സാങ്കേതിക കുരുക്ക് അഴിയുന്നു; മഭിത്തി നിർമാണം ഇനി വേഗത്തിലാകും

പൊന്നാനി: കടലാക്രമണം തടയാൻ പൊന്നാനി താലൂക്കിൽ കടൽഭിത്തി നിർമാണത്തിന് 10 കോടി രൂപ വകയിരുത്തിയിട്ടും നിർമാണം അനന്തമായി നീളുന്നതിന് പരിഹാരമാകുന്നു. സുരക്ഷഭിത്തി നിർമാണത്തിനാവശ്യമായ കല്ലിന്റെ വില നിർണയവുമായി ബന്ധപ്പെട്ട സാങ്കേതിക കുരുക്കുകൾ അഴിഞ്ഞതോടെയാണ് ഭിത്തി നിർമാണം യാഥാർഥ്യമാകുന്നത്. വിലനിർണയം ധനവകുപ്പ് പൂർത്തീകരിച്ചതായി ജലസേചന വകുപ്പ് അധികൃതർ പൊന്നാനി താലൂക്ക് വികസന സമിതി യോഗത്തിൽ അറിയിച്ചു.

ടെൻഡർ നടപടികൾ പൂർത്തീകരിച്ച് നിർമാണം ആരംഭിക്കും. പൊന്നാനി, വെളിയങ്കോട്, പെരുമ്പടപ്പ് മേഖലകളിലാണ് കടൽഭിത്തി നിർമിക്കുന്നത്. ഇതിനായുള്ള പദ്ധതി സമർപ്പിച്ചിട്ട് ഒരുവർഷം കഴിഞ്ഞിട്ടും കല്ലിന്റെ വിലനിർണയം പൂർത്തിയാകാത്തത് പ്രതിഷേധത്തിനിടയാക്കിയിരുന്നു.

താലൂക്കിലെ വിവിധ മത്സ്യമാർക്കറ്റുകളിൽ അമോണിയം ചേർത്ത മത്സ്യങ്ങൾ വിൽക്കുന്നുണ്ടെന്ന പരാതിയെത്തുടർന്ന് ഭക്ഷ്യസുരക്ഷ വകുപ്പിന്റെ നേതൃത്വത്തിൽ റവന്യൂ, പൊലീസ്, ആരോഗ്യവിഭാഗങ്ങളുടെ സംയുക്ത പരിശോധന നടത്താനും തീരുമാനിച്ചു. പൊന്നാനി ഭാരതപ്പുഴയിൽ സർവിസ് നടത്തുന്ന ഉല്ലാസ ബോട്ടുകളിൽ അനുമതിയില്ലാത്ത ഡബിൾ ഡെക്കർ സർവിസിനെതിരെ നടപടി സ്വീകരിക്കാൻ തുറമുഖ വകുപ്പിന് യോഗം നിർദേശം നൽകി.

മാറഞ്ചേരി ഹെൽത്ത് സെന്ററിൽ ആവശ്യത്തിന് മരുന്നില്ലാത്തതിന് പരിഹാരം കാണാൻ പഞ്ചായത്തിന് നിർദേശം നൽകി. പുളിക്കകടവ് തൂക്കുപാലത്തിന്റെ അറ്റകുറ്റപ്പണി ഉടൻ നടത്താൻ പൊന്നാനി നഗരസഭ, മാറഞ്ചേരി പഞ്ചായത്ത് എന്നിവരോട് യോഗം ആവശ്യപ്പെട്ടു. പൊന്നാനി തഹസിൽദാർ കെ. ഷാജിയുടെ ചേംബറിൽ നടന്ന യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു.

Tags:    
News Summary - he construction of the sea wall in Ponnani will now speed up

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.