ബാല സൗഹൃദ മണ്ഡലമാകാൻ പൊന്നാനി

പൊന്നാനി: പൊന്നാനി മണ്ഡലം ബാല സൗഹൃദ മണ്ഡലമായി മാറാൻ ഒരുങ്ങുന്നു. കേരളത്തെ ബാലാവകാശ സൗഹൃദ സംസ്ഥാനമാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെ നടക്കുന്ന വിവിധ പരിപാടികളുടെ ഭാഗമായാണ് പൊന്നാനിയെ ബാല സൗഹൃദ മണ്ഡലമാക്കാനുള്ള പദ്ധതികൾ തയാറാക്കുന്നത്.

ബാലാവകാശ കമീഷന്റെ നേതൃത്വത്തിൽ സംസ്ഥാനത്തെ ഏഴ് മണ്ഡലങ്ങളെ ബാല സൗഹൃദ മണ്ഡലമാക്കാൻ തീരുമാനിച്ചിരുന്നു. ധർമടം, കൊട്ടാരക്കര, ആലപ്പുഴ, നേമം, ബേപ്പൂർ, കാഞ്ഞങ്ങാട് എന്നിവക്കൊപ്പമാണ് പൊന്നാനിയിൽ ബാല സൗഹൃദ പദ്ധതികൾ ആവിഷ്കരിക്കുന്നത്. നാല് ഘട്ടങ്ങളിലായാണ് പദ്ധതികൾ നടപ്പാക്കുക.

കുട്ടികളുടെ അവകാശങ്ങളെക്കുറിച്ച് ബോധ്യപ്പെടുത്താൻ സ്കൂളുകൾ കേന്ദ്രീകരിച്ച് ബോധവത്കരണം സംഘടിപ്പിക്കും. കുട്ടികളുടെ കഴിവ് കണ്ടെത്താനും വൈജ്ഞാനിക രംഗത്തെ മികവിനെ പരിപോഷിപ്പിക്കാനും സാധ്യതകളൊരുക്കും. പുതിയ കോഴ്സുകളും തൊഴിലധിഷ്ഠിത സാധ്യതകളും കുട്ടികളിലേക്കെത്തിക്കാൻ സഹായകമായ കോഴ്സുകൾ തുടങ്ങും.

കുട്ടികൾക്ക് ഒത്തുകൂടാൻ വിദേശ മാതൃകയിൽ കേന്ദ്രങ്ങൾ തുറക്കും. ഒരു പഞ്ചായത്തിൽ ഒരു കേന്ദ്രം എന്ന നിലയിൽ തുടങ്ങും.നഗരസഭയിൽ രണ്ട് കേന്ദ്രവും ആരംഭിക്കും. പദ്ധതികൾക്ക് മേൽനോട്ടം വഹിക്കാൻ കോഓഡിനേറ്ററായി പി.കെ.എം ഇഖ്ബാലിനെ ചുമതലപ്പെടുത്തി. പദ്ധതി നടപ്പാക്കുന്നതിന്റെ മുന്നോടിയായി വിപുലമായ സെമിനാർ നടക്കും.

ശനിയാഴ്ച നടക്കുന്ന ബാലാവകാശ സെമിനാറിൽ പൊന്നാനി മണ്ഡലത്തിൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന ബാലസൗഹൃദ പദ്ധതികളുടെ രൂപരേഖ ആവിഷ്കരിക്കും. സമൂഹത്തിലെ വിവിധ മേഖലകളിൽ നിന്നുള്ളവരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള സെമിനാറാണ് തീരുമാനിച്ചിട്ടുള്ളത്.എം.ഇ.എസ് കോളജിൽ നടക്കുന്ന സെമിനാർ കേരള ഹൈകോടതി ജസ്റ്റിസ് ഷാജി പി. ചാലി ഉദ്ഘാടനം ചെയ്യും.

ബാലസൗഹൃദ പദ്ധതിയുടെ പ്രഖ്യാപനം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവഹിക്കും. പൊതുമരാമത്ത് വിശ്രമ മന്ദിരത്തിൽ നടന്ന വാർത്തസമ്മേളനത്തിൽ നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറം, ബാലാവകാശ കമീഷൻ അംഗം സി. വിജയകുമാർ, പ്രഫ. പി.കെ.എം. ഇഖ്ബാൽ തുടങ്ങിയവർ പങ്കെടുത്തു.

Tags:    
News Summary - Ponnani to be child friendly constituency

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.