പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിയുന്നവരെ പിടികൂടാൻ ജില്ല കലക്ടർ വി.ആർ. വിനോദിന്റെ നേതൃത്വത്തിൽ മലപ്പുറത്ത് നടന്ന പരിശോധന
മലപ്പുറം: മാലിന്യമുക്ത മലപ്പുറത്തിനായി ജില്ല കലക്ടര്‍ വി.ആർ. വിനോദിന്റെ നേതൃത്വത്തിൽ പരിശോധന. മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി ജില്ല ശുചിത്വ മിഷനും മലപ്പുറം നഗരസഭയും നടത്തിയ പരിശോധനയിലാണ് ജില്ല കലക്ടറും ഭാഗമായത്. പരിശോധനക്കിടെ മലപ്പുറം മിഷന് ആശുപത്രിക്ക് സമീപം മാലിന്യം ഉപേക്ഷിക്കാനെത്തിയ ആളെ കലക്ടര്‍ പിടികൂടി. വീട്ടില്‍ നിന്നുള്ള മാലിന്യം കവറിലാക്കി ഉപേക്ഷിക്കാന്‍ എത്തിയതായിരുന്നു. സംഭവം ശ്രദ്ധയില്‍പെട്ട കലക്ടര്‍ വാഹനം പിടിച്ചെടുത്തു. രാവിലെ 5.45ന് തുടങ്ങിയ പരിശോധന എട്ടുവരെ നീണ്ടു. മലപ്പുറം നഗരം, മച്ചിങ്ങല്‍ ബൈപാസ്, വലിയങ്ങാടി, വലിയവരമ്പ്, മങ്ങാട്ടുപുലം ഭാഗങ്ങളിലാണ് പരിശോധന നടത്തിയത്.
മാര്‍ച്ച് 30ന് മാലിന്യ മുക്തമായ നവകേരളമെന്ന ലക്ഷ്യവുമായാണ് പരിശോധന നടത്തുന്നത്. എല്ലാ തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിലും പരിശോധന നടക്കുന്നുണ്ട്. വലിച്ചെറിയല്‍ മുക്തമായ പൊതുഇടങ്ങള്‍ ജനകീയ സമിതികളുടെയും സംഘടനകളുടെയും നേതൃത്വത്തില്‍ സൃഷ്ടിക്കുക, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മാലിന്യമുക്തമാക്കുക, സ്ഥാപനങ്ങളെ വലിച്ചെറിയല്‍ മുക്തമാക്കുക, നിയമനടപടി കര്‍ശനമാക്കുക തുടങ്ങിയ ലക്ഷ്യങ്ങളാണ് കാമ്പയിൻ മുന്നോട്ടുവെക്കുന്നത്. പരിസരം വൃത്തിയായി സൂക്ഷിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെയും നിയമനടപടി സ്വീകരിക്കും. ജാഥകള്‍, സമ്മേളനങ്ങള്‍, ഉത്സവങ്ങള്‍ തുടങ്ങിയ പൊതുപരിപാടികളുടെ ഭാഗമായ കൊടിതോരണങ്ങള്‍, നോട്ടീസുകള്‍, വെള്ളക്കുപ്പികള്‍, ഭക്ഷണാവശിഷ്ടങ്ങള്‍ ഉള്‍പ്പെടെയുള്ള മാലിന്യം പൊതുസ്ഥലങ്ങളിലേക്ക് വലിച്ചെറിയാതിരിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കും.
ഇത് സംബന്ധിച്ച് പാലിക്കേണ്ട നിബന്ധന സംഘാടകരെ മുന്‍കൂട്ടി അറിയിക്കും. വരുംദിവസങ്ങളിലും പരിശോധന കര്‍ശനമാക്കുമെന്ന് കലക്ടര്‍ അറിയിച്ചു. ശുചിത്വ മിഷന് അസിസ്റ്റന്റ് കോഓഡിനേറ്റര്‍ ടി.എസ്. അഖിലേഷ്, ക്ലീന്‍ സിറ്റി മാനേജര്‍ കെ. മധുസൂദനന്, പബ്ലിക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ പി.കെ. മുനീര്‍, ടി. അബ്ദുല്‍ റഷീദ് എന്നിവര്‍ കലക്ടര്‍ക്ക് ഒപ്പമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.