പൊന്നാനിയിൽ നിന്നും മത്സ്യബന്ധനത്തിന് പോയി അഞ്ച് ദിവസത്തിന് ശേഷം തിരിച്ചെത്തിയ ഷഹബാസ് എന്ന ഫൈബർ വള്ളം

തീരത്തി​െൻറ ആശങ്കക്കറുതി; അഞ്ച് ദിവസമായി കാണാതായ ഫൈബർ വള്ളം തിരിച്ചെത്തി

പൊന്നാനി: മത്സ്യബന്ധനത്തിന് പോയി അഞ്ചു ദിവസമായിട്ടും തിരിച്ചെത്താതെ ആശങ്കയുയർത്തിയ ഫൈബർ വള്ളവും തൊഴിലാളികളും തിരിച്ചെത്തി. പൊന്നാനി ഹാർബറിൽ നിന്ന് ബുധനാഴ്ച മത്സ്യബന്ധനത്തിന് പുറപ്പെട്ട മരക്കടവ് സ്വദേശി തണ്ണീർക്കുടിയൻ ഹബീബി​െൻറ ഉടമസ്ഥതയിലുള്ള ഷഹബാസ് എന്ന ഫൈബർ വള്ളമാണ് ദിവസങ്ങളോളം കാണാതായത്.

പൊന്നാനി സ്വദേശികളായ ഖാലിദ്, ബാദുഷ, തിരുവനന്തപുരം സ്വാദേശികളായ സാബു, ജോസഫ്, ബംഗാൾ സ്വദേശി സിറാജ് എന്നീ അഞ്ചു തൊഴിലാളികളാണ് വള്ളത്തിൽ മത്സ്യബന്ധനത്തിനായി പുറപ്പെട്ടത്. മൂന്ന് ദിവസം കഴിഞ്ഞാൽ തിരികെയെത്തേണ്ട ഫൈബർ വള്ളം അഞ്ച്  ദിവസമായിട്ടും തിരിച്ചെത്താതായതോടെ ബന്ധുക്കൾ പൊന്നാനി കോസ്റ്റൽ പൊലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചിരുന്നു.

കാലാവസ്ഥ മുന്നറിയിപ്പിനെത്തുടർന്ന് കടലിൽ മത്സ്യബന്ധനത്തിലേർപ്പെട്ടിരുന്ന യാനങ്ങൾ തിരികെയെത്തണമെന്ന് ഫിഷറീസ് വകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതേത്തുടർന്ന്  ബോട്ടുകളും, മറ്റു വള്ളങ്ങളും കരക്കടുപ്പിച്ചിരുന്നെങ്കിലും ഷഹബാസ് എന്ന ഫൈബർ വള്ളത്തക്കുറിച്ച് വിവരം ലഭിച്ചില്ല. ഇവരുമായി  ഫോണിലും വയർലെസിലും ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും അതിനും കഴിഞ്ഞില്ല. ഇതോടെ ഞായറാഴ്ച തെരച്ചിൽ ആരംഭിച്ചിരുന്നു.

മത്സ്യത്തൊഴിലാളി യൂണിയൻ സി.ഐ.ടി.യു നേതാക്കൾ, ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ, ഫിഷറീസ് ഡയറക്ടർ, ജില്ലാ കളക്ടർ, ബേപ്പൂർ - എറണാകുളം കോസ്റ്റ്ഗാർഡ് മേധാവികൾ, കോസ്റ്റൽ പൊലീസ് ഐജി, മലപ്പുറം എസ്​.പി എന്നിവരെ വിവരമറിയിച്ചു.

പിന്നീട് മന്ത്രിയുടെ നിർദ്ദേശമനുസരിച്ച്​ ബേപ്പൂർ - എറണാകുളം ഗാർഡ് ടീമുകൾ മൽസ്യ തൊഴിലാളികളെ കണ്ടെത്താനുള്ള തിരച്ചിൽ ഊർജിതപ്പെടുത്തുകയും ചെയ്തു. ഇതിനിടെ വൈകീട്ടോടെ വള്ളവും തൊഴിലാളികളും സുരക്ഷിതമാണെന്ന വിവരം ലഭിച്ചു. ആറര മണിയോടെ  അഞ്ച് തൊഴിലാളികളും വള്ളവും ഹാർബറിലെത്തി. കാറ്റും കോളും ഉണ്ടായിരുന്നതിനാൽ കടലിൽ തന്നെ നങ്കൂരമിട്ടതാണെന്ന് തൊഴിലാളികൾ പറഞ്ഞു.

Tags:    
News Summary - fiber boat that had been missing for five days has returned

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.