ഗ്രീന്‍ഫീല്‍ഡ് പാതക്ക് ഏറ്റെടുക്കുന്ന കെട്ടിടങ്ങളുടെ വിലനിര്‍ണയം ആരംഭിച്ചു

മലപ്പുറം: പാലക്കാട്-കോഴിക്കോട് ഗ്രീന്‍ഫീല്‍ഡ് പാത സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് കെട്ടിടങ്ങളുടെ വിലനിര്‍ണയം ജില്ലയില്‍ ആരംഭിച്ചു. ഏറ്റെടുക്കുന്ന ഭൂമിയിലെ മുഴുവന്‍ നിർമിതികള്‍ക്കും വിലനിര്‍ണയം നടത്തി നഷ്ടപരിഹാരം നല്‍കും. കെട്ടിടങ്ങളുടെ നഷ്ടപരിഹാരം തറവിസ്തീര്‍ണത്തെ അടിസ്ഥാനപ്പെടുത്തിയാണ് കണക്കാക്കുക. മറ്റുള്ളവക്ക് വിശദമായ വിലനിര്‍ണയവും നടത്തും. ഏറ്റെടുക്കുന്ന ഭൂമിയിലുള്ള നഷ്ടപരിഹാരത്തിന്റെ കണക്കെടുപ്പ് ജില്ലയില്‍ എല്ലാ വില്ലേജുകളിലും പൂര്‍ത്തിയായി. കണക്കെടുപ്പിന് ശേഷമുള്ള വിലനിര്‍ണയമാണ് ആരംഭിച്ചിട്ടുള്ളത്.

സ്ഥലമെടുപ്പ് കാര്യാലയം, ദേശീയപാത അതോറിറ്റി, കണ്‍സള്‍ട്ടന്റ് ഏജന്‍സി, പൊതുമരാമത്ത് വകുപ്പ് എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരടങ്ങിയ സംയുക്ത സംഘമാണ് വിലനിര്‍ണയം നടത്തുന്നത്. ഇത്തരത്തിലുള്ള ആറ് ടീമുകളായി ജില്ലയില്‍ അരീക്കോട്, കരുവാരകുണ്ട്, എളങ്കൂര്‍ വില്ലേജുകളില്‍ ഒരേസമയം നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.

കെട്ടിടങ്ങളുടെ വിലനിര്‍ണയ നടപടികളുടെ ഉദ്ഘാടനം അരീക്കോട് വില്ലേജ് കിളിക്കല്ലിങ്ങല്‍ ഭാഗത്ത് ഗ്രീന്‍ഫീല്‍ഡ് ദേശീയപാത സ്ഥലമെടുപ്പ് ഡെപ്യൂട്ടി കലക്ടര്‍ ഡോ. ജെ.ഒ. അരുണ്‍, ദേശീയപാത അതോറിറ്റി പ്രോജക്ട് ഡയറക്ടര്‍ വിപിന്‍ മധു, പൊതുമരാമത്ത് റോഡ് വിഭാഗം അസി. എക്സി. എൻജിനീയര്‍ സിമി തുടങ്ങിയവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു. സ്ഥലമെടുപ്പ് കാര്യാലയത്തിലെ തഹസില്‍ദാര്‍ സി.കെ. നജീബ്, പൊതുമരാമത്ത് വിഭാഗം ഓവര്‍സിയര്‍മാര്‍, ദേശീയപാത അതോറിറ്റി ലെയ്സണ്‍ ഓഫിസര്‍മാരായ മുരളീധരന്‍, പ്രേമചന്ദ്രന്‍ തുടങ്ങി ദേശീയപാത അതോറിറ്റിയിലെയും സ്ഥലമെടുപ്പ് കാര്യാലയത്തിലെയും പൊതുമരാമത്ത് വകുപ്പിലെയും ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

അരീക്കോട് വില്ലേജില്‍ 159 കെട്ടിടങ്ങളാണ് ഏറ്റെടുക്കുക. 115 കെട്ടിടങ്ങള്‍ പൂര്‍ണമായും 44 കെട്ടിടങ്ങള്‍ ഭാഗികമായും ഏറ്റെടുക്കും. ഇതില്‍ 155 എണ്ണം താമസ കെട്ടിടങ്ങളും നാല് എണ്ണം വാണിജ്യ കെട്ടിടങ്ങളുമാണ്. കരുവാരക്കുണ്ട് വില്ലേജില്‍ ആകെ 24 കെട്ടിടങ്ങളാണ് ഏറ്റെടുക്കുക. ഇവയെല്ലാം താമസ കെട്ടിടങ്ങളാണ്. ഇതില്‍ 21 കെട്ടിടങ്ങള്‍ പൂര്‍ണമായും മൂന്ന് കെട്ടിടങ്ങള്‍ ഭാഗികമായും ഏറ്റെടുക്കും. എളങ്കൂര്‍ വില്ലേജില്‍ 69 കെട്ടിടങ്ങളാണ് ഏറ്റെടുക്കുക. ഇതില്‍ 65 കെട്ടിടങ്ങള്‍ പൂര്‍ണമായും നാല് കെട്ടിടങ്ങള്‍ ഭാഗികമായും ഏറ്റെടുക്കും. 61 എണ്ണം താമസ കെട്ടിടങ്ങളും എട്ട് എണ്ണം വാണിജ്യ കെട്ടിടങ്ങളുമാണ്.

Tags:    
News Summary - Pricing of the buildings to be acquired for the greenfield route has started

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.