പൊന്നാനി ബിയ്യം റഗുലേറ്റർ കം ബ്രിഡ്ജ്
പൊന്നാനി: മലപ്പുറം-തൃശൂര്‍ ജില്ലകളുടെ കോള്‍മേഖലയെ സമ്പുഷ്ടിപ്പെടുത്തുന്ന സുപ്രധാന പദ്ധതി ഭാരതപ്പുഴ-ബിയ്യം കായല്‍ സംയോജന പദ്ധതി യാഥാർഥ്യമാകണമെങ്കിൽ ചമ്രവട്ടം റഗുലേറ്റർ കം ബ്രിഡ്ജിന്റെ ചോർച്ചയടക്കൽ പൂർത്തിയാകണം. 36 കോടി രൂപ ചെലവഴിച്ച് ഭാരതപ്പുഴ -ബിയ്യം കായൽ സംയോജന പദ്ധതി നടപ്പാക്കുന്നതിൽ ഭാരതപ്പുഴയിലെ ചമ്രവട്ടം ജലസംഭരണം സുപ്രധാനമാണ്. കരാറുകാരുടെയും ഉദ്യോഗസ്ഥരുടെയും അനാസ്ഥ മൂലം ചോർച്ചയടക്കൽ വൈകുകയാണ്.
ജില്ലയിലെ പൊന്നാനി നഗരസഭ, ഗ്രാമപഞ്ചായത്തുകളായ എടപ്പാള്‍, മാറഞ്ചേരി, കാലടി, നന്നംമുക്ക്, പെരുമ്പടപ്പ്, തവനൂര്‍, വെളിയങ്കോട്, ആലംകോട് കൂടാതെ തൃശൂര്‍ ജില്ലയിലെ കുന്നംകുളം നഗരസഭ, പോര്‍ക്കുളം, കാട്ടകാമ്പാല്‍, പുന്നയൂര്‍ക്കുളം, വടക്കേക്കാട്, കടവല്ലൂര്‍ തുടങ്ങിയ പഞ്ചായത്തുകള്‍ വരെ ഉള്‍പ്പെടുന്ന 3500 ഹെക്ടറില്‍ അധികം വരുന്ന പാടശേഖരത്തിലേക്ക് വെള്ളം എത്തിക്കണമെങ്കിൽ ഭാരതപ്പുഴയിൽ ജലം സംഭരിക്കണം.
മഴയുടെ ലഭ്യത കുറഞ്ഞതിനാൽ നാമമാത്രമായ കൃഷിയാണ് ചെയ്തുവരുന്നത്. പുഞ്ച കൃഷിക്ക് ആവശ്യമായ വെള്ളം കിട്ടാതെ വരുമ്പോള്‍ മുണ്ടകന്‍ കൃഷിയെകൂടി സാരമായി ബാധിക്കുകയാണ്. ഇത് കുടിവെള്ള ലഭ്യതയെയും കോള്‍പ്പാടങ്ങളിലെ ഇടവേള കൃഷിയെയും ഇരുട്ടിലാക്കാറുണ്ട്. ഇതിനെല്ലാം പരിഹാരമെന്നോണം നടപ്പാക്കുന്ന പദ്ധതിയിലേക്ക് ആവശ്യമായ ജലം ലഭ്യമാക്കേണ്ട ചമ്രവട്ടം റഗുലേറ്ററിലെ ചോർച്ചയടക്കൽ വൈകുന്നത് പദ്ധതിയെ സാരമായി ബാധിക്കും.
പുനർനിർമാണ മെല്ലപ്പോക്കിനെതിരെ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ കാണും -പി. നന്ദകുമാർ എം.എൽ.എ
ചമ്രവട്ടം റഗുലേറ്റർ പുനർനിർമാണത്തിന്റെ മെല്ലപ്പോക്കിനെതിരെ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ കാണുമെന്ന് പി. നന്ദകുമാർ എം.എൽ.എ എട്ട് തവണ കരാർ നീട്ടിയിട്ടും പകുതി പോലും പണിയെത്തിച്ചിട്ടില്ല. അനാവശ്യമായി കരാർ നീട്ടി നൽകി പദ്ധതി വൈകിപ്പിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും 36 കോടി രൂപ ചെലവഴിച്ച് ഭാരതപ്പുഴ -ബിയ്യം കായൽ സംയോജന പദ്ധതി നടപ്പാക്കുന്നതിൽ ഭാരതപ്പുഴയിലെ ചമ്രവട്ടം ജലസംഭരണം പ്രധാനമാണെന്ന് നന്ദകുമാർ എം.എൽ.എ വ്യക്തമാക്കി.
ചമ്രവട്ടം പദ്ധതിയുടെ പേരിൽ ഉദ്യോഗസ്ഥതലത്തിൽ തുടരുന്ന അനാസ്ഥ അവസാനിപ്പിക്കണം. പല തവണ ഈ വിഷയം നിയമസഭയിൽ അവതരിപ്പിച്ചതാണ്. വകുപ്പ് മന്ത്രിയെയും ബോധ്യപ്പെടുത്തിയിട്ടുണ്ട്. റഗുലേറ്ററിലെ ഷീറ്റ് പൈലുകൾ പുനർനിർമിക്കുന്ന പദ്ധതി ഒരു കാരണവുമില്ലാതെയാണ് നീട്ടിക്കൊണ്ടു പോകുന്നതെന്നും കുറ്റപ്പെടുത്തി.
പദ്ധതിയിൽ അഴിമതിയുണ്ടെങ്കിൽ അന്വേഷിക്കണമെന്ന് എം.എൽ.എ നേരത്തെ ആവശ്യപ്പെട്ടിരുന്നു. അതേസമയം, നിലവിൽ കരാറുകാർ സ്ഥാപിച്ച ഷീറ്റുകളിലെ തൂക്കത്തട്ടിപ്പ് അക്കൗണ്ട് ജനറൽ കണ്ടെത്തിയിരുന്നു. ഇരുമ്പ് ഷീറ്റുകൾക്ക് 157 ടൺ ഭാരക്കുറച്ച് 1.38 കോടി രൂപയുടെ വെട്ടിപ്പ് നടത്തിയത് അക്കൗണ്ട് ജനറൽ കണ്ടെത്തിയത് നേരത്തെ പുറത്തു വന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.