മലപ്പുറം: പകുതി വിലക്ക് സ്കൂട്ടർ, തയ്യൽ മെഷീൻ, ലാപ് ടോപ് എന്നിവ വാഗ്ദാനം ചെയ്ത തട്ടിപ്പിൽ ജില്ലയിലും പരാതികൾ ഉയരുന്നു. വ്യാഴാഴ്ച വിവിധ സ്റ്റേഷൻ പരിധികളിലായി നൂറിലധികം പേരാണ് പരാതിയുമായി വന്നത്. പെരിന്തൽമണ്ണ, കൊണ്ടോട്ടി, നിലമ്പൂർ, കൊളത്തൂർ, എടക്കര, പെരുമ്പടപ്പ്, താനൂർ തുടങ്ങിയ സ്റ്റേഷൻ പരിധികളിലാണ് കൂടുതൽ പരാതികൾ. വരും ദിവസങ്ങളിൽ കൂടുതൽ പരാതികൾ ഉയരുമെന്നാണ് സൂചന.
എൻ.ജി.ഒ അംഗങ്ങളിൽനിന്ന് ശേഖരിച്ച കണക്കുകൾ പ്രകാരം ജില്ലയിൽ 50 കോടിയോളം രൂപ പദ്ധതി വഴി അപേക്ഷിച്ചവർക്ക് നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. ആദ്യം അപേക്ഷിച്ചവർക്ക് സ്കൂട്ടറും മറ്റും വസ്തുക്കളും ലഭ്യമായിട്ടുണ്ട്. ജില്ലയിൽ 19 ട്രസ്റ്റുകൾക്ക് കീഴിലാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിൽ മലപ്പുറം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ട്രസ്റ്റിന് കീഴിൽ ആനുകൂല്യം കാത്തിരിക്കുന്നത് 1,022 പേരാണ്. ലാപ് ടോപ്, ഗൃഹോപകരണങ്ങൾ, മൊബൈൽ ഫോൺ, സ്കൂട്ടർ അടക്കമുള്ളതിനാണ് ഇത്രയും ഗുണഭോക്താക്കളുള്ളത്. 2024 നവംബറിലാണ് ആനുകൂല്യം തേടി മലപ്പുറത്തെ കേന്ദ്രത്തിൽ ഇത്രയും അപേക്ഷകരെത്തിയത്. നേരത്തെ നടത്തിയ ആനുകൂല്യ വിതരണം വിജയകരമായി കണ്ടതോടെയാണ് കൂടുതൽ പേർ ട്രസ്റ്റിനെ സമീപിച്ചത്. അപേക്ഷ നൽകി പണമടച്ചാൽ ഏഴ് മാസത്തിനകം സാധനങ്ങൾ വിതരണം ചെയ്യുമെന്നതായിരുന്നു ഗുണഭോക്താക്കൾക്ക് നൽകിയിരുന്ന നിർദേശം.
സ്കൂട്ടറിനായി 380, ഗൃഹോപകരണങ്ങൾക്കായി 357, മൊബൈൽ ഫോണുകൾക്കായി 111, ലാപ് ടോപ്പുകൾക്കായി 174 അപേക്ഷകരുണ്ട്. എല്ലാ ഉൽപന്നങ്ങളുടെയും 50 ശതമാനം തുകയും ഗുണഭോക്താക്കളിൽനിന്ന് സ്വീകരിച്ച് ബന്ധപ്പെട്ടവരുടെ അക്കൗണ്ടിലേക്ക് കൈമാറിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. സ്കൂട്ടറിന് 40000 രൂപ മുതൽ 65000 രൂപ വരെ നൽകിയവരുണ്ട്. ലാപ്ടോപ്പിന് 20000 രൂപയാണ് ശരാശരി വാങ്ങിയത്. മൂന്ന് മാസത്തിനുള്ളിൽ സാധനം ലഭിക്കുമെന്ന് വിശ്വസിച്ചാണ് പലരും പണം നൽകിയത്.
തട്ടിപ്പ് വിവരം പുറത്ത് വന്നതോടെ നിരവധി പേരാണ് തങ്ങളുടെ പണം തിരികെ ആവശ്യപ്പെട്ട് ട്രസ്റ്റുകളെ സമീപിക്കുന്നത്. തുക കൈവശമില്ലാത്തതിനാൽ കാര്യങ്ങൾ പറഞ്ഞ് ട്രസ്റ്റ് അധികൃതർ തിരിച്ചയക്കുകയാണ്. വിഷയത്തിൽ ഫണ്ട് കൈപ്പറ്റിയ ഏജൻസിയിൽനിന്ന് തുക തിരിച്ച് ലഭിക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ട്രസ്റ്റ് ഭാരവാഹികൾ ജില്ല പൊലീസ് മേധാവി, മലപ്പുറം ഡിവൈ.എസ്.പി എന്നിവർക്ക് പരാതി നൽകിയിട്ടുണ്ട്. കൊണ്ടോട്ടിയിൽ പണം തിരികെ ആവശ്യപ്പെട്ട് ഓഫിസിലെത്തിയവരോട് റീഫണ്ടിന് അപേക്ഷ സമർപ്പിക്കാനാണ് നിർദേശം നൽകിയത്. എല്ലാ ട്രസ്റ്റുകളും പണം തിരികെ നൽകുമെന്ന പ്രതീക്ഷയാണ് ഗുണഭോക്താക്കൾക്ക് നൽകുന്നത്.
