പൊന്നാനി: പൊന്നാനിയുടെ സ്വപ്ന പദ്ധതിയായ കപ്പൽ നിർമാണശാലയുടെ നടപടിക്രമങ്ങൾ അവസാന ഘട്ടത്തിലാണെന്നും ജനുവരി 27ഓടെ പദ്ധതിയുടെ പൂർണ രൂപം ലഭ്യമാകുമെന്നും പി. എം.എൽ.എ നന്ദകുമാർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. പദ്ധതി യാഥാർഥ്യമാകുന്നതോടെ പൊന്നാനിയുടെ നീണ്ട കാലത്തെ സ്വപ്നമാണ് സാർഥകമാവുന്നത്. പദ്ധതി നല്ല രീതിയിൽ നടപ്പാക്കാൻ മുഴുവൻ ആളുകളുടെയും സഹകരണം ആവശ്യമാണെന്ന് എം.എൽ.എ പറഞ്ഞു.
പദ്ധതി നിർമാണ പ്രദേശത്തെ 30 ഏക്കറോളം ഭൂമി നിർമാണ കമ്പനിക്ക് വിട്ടുനൽകാൻ പ്രദേശത്ത് അനധികൃതമായി നിർമിച്ചിട്ടുള്ള മീൻ ചാപ്പകൾ നീക്കി കൊടുക്കേണ്ടത് മാരിടൈം ബോർഡിന്റെ ഉത്തരവാദിത്തമാണ്. ഷെഡുകൾ നീക്കം ചെയ്യാൻ കലക്ടർ വിളിച്ച് ചേർത്ത യോഗത്തിൽ തീരുമാനമായിരുന്നു.ഈ യോഗത്തിൽ ഷെഡുകൾ ഉപയോഗിക്കുന്ന മത്സ്യതൊഴിലാളി പ്രതിനിധികൾ പങ്കെടുത്തു. ഷെഡുകൾ നീക്കുമ്പോൾ മത്സ്യതൊഴിലാളികൾ ആവശ്യപെട്ടത് പ്രകാരം പകരം ഷെഡുകൾ ഹാർബറിനോട് ചേർന്ന് നിർമിച്ച് നൽകാനും തീരുമാനമായിട്ടുണ്ട്.
ആദ്യഘട്ടത്തിൽ 200 കോടി മുതൽ മുടക്കിൽ ചെറുകിട കപ്പലുകൾ നിർമിക്കാനാണ് ലക്ഷ്യം. മത്സ്യബന്ധന ബോട്ടുകളും നിർമിക്കാം. രണ്ടാംഘട്ടത്തിൽ 1000 കോടിയുടെ വൻകിട കപ്പൽശാലയാണ് വരുന്നത്. കൊച്ചിൻ ഷിപ്പ് യാർഡ് കഴിഞ്ഞാൽ രണ്ടാമത്തെ വലിയ കപ്പൽ നിർമാണ ശാലയായി പൊന്നാനി മാറുന്നതോടൊപ്പം മലബാറിലെ പ്രധാന വ്യാവസായിക ഹബ്ബായി പൊന്നാനി മാറും.
അതേസമയം, പദ്ധതിക്കെതിരെ സങ്കുചിത നീക്കം നടക്കുന്നതായും എം.എൽ.എ പറഞ്ഞു. പൊന്നാനിയുടെ വികസന കുതിപ്പിന് സഹായകമാകുന്ന പദ്ധതിക്കെതിരെ കുത്സിത ബുദ്ധികളുടെ സങ്കുചിത രാഷ്ട്രീയ നീക്കമാണ് നടക്കുന്നത്. രാഷ്ട്രീയ താൽപര്യവും വ്യക്തി താൽപര്യവും ഇതിനു പിന്നിലുണ്ടെന്ന് എം.എൽ.എ പറഞ്ഞു.
വലിയ രീതിയിലുള്ള തെറ്റിദ്ധരിപ്പിക്കലാണ് പദ്ധതിയുടെ പേരിൽ നടക്കുന്നത്. ഒരുതരത്തിലും മത്സ്യമേഖലയെ കപ്പൽശാല ബാധിക്കില്ല. അനധികൃത മീൻചാപ്പകൾക്കെതിരായ നടപടി മത്സ്യബന്ധന മേഖലക്കെതിരായ നടപടിയായാണ് പ്രചരിപ്പിക്കുന്നത്. തികച്ചും അവാസ്തവമാണിത്. മാരിടൈം ബോർഡിന്റെ കൈവശമുള്ള സ്ഥലത്താണ് മീൻചാപ്പകൾ പ്രവർത്തിക്കുന്നത്. ഇവിടെ പ്രവർത്തിച്ചിരുന്ന ചാപ്പകൾ മാറ്റി സ്ഥാപിക്കാൻ അനുയോജ്യമായ സ്ഥലം കണ്ടെത്തി നൽകിയിട്ടുണ്ട്. നിയമ പരിരക്ഷയില്ലാത്ത സ്ഥലത്ത് പ്രവർത്തിച്ചു വന്നിരുന്ന ചാപ്പകൾക്ക് അനുയോജ്യമായ സ്ഥലം പകരം നൽകുന്ന മാതൃകാപരമായ ഇടപെടലാണ് ഇക്കാര്യത്തിൽ ഉണ്ടായിട്ടുള്ളതെന്ന് എം.എൽ.എ പറഞ്ഞു.
കപ്പൽ ശാലയുമായി ബന്ധപ്പെട്ട് മത്സ്യത്തൊഴിലാളികളെ കൃത്യമായി ബോധ്യപ്പെടുത്തിയിട്ടുണ്ട്. ഇപ്പോൾ നടക്കുന്നത് രാഷ്ട്രീയവും വ്യക്തിപരവുമായ താൽപര്യങ്ങളുടെ അടിസ്ഥാനത്തിൽ നടക്കുന്ന പ്രചാരണങ്ങളാണെന്നും മത്സ്യത്തൊഴിലാളികളുടെ വികാരമല്ലെന്നും എം.എൽ.എ പറഞ്ഞു.
പദ്ധതി യാഥാർഥ്യമായാൽ നൂറുകണക്കിനാളുകൾക്ക് തൊഴിൽ ലഭിക്കും. അനുബന്ധമേഖലയിൽ അവസരങ്ങളുണ്ടാകും. നടപടിക്രമങ്ങൾ അടുത്ത ദിവസങ്ങളിൽ പൂർത്തിയാകും. പദ്ധതിക്ക് പിന്തുണയും സഹകരണവും ഉണ്ടാകണമെന്ന് അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.