പുളിക്കൽ: വൈദ്യുതി നിലച്ചാൽ ആരോട് പരാതി പറയണം, ആരെ വിളിക്കണം.. ഇതൊന്നുമറിയാതെ നട്ടം തിരിയുകയാണ് ഒരു പ്രദേശത്തെ ഗുണഭോക്താക്കൾ. രാമനാട്ടുകര, പുളിക്കൽ വൈദ്യുതി സെക്ഷൻ ഓഫിസുകളുമായി ബന്ധപ്പെട്ട പ്രവർത്തന പരിധിയിലെ തർക്കം മൂലം വെണ്ണായൂർ പ്രദേശത്തെ തൊണ്ണൂറിലധികം വരുന്ന ഗുണഭോക്താക്കൾ തങ്ങളുടെ സെക്ഷൻ ഓഫിസ് ഏതാണെന്ന് അറിയാതെ നട്ടം തിരിയുകയാണ്.
നേരത്തേ രാമനാട്ടുകര സെക്ഷൻ പരിധിയിലായിരുന്നു വെണ്ണായൂർക്കാർ. രണ്ടുമാസംമുമ്പ് പ്രവർത്തന സൗകര്യാർഥം വെണ്ണായൂരിലെ ഗുണഭോക്താക്കളെ പുളിക്കൽ ഓഫിസിനുകീഴിലേക്കു മാറ്റിയിട്ടുണ്ടെന്നു രാമനാട്ടുകര കെ.എസ്.ഇ.ബി അധികൃതർ പറയുന്നുണ്ട്.
ഗുണഭോക്താക്കൾ അധികമാണെന്ന കാരണം പറഞ്ഞ് പുളിക്കൽ ഓഫിസിലെ ജീവനക്കാർ ഇത് അംഗീകരിക്കാൻ തയാറായിട്ടില്ല. ഇതാണ് വെണ്ണായൂർകാർക്ക് വിനയായത്.
വെണ്ണായൂർ പ്രദേശത്ത് ചേളാരി, പുളിക്കൽ, രാമനാട്ടുകര വൈദ്യുതി സെക്ഷൻ ഓഫിസ് പരിധിയിൽ വരുന്ന ഗുണഭോക്താക്കളുണ്ട്. ഈ മൂന്ന് ഓഫിസ് പരിധിക്കകത്തും അറ്റകുറ്റപ്പണി നടത്തുമ്പോഴോ മറ്റു വല്ല കാരണങ്ങളും മൂലമോ വൈദ്യുതി നിലച്ചാൽ ഈ പ്രദേശം പൂർണമായും ഇരുട്ടിൽ തന്നെയായിരിക്കും.
കഴിഞ്ഞദിവസം 20 മണിക്കൂറിലധികം ഇവിടെ വൈദ്യുതി നിലച്ചു. പരിധി തർക്കം കാരണം പ്രശ്നം പരിഹരിക്കാനും വൈകി. തർക്കം മൂലം വൈദ്യുതി ഉപയോഗ കണക്കെടുപ്പ് കൃത്യസമയങ്ങളിൽ നടത്താത്തതിനാൽ ഉപഭോക്താക്കൾ ഭാരിച്ച തുക കെ.എസ്.ഇ.ബിയിലേക്ക് ഒന്നിച്ച് നൽകേണ്ടതായി വരും. ഗുണഭോക്താക്കളുടെ വിവിധ അപേക്ഷകൾ ഇരു ഓഫിസുകളും സ്വീകരിക്കുന്നില്ലെന്നും പരാതിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.