മലപ്പുറം: രാഷ്ട്രീയപ്രവർത്തകൻ ലോഡ്ജിൽ പീഡിപ്പിച്ചതായി ട്രാൻസ്വുമണിന്റെ പരാതി. മൂന്നു വർഷം മുമ്പാണ് ദുരനുഭവം നേരിട്ടതെന്നും പരാതിയിൽ പൊലീസ് കേസെടുത്ത് കാളികാവ് സ്വദേശി റഹ്മത്തുല്ലയെ അറസ്റ്റ് ചെയ്യണമെന്നും വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
ട്രാൻസ്വുമണായി മാറിയ സമയത്ത് വീട്ടിൽനിന്നുള്ള അവഗണനയിൽ തനിക്കുണ്ടായ പ്രയാസം മനസ്സിലാക്കി സഹായിക്കാനെന്ന രീതിയിലാണ് റഹ്മത്തുല്ല തന്നെ വിളിച്ചുവരുത്തി പീഡനത്തിനിരയാക്കിയതെന്ന് അവർ ആരോപിച്ചു. മണ്ണാർക്കാട്ടേക്ക് വിളിപ്പിച്ച് ലോഡ്ജിലേക്ക് വരാൻ പറഞ്ഞായിരുന്നു പീഡനം. ഇതിനിടെ അയാൾക്ക് ഫോൺ കാൾ വന്ന സമയത്ത് താൻ ഓടിരക്ഷപ്പെടുകയായിരുന്നു.
ഉപദ്രവിച്ച വ്യക്തിയെ തനിക്കറിയാതിരുന്നതിനാൽ അന്ന് പരാതിപ്പെട്ടില്ല. ഇതിനിടെ അദ്ദേഹത്തെ എൻ.സി.പി സംസ്ഥാന സെക്രട്ടറിയായി (അജിത്ത് പവാർ വിഭാഗം) തിരഞ്ഞെടുത്ത പോസ്റ്റർ ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിലാണ് ആളെ മനസ്സിലായത്. തുടർന്ന് മലപ്പുറം എസ്.പിക്കും മണ്ണാർക്കാട് പൊലീസിനും പരാതി നൽകുകയായിരുന്നു. എന്നാൽ, ഒരു മാസം പിന്നിട്ടിട്ടും പ്രതിയെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും ട്രാൻസ്വുമൺ പറഞ്ഞു.
ആരോപണം രാഷ്ട്രീയ പകപോക്കലെന്ന് ആരോപണം
മലപ്പുറം: തനിക്കെതിരായ ആരോപണം വ്യാജമാണെന്നും പരാതിക്കു പിന്നിൽ രാഷ്ട്രീയ പകപോക്കലാണെന്നും റഹ്മത്തുല്ല. തനിക്ക് നിരവധി രാഷ്ട്രീയ എതിരാളികളുണ്ട്. തന്റെ കുടുംബവുമായി ബന്ധപ്പെട്ട പരാതിയിൽ ചിലർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. പീഡനപരാതി കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാൽ കൂടുതൽ പ്രതികരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.