തിരൂർ: അധികാര പരിധി മൂലം വീർപ്പ് മുട്ടുന്ന തിരൂർ പൊലീസ് സ്റ്റേഷൻ വിഭജിച്ച് തീരപ്രദേശം കേന്ദ്രമായി ഒരു സ്റ്റേഷൻ കൂടി ആരംഭിക്കണമെന്ന ആവശ്യം വീണ്ടും ശക്തമാകുന്നു. ജനസംഖ്യയിലെ വർധനവ് മൂലം അധികാര പരിധി വർധിക്കുന്നത് സ്റ്റേഷന്റെ ദൈനംദിന പ്രവർത്തനങ്ങളെ സാരമായി ബാധിക്കുന്നുണ്ട്. സംസ്ഥാനത്ത് നിരവധി പുതിയ പൊലീസ് സ്റ്റേഷനുകൾ തുടങ്ങിയിട്ടും നിരവധി വർഷങ്ങളായി കാത്തിരിക്കുന്ന തിരൂർ പൊലീസ് സ്റ്റേഷൻ വിഭജനം ഫയലിൽ കുരുങ്ങി കിടക്കുകയാണ്.
ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ടെങ്കിലും മാറി മാറി വരുന്ന സർക്കാറുകൾ മുഖവിലക്കെടുക്കുന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത്. ഒരു മുനിസിപ്പാലിറ്റിയും ഏഴ് പഞ്ചായത്തുകളും ഉൾപ്പെടുന്നതാണ് തിരൂർ പൊലീസ് സ്റ്റേഷൻ പരിധി. തിരൂർ മുനിസിപ്പാലിറ്റി, വെട്ടം, തലക്കാട്, മംഗലം, പുറത്തൂർ, തൃപ്രങ്ങോട് പഞ്ചായത്തുകളും തിരുനാവായ, ചെറിയമുണ്ടം പഞ്ചായത്തുകളിലെ പകുതിയോളം വാർഡുകളാണ് തിരൂർ പൊലീസ് സ്റ്റേഷന്റെ അധികാര പരിധിയിൽ വരുന്നത്.
ജില്ലയിലെ പ്രധാന റെയിൽവേ സ്റ്റേഷനായ തിരൂരും മറ്റൊരു സ്റ്റേഷനായ തിരുനാവായയും ഉൾപ്പെടുന്നുമുണ്ട്. അതുകൊണ്ട് തന്നെ റെയിൽവേ സ്റ്റേഷനുകളുമായി ബന്ധപ്പെട്ട് ധാരാളം പ്രശ്നങ്ങൾ സ്ഥിരമായി ഉണ്ടാകാറുണ്ട്. ഇതൊക്കെ തിരൂർ സ്റ്റേഷനിലെ പൊലീസുകാരുടെ ഡ്യൂട്ടി സംബന്ധിച്ച് വലിയ പ്രയാസങ്ങളാണ് ഉണ്ടാക്കുന്നത്.
ജനസംഖ്യയിലെ വർധനവും പൊലീസ് സ്റ്റേഷനിലെ അംഗബലവും താരതമ്യം ചെയ്യുമ്പോൾ വലിയ അന്തരമാണ് കാണുന്നത്. വലിയ പ്രദേശങ്ങൾ ഉൾക്കൊള്ളുന്ന തിരൂർ സ്റ്റേഷൻ പരിധിയിൽ ധാരാളം കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് പതിവാണ്. ഓരോ കേസിന്റെയും കാര്യക്ഷമമായ അന്വേഷണം വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നുമുണ്ട്. തിരൂർ ടൗൺ ഉൾപ്പെടെ പ്രദേശങ്ങളിൽ സ്ഥിരമായി ഉണ്ടാകുന്ന രൂക്ഷമായ ഗതാഗതക്കുരുക്ക് നിയന്ത്രിക്കാൻ ആവശ്യമായ പൊലീസിന്റെ സേവനം പലപ്പോഴും നൽകാത്തത് കാരണം വലിയ ഗതാഗത പ്രശ്നങ്ങളും ഉണ്ടാകുന്നു.
തൃക്കണ്ടിയൂർ ശിവക്ഷേത്രം, തൃപ്രങ്ങോട്ട് ശിവക്ഷേത്രം, ഹനുമാൻ കാവ് ക്ഷേത്രം, തിരുനാവായ ക്ഷേത്രം, വൈരങ്കോട് ക്ഷേത്രം, വെട്ടത്ത് പുതിയങ്ങാടി ജാറം തുടങ്ങിയ പുണ്യസ്ഥലങ്ങളിൽ സ്ഥിരമായി ധാരാളം ഭക്തർ സന്ദർശനം നടത്തിവരുന്നുണ്ട്.
കൂടാതെ പ്രധാന ക്ഷേത്രങ്ങളിൽ പലപ്പോഴും പല വി.വി.ഐ.പികൾ ഉൾപ്പെടെയുള്ള പ്രമുഖ വ്യക്തികൾ സന്ദർശനം നടത്തുമ്പോഴും ഗതാഗത നിയന്ത്രണങ്ങൾക്കും സുരക്ഷ ഒരുക്കുന്നതിനും ധാരാളം പൊലീസുകാരുടെ സേവനം ആവശ്യമായി വരുന്നതും സ്റ്റേഷന്റെ ദൈനംദിന പ്രവർത്തനങ്ങളെ സാരമായി ബാധിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.