കരുവാരകുണ്ട്: മൂന്ന് ഗ്രാമപഞ്ചായത്തുകളിലെ 200ഓളം അംഗൻവാടി ജീവനക്കാർക്ക് ഇത്തവണ കണ്ണീരോണം. സർക്കാർ പ്രഖ്യാപിച്ച ഉത്സവ ബത്തയോ മറ്റ് അലവൻസുകളോ ഇവർക്ക് ഇതുവരെ കിട്ടിയിട്ടില്ല. ട്രഷറിയും ബാങ്കുകളും നാലുനാൾ അവധിയായതിനാൽ കടംവാങ്ങി ഓണം കൊണ്ടാടേണ്ട അവസ്ഥയിലാണ് ജീവനക്കാർ. കാളികാവ് ബ്ലോക്ക് ശിശുവികസന പദ്ധതി കരുവാരകുണ്ട് അഡീഷനൽ ഓഫിസിന് കീഴിലെ കരുവാരകുണ്ട്, തുവ്വൂർ, എടപ്പറ്റ ഗ്രാമപഞ്ചായത്തുകളിലെ 98 അംഗൻവാടി വർക്കർമാർ, 98 ഹെൽപ്പർമാർ എന്നിവർക്കാണ് ഉത്സവാനുകൂല്യങ്ങൾ ലഭിക്കാത്തത്.
1200 രൂപയാണ് ഉത്സവബത്ത ഇനത്തിൽ ലഭിക്കേണ്ടത്. ഇതിന്റെ ബിൽ നാലു ദിവസം മുമ്പ് ട്രഷറിയിൽ നൽകിയതായി അധികൃതർ പറയുന്നു. എന്നാൽ, ജീവനക്കാരുടെ അക്കൗണ്ടിൽ ഇതുവരെ പണമെത്തിയിട്ടില്ല. ഇനിയുള്ള ദിവസങ്ങൾ ട്രഷറി അവധിയുമാണ്. റിസർവ് ബാങ്ക് വഴിയുള്ള ഇടപാടുകൾക്ക് ഉപയോഗിക്കുന്ന ഇ-കുബേർ സംവിധാനത്തിലെ തകരാറാണ് കാരണമായി പറഞ്ഞിരുന്നത്. അതേസമയം, ഇതേ പ്രോജക്ട് ഓഫിസിന് കീഴിലെ മറ്റു പഞ്ചായത്തുകളിലെ ജീവനക്കാർക്ക് ആനുകൂല്യം ലഭിച്ചിട്ടുമുണ്ട്. ഓഫിസിലെ ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് കാരണമെന്ന് ജീവനക്കാർ പറയുന്നു. അംഗൻവാടി ജീവനക്കാരുടെ ഓണറേറിയം ഇനത്തിൽ ഗ്രാമപഞ്ചായത്തുകൾ നൽകേണ്ട വിഹിതം 2200 രൂപ ജൂലൈയിലേത് ഇതുവരെ കിട്ടിയിട്ടില്ല. കുട്ടികൾക്ക് നൽകുന്ന ഭക്ഷണത്തിന്റെ പച്ചക്കറി, പാചകവാതകം എന്നിവയുടെ വൗച്ചർ തുകയും മാസങ്ങളായി ലഭിക്കുന്നില്ല. ജനുവരി മുതൽ ജൂൺ വരെയുള്ള കുടിശ്ശിക അനുവദിച്ചിട്ടുണ്ട്. പക്ഷേ, തുക കൈയിൽ കിട്ടിയിട്ടില്ല. മുൻകൂർ ശമ്പളവും ഈ വർഷമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.