ഇവരാണ് കോട്ടക്കുന്നിലെ പച്ചപ്പിന്‍റെ കാവൽക്കാർ

മലപ്പുറം: വർഷങ്ങൾക്കുമുമ്പ് മൊട്ടക്കുന്നായി ആരാലും ശ്രദ്ധിക്കപ്പെടാതെ കിടന്ന കോട്ടക്കുന്ന് ഇന്ന് ജില്ലയിലെ വേറിട്ട ടൂറിസം സങ്കേതങ്ങളിലൊന്നാണ്.

വിവിധ രാജ്യങ്ങളിലും കാലാവസ്ഥകളിലും വളരുന്ന ചെടികളും ഫലവൃക്ഷങ്ങളും മലപ്പുറം നഗരത്തിനോട് ചേർന്ന് കിടക്കുന്ന കോട്ടക്കുന്നിൽ സംരക്ഷിച്ചുവരുകയാണ്.

ഓരോ പരിസ്ഥിതി ദിനമെത്തുമ്പോഴും കോട്ടക്കുന്നിനെ നഗരത്തിന്‍റെ ഓക്സിജൻ പാർക്ക് ആക്കി മാറ്റിയ സംഘം പക്ഷേ വാർത്തകളിലെവിടെയും ഇടംനേടാതെ പോകുകയാണ്.

ദിവസവും അതിരാവിലെ എത്തി ചെടികൾക്ക് വെള്ളമൊഴിക്കുകയും കരിയിലകളും മാലിന്യങ്ങളും ജനമെത്തുന്നതിന് മുമ്പ് വൃത്തിയാക്കുകയും ചെയ്യുന്ന തൊഴിലാളികളാണ് ഇവിടുത്തെ പച്ചപ്പ് നിലനിർത്തുന്നതിൽ പ്രധാന പങ്കുവഹിക്കുന്നത്.

വൃത്തിയുടെ കാര്യത്തിൽ മറ്റേത് ടൂറിസം കേന്ദ്രങ്ങളെക്കാളും മികച്ചു നിൽക്കാൻ കോട്ടക്കുന്നിനാകുന്നതും ഈ ശുചീകരണ തൊഴിലാളികൾ കാരണമാണ്.

11 സ്ത്രീകളും അഞ്ച് പുരുഷന്മാരുൾപ്പെടെ 16 പേരാണ് ദിവസ വേതനാടിസ്ഥാനത്തിൽ കോട്ടക്കുന്നിൽ തൊഴിലെടുക്കുന്നത്. രാവിലെ ഏഴരക്ക് തുടങ്ങി മൂന്നരക്ക് അവസാനിക്കുന്ന തരത്തിൽ എട്ട് മണിക്കൂറാണ് ജോലിയെങ്കിലും 33 ഏക്കറോളം വരുന്ന പ്രദേശമാകെ വൃത്തിയാക്കിയെടുക്കുന്നതിന് കാര്യമായ അധ്വാനംതന്നെ വേണമെന്ന് തൊഴിലാളികൾ പറയുന്നു.

ഒരു ഏക്കറെങ്കിലും ഒരാൾ ഏറ്റെടുത്താൽ മാത്രമെ ജനം എത്തുമ്പോഴേക്കും പ്രധാന സ്ഥലങ്ങൾ വൃത്തിയാക്കാൻ കഴിയൂ.

14 ലക്ഷത്തോളം രൂപ പാർക്കിങ് ഇനത്തിൽ മാത്രം ഓരോ മാസവും ഡി.ടി.പി.സിക്ക് വരുമാനമുള്ളതായി ജില്ല ടൂറിസം പ്രമോഷൻ കൗൺസിൽ സെക്രട്ടറി പി. വിപിൻ ചന്ദ്ര 'മാധ്യമ'ത്തോട് പറഞ്ഞു.

ഓരോ വർഷവും 25 ലക്ഷത്തോളം ആളുകളാണ് കോട്ടക്കുന്ന് സന്ദർശിക്കുന്നത്. 10 രൂപയാണ് പാർക്കിലേക്കുള്ള പ്രവേശന ഫീസ്.

തൊഴിലാളികൾ ഉത്തരവാദിത്തത്തോടെ ജോലിയെടുക്കുന്നത് കൊണ്ടാണ് കോട്ടക്കുന്നിനെ ഭംഗിയിൽ പരിപാലിക്കാൻ സാധിക്കുന്നതെന്ന് പാർക്കിന്‍റെ സംരക്ഷണ ചുമതല വഹിക്കുന്ന അൻവർ അയമോൻ പറഞ്ഞു.

ഏതായാലും കടുത്ത വെയിലിൽ കോട്ടക്കുന്ന് കയറി മരച്ചില്ലകളുടെ തണലിൽ വിശ്രമിക്കുമ്പോൾ അതിന് പിന്നിൽ ഇങ്ങനെ കുറച്ച് തൊഴിലാളികളുടെ അധ്വാനംകൂടിയുണ്ടെന്ന് ഈ പരിസ്ഥിതി ദിനത്തിലെങ്കിലും മറന്നുപോകാതിരിക്കണം.

Tags:    
News Summary - These are the guardians of the greenery of Kotakkunnu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.