തിരൂരങ്ങാടി: അധ്യയന വർഷാരംഭത്തിന് മുമ്പ് ഗതാഗത സുരക്ഷ ഉറപ്പാക്കി മോട്ടോർ വാഹന വകുപ്പ്. അധ്യയന വർഷം അപകടരഹിതമാക്കുക എന്ന ലക്ഷ്യത്തോടെ തിരൂരങ്ങാടി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ സ്കൂൾ വാഹനങ്ങളുടെ പരിശോധന ആരംഭിച്ചു. സ്കൂൾ വാഹനത്തിന്റെ രേഖകൾ, ടയർ, വൈപ്പർ, ഹെഡ് ലൈറ്റ്, റൂഫ്, ബ്രേക്ക് ലൈറ്റ്, ഡോർ, ബ്രേക്ക്, ബോഡി, വിൻഡോ ഷട്ടർ, വാഹനത്തിന്റെ ജി.പി.എസ്, യന്ത്ര ഭാഗങ്ങളുടെയും വേഗപ്പൂട്ടിന്റെയും പ്രവർത്തനം, അഗ്നിരക്ഷ സംവിധാനം, പ്രഥമ ശുശ്രൂഷ കിറ്റ്, ഇൻഡിക്കേറ്റർ എന്നിവയാണ് പ്രധാനമായും പരിശോധിക്കുന്നത്.
ഓരോ സ്കൂൾ വാഹനങ്ങളും ഉദ്യോഗസ്ഥർ തന്നെ ഓടിച്ചുനോക്കി യാന്ത്രിക ക്ഷമത ഉറപ്പാക്കുകയും വാഹനത്തിനകത്തെ യാത്ര സൗകര്യങ്ങൾ പരിശോധനക്ക് വിധേയമാക്കുകയും ചെയ്തു. ബുധനാഴ്ച വി.കെ പടി അരിത്തോട് ഫിറ്റ്നസ് ഗ്രൗണ്ടിൽ വെച്ചാണ് സ്കൂൾ വാഹനങ്ങൾ പരിശോധിച്ചത്. 100 സ്കൂൾ വാഹനങ്ങളാണ് പരിശോധനക്കെത്തിയത്. പരിശോധന പൂർത്തിയാക്കിയ വാഹനങ്ങൾക്ക് ഉദ്യോഗസ്ഥർ സ്റ്റിക്കർ പതിച്ചുനൽകി.
അപാകത കണ്ടെത്തിയ 20 വാഹനങ്ങൾ തിരിച്ചയച്ചു. തിരൂരങ്ങാടി ജോയന്റ് ആർ.ടി.ഒ ജി. സുഗതന്റെ നേതൃത്വത്തിൽ എം.വി.എമാരായ ഡി.എസ്. സജിത്ത്, ലൂയിസ് ഓസ്‌വാൾഡ് ഡിസൂസ, എ.എം.വി.ഐമാരായ എച്ച്. രജീഷ്, വി.എസ്. സജിത്ത്, ഐ.വി. വിപിൻ ലാൽ, കെ. സന്തോഷ് കുമാർ, എ. സിർജാസ് എന്നിവരുടെ നേതൃത്വത്തിലാണ് വാഹനങ്ങൾ പരിശോധിച്ചത്.
സ്കൂൾ വാഹനങ്ങളുടെ അവസാനഘട്ട സുരക്ഷ പരിശോധന മേയ് 23ന് സമാപിക്കും. ഇന്നലെ പരിശോധനക്കെത്താത്ത വാഹനങ്ങളും, അപാകത കണ്ടെത്തി തിരിച്ചയച്ച വാഹനങ്ങളും ശനിയാഴ്ചയോടെ പരിശോധന പൂർത്തിയാക്കണമെന്ന് ജോയൻറ് ആർ.ടി.ഒ ജി. സുഗതൻ പറഞ്ഞു. പരിശോധന പൂർത്തിയാക്കാതെ സ്കൂൾ വാഹനങ്ങൾ നിരത്തിലിറങ്ങിയാൽ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അധ്യയന വർഷം ആരംഭിക്കുന്നതിന്റെ ഭാഗമായി വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാനായി സ്കൂൾ വാഹനങ്ങളിലെ ഡ്രൈവർമാർക്കും ആയമാർക്കും വേണ്ടി തിരൂരങ്ങാടി മോട്ടോർ വാഹന വകുപ്പ് സംഘടിപ്പിക്കുന്ന പ്രത്യേക ബോധവത്കരണ ക്ലാസ് 25ന് ഉച്ചക്ക് രണ്ടിന് ചെമ്മാട് ഖുത്ത്ബ് സമാൻ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ നടക്കും. തിരൂരങ്ങാടി സബ് ആർ.ടി.ഒ ഓഫിസിന് കീഴിലുള്ള എല്ലാ സ്കൂൾ വാഹനങ്ങളിലെ ഡ്രൈവർമാരും ആയമാരും നിർബന്ധമായും പങ്കെടുക്കണമെന്ന് ജോയന്റ് ആർ.ടി.ഒ ജി. സുഗതൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.