നിർമാണം പുരോഗമിക്കുന്ന പൊന്നാനിയിലെ ബ്ലഡ് ബാങ്ക് കെട്ടിടം
പൊന്നാനി: ആതുരസേവന രംഗത്ത് പൊന്നാനിയുടെ നീണ്ട കാലത്തെ കാത്തിരിപ്പിനൊടുവിൽ പൊന്നാനിയിൽ ബ്ലഡ് ബാങ്കിന്റെ നിർമാണം പുരോഗമിക്കുന്നു. താഴത്തെ നിലയുടെ പ്രവൃത്തി അന്തിമഘട്ടത്തിലെത്തി. പൊന്നാനി സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി കോമ്പൗണ്ടിലാണ് കെട്ടിടം നിർമിക്കുന്നത്.
താലൂക്കിൽ ഏറ്റവും കൂടുതൽ പ്രസവം നടക്കുന്ന പൊന്നാനി മാതൃശിശു ആശുപത്രിയിൽ ബ്ലഡ് ബാങ്ക് നിർമിക്കണമെന്നത് ഏറെ നാളായുള്ള ആവശ്യമാണ്. നാഷനൽ ഹെൽത്ത് മിഷന്റെ 1.22 കോടി രൂപ ചെലവിലാണ് ഒരുനില കെട്ടിടം ഉയരുന്നത്.
ഡോക്ടേഴ്സ് റൂം, കമ്പോണന്റ് സ്റ്റോർ, കമ്പോണന്റ് പ്രോസസ്സിങ് റൂം, ഗ്രൂപ്പിങ് ആൻഡ് ക്രോസ് മാച്ചിങ് റൂം ഉൾപ്പെടെ ആധുനിക സംവിധാനങ്ങളോടെയാണ് ബ്ലഡ് ബാങ്ക് നിർമിക്കുന്നത്. നിർമാണം മാസങ്ങൾക്കകം പൂർത്തിയാകും. മുൻ സ്പീക്കർ പി. ശ്രീരാമകൃഷ്ണന്റെ ആസ്തി വികസന ഫണ്ടിൽനിന്ന് ബ്ലഡ് ബാങ്ക് കെട്ടിടത്തിന് മുകളിൽ ഇരുനില കെട്ടിടത്തിനായി രണ്ട് കോടിയുടെ ഭരണാനുമതി ലഭ്യമായിട്ടുണ്ട്.
ഇതടക്കം 3.22 കോടി രൂപയുടെ പുതിയ പദ്ധതിയാണ് നടപ്പാവുന്നത്. പേവാർഡും രോഗികളുടെ കൂട്ടിരിപ്പുകാർക്കുള്ള വിശ്രമമുറികളുമാണ് മുകളിലെ നിലയിൽ നിർമിക്കുക. രോഗികൾക്ക് പേ വാർഡിലേക്ക് പോകാൻ ബ്ലഡ് ബാങ്ക് കെട്ടിടത്തെ ആശുപത്രിയുമായി പാലം വഴി ബന്ധിപ്പിക്കും. സർക്കാർ ഏജൻസിയായ വാപ്കോസിനാണ് നിർമാണ ചുമതല.
അതേസമയം, ബ്ലഡ് ബാങ്കിനായുള്ള ലൈസൻസ് കടമ്പ ഇനിയും പിന്നിടേണ്ടതുണ്ട്. സംസ്ഥാന-കേന്ദ്ര പരിശോധന പൂർത്തീകരിച്ച് ലൈസൻസ് അനുവദിക്കാൻ മാസങ്ങളെടുക്കും. നിലവിൽ പൊന്നാനിയിൽ ബ്ലഡ് ബാങ്കില്ലാത്തത് രോഗികൾക്ക് വളരെ പ്രയാസം സൃഷ്ടിക്കുന്നുണ്ട്. തിരൂർ ജില്ല ആശുപത്രിയിൽ നിന്നോ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ നിന്നോ രക്തം കൊണ്ടുവരേണ്ട സ്ഥിതിയാണ്. പുതിയ ബ്ലഡ് ബാങ്ക് വരുന്നത് രോഗികൾക്കും പ്രസവത്തിനെത്തുന്നവർക്കും വലിയ ആശ്വാസമാവും
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.