മലപ്പുറം: വാറന്റി കാലയളവിൽ മൊബൈൽ സ്ക്രീനിൽ പച്ചവര വന്നതുമായി ബന്ധപ്പെട്ട പരാതിയിൽ ഫോണിന്റെ വിലയും നഷ്ടപരിഹാരവും നൽകാൻ ജില്ല ഉപഭോക്തൃ തർക്ക പരിഹാര കമീഷൻ വിധി. ഡിസൈനറായി ജോലി ചെയ്യുന്ന കൊണ്ടോട്ടി പുളിക്കൽ സ്വദേശി അനുപ്രയാഗിന്റെ പരാതിയിലാണ് ഫോണിന്റെ വിലയായ 28,196 രൂപയും 25,000 രൂപ നഷ്ടപരിഹാരവും 5000 രൂപ കോടതി ചെലവും ഒരു മാസത്തിനകം നൽകാൻ വിധിയായത്.
അല്ലാത്ത പക്ഷം പണം നൽകുന്നത് വരെ പ്രതിവർഷം ഒമ്പത് ശതമാനം പലിശയും നൽകണമെന്ന് ഉപഭോക്തൃ തർക്ക പരിഹാര കമീഷൻ പ്രസിഡന്റ് മോഹൻദാസൻ, അംഗങ്ങളായ പ്രീതി ശിവരാമൻ, മുഹമ്മദ് ഇസ്മാഈൽ എന്നിവരടങ്ങിയ ബെഞ്ചിന്റെ വിധിയിൽ പറയുന്നു. 2023 ഡിസംബറിൽ ഫ്ലിപ്കാർട്ടിൽനിന്ന് ഓഫർ വിലക്കാണ് അനുപ്രയാഗ് റിയൽ മീ ജി.ടി രണ്ട് പ്രോ ഫോൺ വാങ്ങിയത്. 2024 ഓഗസ്റ്റിൽ ഓട്ടോമാറ്റിക് അപ്ഡേഷൻ വന്ന ശേഷമാണ് സ്ക്രീനിൽ പച്ചവര വരുന്നത്.
അടുത്ത ദിവസം മഞ്ചേരിയിലെ സർവിസ് സെന്ററിൽ നൽകി. രണ്ട് ദിവസം കഴിഞ്ഞ് ഡിസ്പ്ലേ സ്റ്റോക്ക് ഇല്ലെന്ന് മറുപടി ലഭിച്ചു. അനുപ്രയാഗ് ഫോൺ മാറ്റിനൽകാൻ പറഞ്ഞപ്പോൾ നിർമാണം നിർത്തിയ മോഡലായതിനാൽ കഴിയില്ലെന്നായിരുന്നു മറുപടി. റീഫണ്ട് ആവശ്യപ്പെട്ടെങ്കിലും ഇൻവോയ്സിന്റെ തുല്യതുകക്ക് കൂപ്പൺ നൽകാമെന്നും അതുപയോഗിച്ച് തങ്ങളുടെ വെബ്സൈറ്റിൽനിന്ന് ഫോൺവാങ്ങാമെന്നുമായിരുന്നു കമ്പനിയുടെ മറുപടി.
ഈ വാഗ്ദാനം നിരസിച്ച അനുപ്രയാഗ് പകരം ജി.ടി ആറ് ഫോൺ നൽകണമെന്നും വേണമെങ്കിൽ അധിക തുക നൽകാമെന്നും പറഞ്ഞു. എന്നാൽ താഴ്ന്ന മോഡലായ ജി.ടി ആറ് ഇ നൽകാമെന്നായിരുന്നു മറുപടി. ഒരുമാസം കാത്തിരുന്ന ശേഷം സെപ്റ്റംബറിൽ ജില്ല ഉപഭോക്തൃ തർക്ക പരിഹാര കമീഷനിൽ ഫ്ലിപ്കാർട്ട്, റിയൽമീ, സർവിസ് സെന്റർ, ഫ്ലിപ്കാർട്ടിലെ വിൽപനക്കാരൻ എന്നിവരെ എതിർകക്ഷികളാക്കി പരാതി നൽകി. രേഖകൾ സമർപ്പിച്ച് സ്വയമാണ് അനുപ്രയാഗ് കേസ് വാദിച്ചത്. മൊബൈൽ ഫോണിന്റെ വില റിയൽമീ കമ്പനിയും നഷ്ടപരിഹാരം നാല് എതിർകക്ഷികളും ചേർന്ന് നൽകണമെന്നുമാണ് വിധി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.