നാടുകാണി-പരപ്പനങ്ങാടി റോഡിൽ ചെമ്മാട് കരിപറമ്പ് ഭാഗത്ത് ഭാഗത്ത് പൈപ്പിടാനായി കീറിയ റോഡ് തകർന്ന നിലയിൽ
തിരൂരങ്ങാടി: പരപ്പനങ്ങാടി -നാടുകാണി റോഡിൽ കരിപറമ്പ് റോഡിന് കുറുകെ കുടിവെള്ള പദ്ധതിക്കായി വെട്ടിപ്പൊളിച്ച റോഡ് അപകടക്കെണിയാവുന്നു. ഇവിടെ ഗതാഗതക്കുരുക്കും പതിവായി. നാടുകാണി-പരപ്പനങ്ങാടി റോഡിൽ കരിപറമ്പ് മുതൽ ചെമ്മാട് വരെയുള്ള ഭാഗങ്ങളിലാണ് വലിയ കുഴികളുള്ളത്. റോഡിന് കുറുകെ കീറി മാസങ്ങൾ പിന്നിട്ടിട്ടും നന്നാക്കിയിട്ടില്ല.
നഗരസഭയുടെ ശുദ്ധജല പദ്ധതിക്ക് പൈപ്പിടാനായി കഴിഞ്ഞ വർഷാവസാനമാണ് റോഡ് കീറിയത്. ഇതുകാരണം റോഡിൽ മിക്ക ദിവസവും അപകടങ്ങൾ ഉണ്ടാകുകയാണ്. വലിയ കുഴിയായതിനാൽ ഇതിൽ ചാടാതിരിക്കാൻ വാഹനങ്ങൾ വെട്ടിച്ചുപോകുന്നതിനാൽ റോഡിൽ മിക്ക സമയവും ഗതാഗതക്കുരുക്കാണ്. ഇരുചക്ര വാഹനങ്ങൾ അപകടത്തിൽ പെടുന്നത് പതിവാണ്.
മഴയുള്ളതിനാലാണ് റോഡ് നന്നാക്കാൻ കഴിയാത്തതെന്നും മഴ മാറിയാൽ ഉടനെ പരിഹരിക്കുമെന്നുമായിരുന്നു അധികൃതർ പറഞ്ഞിരുന്നത്. എന്നാൽ, മഴ മാറി ദിവസങ്ങൾ കഴിഞ്ഞിട്ടും റോഡ് പണി നടത്തിയിട്ടില്ല. സാമൂഹിക പ്രവർത്തകനും ജില്ല മോട്ടോർ ആക്സിഡൻറ് പ്രിവൻഷൻ സൊസൈറ്റി (മാപ്സ്) ജില്ല സെക്രട്ടറിയുമായ അബ്ദുൽ റഹീം പൂക്കത്ത് നിരവധി തവണ ബന്ധപ്പെട്ട അധികൃതർക്ക് നിവേദനം നൽകുകയും പരാതി നൽകുകയും ചെയ്തെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ല.
ഈ പാതയിൽ റോഡ് വെട്ടിപ്പൊളിച്ചിട്ടിരിക്കുന്നതിനാൽ പ്രദേശത്തെ ജനങ്ങൾ കടുത്ത പ്രതിഷേധത്തിലാണ്. ഉടനടി റോഡ് ഗതാഗത യോഗ്യമാക്കിയില്ലെങ്കിൽ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് ഓട്ടോ തൊഴിലാളികൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.