പൊന്നാനി സി.പി.എമ്മിൽ വിഭാഗീയത ശക്തം; ലോക്കൽ സെക്രട്ടറി രാജിവെച്ചു
പൊന്നാനി: ജില്ല സെക്രേട്ടറിയറ്റംഗമായിരുന്ന ടി.എം. സിദ്ദീഖിനെ ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരംതാഴ്ത്തിയതിനെത്തുടർന്ന് സി.പി.എമ്മിലുണ്ടായ പ്രതിഷേധം വീണ്ടും ശക്തമാകുന്നു. ഏരിയ കമ്മിറ്റിയംഗവും വെളിയേങ്കാട് ലോക്കൽ സെക്രട്ടറിയും പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡൻറുമായ പി.എം. ആറ്റുണ്ണിതങ്ങൾ രാജിവെച്ചു. ടി.എം. സിദ്ദീഖിനെതിരായ നടപടി ലഘൂകരിക്കാനുള്ള നീക്കം നടക്കുന്നതിനിടെ ഏരിയ സെക്രട്ടറി പി.കെ. ഖലീമുദ്ദീൻ സിദ്ദീഖിനെതിരെ നടത്തിയ പരാമർശമാണ് ഒരുവിഭാഗത്തെ ചൊടിപ്പിച്ചത്. നിയമസഭ തെരഞ്ഞെടുപ്പിൽ ടി.എം. സിദ്ദീഖിനെ സ്ഥാനാർഥിയാക്കണമെന്നാവശ്യപ്പെട്ട് നടന്ന പ്രകടനം തടയേണ്ടത് അദ്ദേഹത്തിെൻറ മാത്രം ഉത്തരവാദിത്തമായിരുന്നെന്ന പരാമർശമാണ് വിവാദമായിരിക്കുന്നത്. ഏരിയ കമ്മിറ്റി അംഗങ്ങളും ലോക്കൽ കമ്മിറ്റി അംഗങ്ങളും പതിനഞ്ചോളം ബ്രാഞ്ചുകളും രാജിവെക്കാനുള്ള നീക്കവുമുണ്ട്. ജില്ല സമ്മേളന ശേഷം ടി.എം. സിദ്ദീഖിനെ നേതൃരംഗത്തേക്ക് കൊണ്ടുവരാനുള്ള നീക്കം നടക്കുന്നതിനിടെ പൂർണമായും അവഗണിക്കുന്ന തരത്തിലാണ് ഏരിയ സെക്രട്ടറിയുടെ ഭാഗത്തുനിന്ന് നീക്കമുണ്ടായതെന്നാണ് അണികളുടെ അഭിപ്രായം.
എന്നാൽ, ഏരിയ സമ്മേളനം പൂർത്തിയായതിനെത്തുടർന്ന് ആറ്റുണ്ണിതങ്ങൾ ഫേസ്ബുക്കിലിട്ട പോസ്റ്റ് പാർട്ടിയെ പ്രതിരോധത്തിലാക്കിയെന്നാണ് പാർട്ടി വിലയിരുത്തൽ. തിങ്കളാഴ്ച ചേർന്ന ഏരിയ കമ്മിറ്റി യോഗത്തിൽ വിശദീകരണം ആവശ്യപ്പെടാൻ തീരുമാനിച്ചെങ്കിലും അദ്ദേഹം പങ്കെടുത്തില്ല. തുടർന്നാണ് ഏരിയ സെക്രട്ടറിക്ക് രാജി നൽകിയത്. ടി.എം. സിദ്ദീഖ് പക്ഷത്തെ കൂടെച്ചേർക്കാൻ സി.പി.ഐ നേതൃത്വം ശ്രമിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.