ആറ് ലക്ഷം പേര്‍ രണ്ടാം ഡോസ് സ്വീകരിച്ചില്ല; കോവിഡ് വാക്‌സിനേഷന്‍ പരിപാടിയുമായി ആരോഗ്യവകുപ്പ്

മലപ്പുറം: കോവിഡ് വാക്‌സിനേഷന്‍ രണ്ടാം ഡോസ് സ്വീകരിക്കാത്തവര്‍ക്കായി വാക്‌സിനേഷന്‍ ക്യാമ്പുമായി ജില്ല ആരോഗ്യവകുപ്പ്. ഈ മാസം 24 മുതല്‍ ജൂണ്‍ നാല് വരെ 'കവചം 2.0'പേരില്‍ ജില്ലയില്‍ കോവിഡ് വാക്‌സിനേഷന്‍ തീവ്രയജ്ഞ പരിപാടി നടത്താന്‍ തീരുമാനിച്ചതായി മെഡിക്കല്‍ ഓഫിസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. കോവിഡ് വാക്‌സിനേഷന്‍ ഒന്നാം ഡോസ് 95 ശതമാനം കൈവരിച്ചെങ്കിലും രണ്ടാം ഡോസ് സ്വീകരിച്ചവര്‍ 80 ശതമാനം ആണ്. നിലവില്‍ ആറ് ലക്ഷത്തോളം പേര്‍ രണ്ടാം ഡോസ് സ്വീകരിക്കാന്‍ സമയമായവര്‍ ആണ്. ഇതോടൊപ്പംതന്നെ അര്‍ഹരായിട്ടുള്ളവര്‍ മുന്‍കരുതല്‍ ഡോസ് വാക്‌സിനേഷനും പൂര്‍ത്തീകരിക്കണം.

15 വയസ്സ് മുതല്‍ 17 വരെയുള്ള കുട്ടികളില്‍ 79 ശതമാനം പേര്‍ ഒന്നാം ഡോസും 42 ശതമാനം പേര്‍ രണ്ടാം ഡോഡും സ്വീകരിച്ചിട്ടുണ്ട്. 12 മുതല്‍ 14 വയസ്സ് വരെയുള്ള കുട്ടികളില്‍ 13 ശതമാനം പേര്‍ മാത്രമേ വാക്‌സിന്‍ സ്വീകരിച്ചിട്ടുള്ളൂ. ഈ പ്രായമുള്ള അര്‍ഹരായ എല്ലാ കുട്ടികള്‍ക്കും വാക്‌സിന്‍ നല്‍കുന്നതിനായാണ് തീവ്രയജ്ഞ പരിപാടി. മുതിര്‍ന്നവര്‍ക്കും കൗമാരക്കാരായ വിദ്യാർഥികള്‍ക്കും തൊട്ടടുത്തെ സര്‍ക്കാര്‍ ആരോഗ്യകേന്ദ്രങ്ങളില്‍നിന്ന് വാക്‌സിന്‍ സ്വീകരിക്കാം. 'കവചം 2.0'കാമ്പയിന്‍റെ ഭാഗമായി കൗമാരക്കാരായ വിദ്യാർഥികള്‍ക്ക് തൊട്ടടുത്തെ അംഗൻവാടികളിലും സ്കൂളുകളിലും പ്രത്യേകം സജ്ജീകരിച്ച വാക്‌സിനേഷന്‍ ക്യാമ്പുകളില്‍നിന്നും സൗജന്യ വാക്‌സിന്‍ സ്വീകരിക്കാം.

ഒരേ ദിവസം രണ്ടു കോവിഡ് വാക്സിൻ: കേസ് മനുഷ്യാവകാശ കമീഷൻ തീർപ്പാക്കി

മലപ്പുറം: കരുളായി പ്രാഥമികാരോഗ്യ കേന്ദ്രത്തിൽനിന്ന് ഒരേദിവസം രണ്ടു തവണ കോവിഡ് വാക്സിൻ നൽകിയത് താൽക്കാലിക ജീവനക്കാർക്ക് സംഭവിച്ച പിഴവാണെന്ന് ജില്ല മെഡിക്കൽ ഓഫിസർ ഡോ. ആർ. രേണുക മനുഷ്യാവകാശ കമീഷനെ അറിയിച്ചു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള ജാഗ്രത തങ്ങളുടെ ഭാഗത്തുനിന്നുണ്ടാവുമെന്ന ഡി.എം.ഒയുടെ ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ കമീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് കേസ് തീർപ്പാക്കി. 2021 ആഗസ്റ്റ് 29നാണ് സംഭവം. മൈലാടുംപാറ സ്വദേശി കാസിമിനാണ് ഒരേസമയം രണ്ടു ഡോസ് വാക്സിൻ നൽകിയത്. പഞ്ചായത്ത് നിയമിച്ച താൽക്കാലിക ജീവനക്കാരാണ് വാക്സിൻ നൽകിയത്. സംഭവം ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് താൽക്കാലിക ജീവനക്കാരെ ഒഴിവാക്കി. കാസിമിനെ രണ്ടു ദിവസങ്ങൾക്കുശേഷം മെഡിക്കൽ ഓഫിസർ അദ്ദേഹത്തിന്‍റെ വീട്ടിലെത്തി പരിശോധിച്ച് മറ്റു ബുദ്ധിമുട്ടുകളില്ലെന്ന് ഉറപ്പാക്കി.

ഒരു ഡോസ് വാക്സിൻ എടുത്തശേഷം വിശ്രമിക്കുകയായിരുന്ന കാസിമിനെ രണ്ടാമതെത്തിയ നഴ്സ് കുത്തിവെക്കുകയായിരുന്നു. സംഭവത്തിൽ കോവിഡ് നോഡൽ ഓഫിസർ അന്വേഷണം നടത്തി. ഭാവിയിൽ ഇത്തരം അബദ്ധങ്ങൾ സംഭവിക്കാതിരിക്കാൻ കർശന നിർദേശം നൽകണമെന്ന് അന്വേഷണ ഉദ്യോഗസ്ഥ ജില്ല മെഡിക്കൽ ഓഫിസർക്ക് നൽകിയ റിപ്പോർട്ടിൽ പറയുന്നു. താൽക്കാലിക ജീവനക്കാരെ ഭാവിയിൽ വാക്സിൻ സെന്ററിൽ നിയമിക്കരുത്.

നിയമിക്കപ്പെടുന്ന ജീവനക്കാർക്ക് പരിശീലനം നൽകണം. സൂപ്പർവൈസറി തസ്തികയിലുള്ള ജീവനക്കാർക്ക് ഇത്തരം കാര്യങ്ങൾ ആവർത്തിക്കാതിരിക്കാൻ നിർദേശം നൽകണം. വാക്സിനേഷൻ മുറിയിൽ ഒരാൾക്കുമാത്രം ഒരു സമയത്ത് വാക്സിൻ നൽകണം.

കാസിമിന് പരാതിയില്ലെന്നു പറഞ്ഞ് ഇത്തരം സംഭവങ്ങളെ അവഗണിക്കരുതെന്നും റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ടിലെ നിർദേശങ്ങൾ നടപ്പാക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും ഡി.എം.ഒ അറിയിച്ചു. പൊതുപ്രവർത്തകനായ അഡ്വ. ദേവദാസ് സമർപ്പിച്ച പരാതിയിലാണ് നടപടി.

Tags:    
News Summary - Six lakh people did not receive the covid vaccine second dose

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.