടൈം ബോർഡിന്റെ അനുമതിയില്ലാതെ ജെട്ടി നിർമിച്ചാൽ നടപടിയെടുക്കാനുള്ള അധികാരം 2017 ലെ കേരള മാരിടൈം ബോർഡ് ആക്ട് പ്രകാരം ബോർഡിനാണെന്നും സാക്ഷിവിസ്താരവേളയിൽ നഗരസഭ സെക്രട്ടറി പറഞ്ഞു.
ജെട്ടി നിർമാണത്തിനായി സി.ആർ.എസ് അതോറിറ്റിയിൽ നിന്നുള്ള ഒരു അനുമതിയും ബോട്ടുടമ നഗരസഭയിൽ ഹാജരാക്കിയിട്ടില്ല. പുഴ പുറമ്പോക്കിൽ കൈയേറ്റമുണ്ടായാൽ നടപടിയെടുക്കേണ്ടത് റവന്യൂ വകുപ്പാണെന്നും നഗരസഭ സെക്രട്ടറി പറഞ്ഞു.
ബോട്ട് സർവീസ് നടത്താനാവശ്യമായ ലൈസൻസിന് ബോട്ടുടമ നഗരസഭയിൽ അപേക്ഷ നൽകിയിട്ടില്ല. 2011ലെ ലൈസൻസ് റൂൾസ് പ്രകാരം അപേക്ഷ നൽകാതെ വെള്ളപേപ്പറിലുള്ള അപേക്ഷയാണ് ഉടമ നൽകിയത്.
പ്രസ്തുത അപേക്ഷ നഗരസഭയിൽ ലഭിച്ച അഞ്ചാം ദിവസം തന്നെ മറുപടി അയച്ചിട്ടുണ്ട്. ഒരു തുടർനടപടിയും ബോട്ടുടമ ഇക്കാര്യത്തിൽ പിന്നീട് സ്വീകരിച്ചിട്ടില്ല. പൂരപ്പുഴയുടെ പുറമ്പോക്കിൽ നിർമാണപ്രവൃത്തി നടത്തണമെങ്കിൽ നഗരസഭയുടെ അനുമതി ആവശ്യമാണെന്നും താനൂർ നഗരസഭയിൽ പുഴകളെ സംബന്ധിച്ചും പുഴ പുറമ്പോക്കുകളെ സംബന്ധിച്ചും രജിസ്റ്റർ ഉണ്ടെന്നും നഗരസഭ സെക്രട്ടറി വ്യക്തമാക്കി.
നഗരസഭ സെക്രട്ടറിക്ക് പുറമേ ഉദ്യോഗസ്ഥരായ വിഷ്ണു, സൂര്യ, നഗരസഭാംഗം വി.പി ബഷീർ, പി. ഇസ്മായിൽ എന്നിവരെയും വിസ്തരിച്ചു. സിറ്റിങ് വ്യാഴാഴ്ചയും തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.