കേന്ദ്രമന്ത്രിക്കെതിരെ കണക്കുകൾ നിരത്തി മുഖ്യമന്ത്രി; കേരളത്തെ ഞെരുക്കി ശ്വാസം മുട്ടിക്കുകയാണെന്ന്

മലപ്പുറം: കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ തന്നെ വസ്തുതാവിരുദ്ധ പ്രചാരണത്തിന് മുന്നിട്ടിറങ്ങിയിരിക്കയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്ര സര്‍ക്കാര്‍ സാമ്പത്തികമായി കേരളത്തെ ഞെരുക്കി ശ്വാസം മുട്ടിക്കുകയാണ്. തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിച്ച് സംസ്ഥാനത്തിന്‍റെ ആവശ്യങ്ങളെ തള്ളിക്കളയുന്നു. സൗജന്യത്തിനോ ഔദാര്യത്തിനോ ആവശ്യപ്പെടുന്നില്ല. ന്യായമായി ലഭിക്കേണ്ട നികുതിവിഹിതം കിട്ടണമെന്ന ആവശ്യമേ സംസ്ഥാനം ഉന്നയിക്കുന്നുള്ളൂവെന്ന് മുഖ്യമന്ത്രി പറഞ്ഞു. നവകേരള സദസി​െൻറ ഭാഗമായി മലപ്പുറം തിരൂരിൽ നടന്ന വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

കേരളം നേടിയ നേട്ടങ്ങള്‍ക്കൊപ്പം ഇന്ന് അനുഭവിക്കുന്ന പ്രയാസങ്ങളും ജനങ്ങള്‍ക്കു മുന്‍പില്‍ അവതരിപ്പിച്ചാണു നവകേരള സദസ് സഞ്ചരിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ സാമ്പത്തികമായി നമ്മുടെ സംസ്ഥാനത്തെ ഞെരുക്കി ശ്വാസം മുട്ടിക്കുകയാണ്. നമ്മൾ സൗജന്യത്തിനോ ഔദാര്യത്തിനോ ആവശ്യപ്പെടുന്നില്ല. ന്യായമായി നമുക്കു ലഭിക്കേണ്ട നികുതി വിഹിതം കിട്ടണം എന്ന ആവശ്യമേ ഉന്നയിക്കുന്നുള്ളൂ. ഇക്കാര്യത്തിൽ സംസ്ഥാനങ്ങളോട് ആരോഗ്യപരമായ സമീപനം ആയിരിക്കണം കേന്ദ്രത്തിനുണ്ടാകേണ്ടത്. ശത്രുതാപരമായ സമീപനം അവസാനിപ്പിക്കണമെന്നും മുഖ്യമ​ന്ത്രി പറഞ്ഞു.

ജനങ്ങളിൽനിന്നും പിരിച്ചെടുക്കുന്ന നികുതിയുടെ വിഹിതവും ഗ്രാന്‍റും അർഹതപ്പെട്ടതു കിട്ടേണ്ടതുണ്ട്. കേന്ദ്രാവിഷ്കൃത പദ്ധതികളിൽ സംസ്ഥാനത്തിന്റെ ബാധ്യത കൂട്ടുന്ന നിലയാണു വന്നിരിക്കുന്നത്. ലൈഫ് ഭവന പദ്ധതിയുടെ ഭാഗമായി 3,56,108 വീടുകള്‍ നിർമിച്ചപ്പോള്‍ 32,171 വീടുകള്‍ക്കു മാത്രമാണു പി.എം.എ.വൈ ഗ്രാമീണിന്റെ ഭാഗമായി 72,000 രൂപ സഹായം ലഭിച്ചത്. നമ്മൾ സംഖ്യ കൂട്ടി നാലു ലക്ഷം നൽകുന്നുണ്ട്. പി.എം.എ.വൈ അർബന്റെ ഭാഗമായി 79,860 വീടുകള്‍ക്ക് 1,50,000 രൂപ കേന്ദ്രം നൽകി. എല്ലാം ചേർത്താലും ആകെ 1,12,031 വീടുകള്‍ക്ക് (31.45%) മാത്രമാണു തുച്ഛമായ കേന്ദ്രസഹായം ലഭിച്ചത്. പി.എം.എ.വൈ ഗ്രാമീണിൽ മൂന്ന് വർഷമായി ടാർഗറ്റ് നിശ്ചയിച്ച് തന്നിട്ടില്ല, അതിനാൽ പുതിയ വീടുകൾ അനുവദിക്കാൻ ഈ മേഖലയിൽ കഴിയുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നിട്ടും കേന്ദ്രം പറയുന്നത്, ലൈഫ് പദ്ധതിയിലെ വീടുകള്‍ക്കു കേന്ദ്രത്തിന്‍റെ ബ്രാന്‍ഡിങ് വേണം എന്നാണ്. ലൈഫ് വീടുകള്‍ ഒരു ബ്രാന്‍ഡിങ്ങുമില്ലാതെ പൂര്‍ത്തിയാക്കി ജനങ്ങള്‍ ജീവിക്കണം എന്നതാണ് സംസ്ഥാന സര്‍ക്കാരിന്‍റെ നിലപാടെന്നും മുഖ്യമന്ത്രി പറഞ്ഞു. 

Tags:    
News Summary - The Chief Minister labelled figures against the Union Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.