ആതവനാട്: ഗ്രാമപഞ്ചായത്തിൽ ശക്തമായ പോരാട്ടം കാഴ്ചവെച്ച് യു.ഡി.എഫും, എൽ.ഡി.എഫും. 2000- 05 കാലയളവിൽ ഒഴികെ യു.ഡി.എഫ് നേതൃത്വത്തിൽ ആയിരുന്നു ഭരണം. 2000-05 കാലയളവിൽ എൽ.ഡി.എഫ് ഗ്രാമപഞ്ചായത്ത് ഭരിച്ചു. നിലവിലെ ഭരണ സമിതിയിൽ യു.ഡി.എഫിന് 11, എൽ.ഡി.എഫ് 10, എസ്.ഡി.പി.ഐ ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില. ഈ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിൽ മുസ്‍ലിം ലീഗ് 15 വാർഡുകളിലും, അഞ്ച് വാർഡുകളിൽ കോൺഗ്രസും, ഒരു വാർഡിൽ സ്വതന്ത്രനും മത്സരിക്കുന്നു.
ഗ്രാമപഞ്ചായത്ത് വൈ. പ്രസിഡന്റ് കെ.പി. ജാസർ പുന്നത്തല വാർഡിൽ യു.ഡി.എഫ് സ്ഥാനാർഥിയായി മത്സരിക്കുന്നു. ഇവിടെ മണ്ണേത്ത് ഉസ്മാനാണ് എൽ.ഡി.എഫ് സ്ഥാനാർഥി. കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് മുൻ വൈ. പ്രസിഡന്റ് കെ.ടി. ആസാദ് മണ്ണേക്കര വാർഡിൽ യു.ഡി.എഫ് സ്ഥാനാർഥിയായി മത്സരിക്കുന്നു. നാസർ വെട്ടിക്കാട്ടാണ് ഇവിടെ എൽ.ഡി.എഫ് സ്ഥാനാർഥി.
19ാം വാർഡ് കാട്ടാംകുന്നിൽ കോൺഗ്രസിനാണ് അനുവദിച്ചതെങ്കിലും ഇവിടെ യു.ഡി.എഫിന് വിമത സ്ഥാനാർഥിയുണ്ട്. യു.ഡി.എഫ് ഔദ്യോഗിക സ്ഥാനാർഥി കോൺഗ്രസിലെ മീര അളൂരാണ്. യു.ഡി.എഫിന്റെ ഔദ്യോഗിക സ്ഥാനാർഥിക്ക് എതിരെ രംഗത്ത് വന്നവർക്ക് ലീഗ് നേതൃത്വം നടപടിയെടുത്തിട്ടുണ്ട്. ടി.പി. വിജിഷയാണ് എൽ.ഡി.എഫ് സ്ഥാനാർഥി. എൽ.ഡി.എഫ് 21 വാർഡുകളിൽ സി.പി.എമ്മും, രണ്ട് വാർഡുകളിൽ സി.പി.ഐയും ഒരു വാർഡിൽ സ്വതന്ത്രനും മത്സരിക്കുന്നു.
സി.പി.എം ലോക്കൽ സെക്രട്ടറിയായിരുന്ന സി. അബ്ദുൽ കരീം വാർഡ് 16 എ.കെ.കെ നഗറിൽ ഇടതു മുന്നണി സ്ഥാനാർഥിയാണ്. ഇവിടെ ഷാഫി മേനോത്തിൽ ആണ് യു.ഡി.എഫ് സ്ഥാനാർഥി. വാർഡ് മൂന്ന് ചിറക്കലിൽ നേരത്തേ മുസ്‍ലിം ലീഗ് നേതാവും ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായിരുന്ന കെ.പി. അബ്ദുൽ കരീം എൽ.ഡി.എഫ് സ്ഥാനാർഥിയായി സി.പി.എം ചിഹ്നത്തിൽ മത്സരിക്കുന്നു. അൻവർ കടലായി ആണ് ഇവിടെ യു.ഡി.എഫ് സ്ഥാനാർഥി. 15 വാർഡുകളിൽ ബി.ജെ.പിയും മത്സരിക്കുന്നുണ്ട്. എസ്.ഡി.പി.ഐ ഏഴ് വാർഡുകളിൽ മത്സരിക്കുന്നു. കഴിഞ്ഞ പ്രാവശ്യം എസ്.ഡി.പി.ഐ ജയിച്ച വാർഡ് 24ൽ നദീറ ടീച്ചർ മത്സരിക്കുന്നു.
ഭരണം നിലനിർത്താൻ യു.ഡി.എഫും, തിരിച്ചുപിടിക്കാൻ എൽ.ഡി.എഫും തമ്മിലുള്ള ശക്തമായ പോരാട്ടമാണ് ആതവനാട് ഗ്രാമപഞ്ചായത്തിൽ നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.