പൊന്നാനി ഫിഷിങ് ഹാർബറിലെ മാലിന്യക്കൂമ്പാരം
പൊന്നാനി: കടലിൽ പോയ് വരുമ്പോൾ വല നിറയെ മീൻ കൊണ്ടുവരുമെന്ന പാട്ടെല്ലാം പഴങ്കഥയായി. ഇപ്പോൾ മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങുമ്പോൾ വല നിറയെ ലഭിക്കുന്നത് പ്ലാസ്റ്റിക്. ആഴക്കടലിൽ പ്രതീക്ഷയോടെ വലയെറിയുന്ന തൊഴിലാളികൾക്കാണ് പ്ലാസ്റ്റിക് കുപ്പികളും മാലിന്യവും യഥേഷ്ടം ലഭിക്കുന്നത്. ഇതുമൂലം വല മുറിയുന്നതുൾപ്പെടെ വൻനഷ്ടമാണുണ്ടാവുന്നത്. ഗുരുതര പരിസ്ഥിതി മലിനീകരണമാണ് കടലിൽ സംഭവിക്കുന്നതെന്നാണ് വിദഗ്ധർ പറയുന്നത്.
ജലാശയങ്ങളിലേക്ക് വലിച്ചെറിയുന്ന പ്ലാസ്റ്റിക് മാലിന്യം കൂട്ടമായി കടലിൽ ഒഴുകിയെത്തുകയാണ്. ഇത് മത്സ്യങ്ങൾക്കും ഭീഷണിയാകുന്നു. മത്സ്യങ്ങൾ ചെറിയ പ്ലാസ്റ്റിക് വസ്തുക്കൾ വിഴുങ്ങുന്നത് വംശനാശ ഭീഷണിക്കും ഇടയാക്കുന്നുണ്ട്. വർഷങ്ങളായി കടലിൽ മത്സ്യലഭ്യത കുറയുന്നതിനും ഇത്തരം പാരിസ്ഥിതിക മലിനീകരണം വഴിയൊരുക്കുന്നുവെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്.
ഓരോ കടലാക്രമണത്തിലും ലോഡുകണക്കിന് മാലിന്യമാണ് കരയിലെത്തുന്നത്. ഇത് തടയാൻ പൊന്നാനി നഗരസഭ പദ്ധതി ആവിഷ്കരിച്ചിരുന്നെങ്കിലും വിജയം കണ്ടില്ല. മത്സ്യബന്ധനത്തിനിടെ ലഭിക്കുന്ന പ്ലാസ്റ്റിക് കരയിലെത്തിച്ചാൽ പാരിതോഷികം നൽകുമെന്നാണ് നഗരസഭ അറിയിച്ചിരുന്നെങ്കിലും നടപ്പിലായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.