പൂക്കോട്ടുംപാടം: പകുതി വിലക്ക് സ്കൂട്ടർ തട്ടിപ്പിൽ അമരമ്പലം കവളമുക്കട്ട വായനശാല വഴി 26 സ്ത്രീകളാണ് തട്ടിപ്പിനിരയായത്. വായനശാല കളമശേരി പ്രഫഷനൽ സർവിസ് ഇന്നവേഷൻ ഏജൻസിയുമായി സഹകരിച്ച് ആദ്യ ഘട്ടത്തിൽ 10 വനിതകൾക്ക് പകുതി വിലക്ക് സ്കൂട്ടർ എത്തിച്ചു നൽകിയിരുന്നു. എന്നാൽ രണ്ടാം ഘട്ടത്തിൽ 26 വനിതകൾ പദ്ധതിയിൽ രജിസ്റ്റർ ചെയ്യുകയും സ്കൂട്ടറിന്റെ സി.സിക്കനുസരിച്ച് 57,000, 60,000 രൂപ നിരക്കിൽ പണം അടക്കുകയും ചെയ്തു. വായനശാലയും അക്കൗണ്ട് വഴി രണ്ടു തവണകളിലായി 9.40 ലക്ഷവും, 5.92 ലക്ഷം രൂപയും നൽകി. മൂന്നു മാസത്തിനകം സ്കൂട്ടർ ലഭിക്കുമെന്ന് പറഞ്ഞെങ്കിലും ഏഴു മാസം കഴിഞ്ഞിട്ടും സ്കൂട്ടറെത്തിയില്ല. എന്നാൽ വായനശാല സെക്രട്ടറി ടി.എ. മുഹമ്മദ് അസുഖ ബാധിതനായി ആശുപത്രിയിൽ ചികിത്സയിലായതോടെ കമ്പനിയുമായി ബന്ധപ്പെടാനും സാധിച്ചില്ല. ഇപ്പോൾ തട്ടിപ്പ് മാധ്യമങ്ങൾ വഴി പ്രചരിച്ചതോടെയാണ് പണം നൽകിയ വനിതകൾ പറ്റിക്കപ്പെട്ട വിവരം അറിയുന്നത്. ഇതോടെ വായനശാല ഭാരവാഹികൾ വനിതകളുടെ യോഗം ചേർന്ന് പൂക്കോട്ടുംപാടം പൊലീസിനും, എസ്.പി, ഡിവൈ.എസ്.പി എന്നിവർക്കും പരാതി നൽകാനിരിക്കുകയാണ്. ഇതിനു മുമ്പും വായനശാല വഴി ലാപ്ടോപ്, തയ്യൽ യന്ത്രം എന്നിവയും വിതരണം ചെയ്തിരുന്നു.
മലപ്പുറം: ഗുണഭോക്താക്കൾക്ക് എല്ലാവർക്കും നഷ്ടമായ പണം തിരിച്ചുനൽകാൻ തങ്ങൾ കഠിനശ്രമം നടത്തുകയാണെന്ന് പദ്ധതിയിൽ അംഗമായ ഒരു എൻ.ജി.ഒ അംഗം പറഞ്ഞു. തങ്ങളെ മോശക്കാരാക്കി ചിത്രീകരിക്കാൻ ശ്രമം നടക്കുന്നുണ്ട്. മുതിർന്ന രാഷ്ട്രീയക്കാരും റിട്ട. ജഡ്ജിമാരുമടക്കം ഉള്ളവർ വരെ പദ്ധതിക്ക് മുന്നിൽ നിന്നിട്ടുണ്ട്. ഇവരെല്ലാം കൂടെ ഉണ്ടെന്നറിഞ്ഞപ്പോഴാണ് എല്ലാവർക്കും വിശ്വാസം കൂടിയത്.
നഷ്ടപ്പെട്ടവരുടെ പണം നൽകാൻ പൊലീസിന്റെയും ജനപ്രതിനിധികളുടെയും സമവായത്തിൽ ചർച്ച ചെയ്ത് ട്രസ്റ്റുകൾക്ക് സാവകാശം നൽകണമെന്നും ട്രസ്റ്റ് അംഗങ്ങൾ ആവശ്യപ്പെടുന്നുണ്ട്. ലഭ്യമായ പണം വെച്ച് ചിലർക്ക് തിരികെ നൽകി തുടങ്ങിയിട്ടുണ്ടെന്നും ചില ട്രസ്റ്റ് അംഗങ്ങൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.