മങ്കട: അപൂർവമായി മാത്രം പറമ്പിലും കുറ്റിക്കാടുകളിലും കണ്ടിരുന്ന മയിലുകൾ ഇപ്പോൾ ഗ്രാമപ്രദേശങ്ങളിൽ നിത്യക്കാഴ്ചയാകുന്നു. ഭക്ഷണം തേടിയും മറ്റുമായി വീടുകളിലും പരിസരങ്ങളിലും മയിലുകൾ ഒറ്റയായും കൂട്ടമായും നിത്യസന്ദർശകരാണ്. കോവിഡ് കാലത്തിനുശേഷം പ്രകൃതിയിലെ മനുഷ്യ ഇടപെടലുകൾ കുറഞ്ഞതിനെ തുടർന്നും മറ്റു കാരണങ്ങളാലും മറ്റുജീവികളെ പോലെ തന്നെ മയിലുകളുടെ എണ്ണത്തിലും വർധന ഉണ്ടായിട്ടുണ്ട്. 1998നുശേഷം 150 ശതമാനം മയിലുകൾ വർധിച്ചിട്ടുണ്ടെന്ന് പക്ഷികളെക്കുറിച്ചുള്ള സ്ഥിതിവിവര റിപ്പോർട്ടിൽ പറയുന്നു.
വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട്, വേൾഡ് വൈൽഡ് ലൈഫ് ഫണ്ട് എന്നിവ അടക്കം 13 സ്ഥാപനങ്ങൾ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. നേരത്തേ ഏതാനും ജില്ലകളിൽ മാത്രം വ്യാപകമായി കണ്ടിരുന്ന മയിലുകൾ ഇന്ന് കേരളത്തിലെ എല്ലാ ജില്ലകളിലും വ്യാപകമായി കണ്ടുവരുന്നു. പാറക്കെട്ടുകളും കുറ്റിക്കാടുകളും നിറഞ്ഞ വരണ്ട കാലാവസ്ഥയാണ് മയിലുകൾക്ക് അനുകൂലമായ ജീവിത സാഹചര്യമൊരുക്കുന്നത്.
ഇക്കാരണത്താൽ തന്നെ മയിലുകളുടെ വർധന കേരളം വരണ്ട കാലാവസ്ഥയിലേക്ക് നീങ്ങുന്നു എന്ന സൂചനയാണെന്നും റിപ്പോർട്ടുകളുണ്ട്. 2050ഓടെ മയിലുകളുടെ വംശവർധന 40 ശതമാനത്തിലേറെ ആകും എന്നാണ് ഈ രംഗത്ത് ഗവേഷണ പഠനങ്ങൾ നടത്തുന്നവരുടെ നിഗമനം. ദേശീയ പക്ഷിയായി സംരക്ഷിക്കുന്നതിനാൽ ഇവയെ നിയന്ത്രിക്കാൻ നിയമം അനുവദിക്കാത്തതിനാൽതന്നെ കാട്ടുപന്നികളെ പോലെ തന്നെ കർഷകർക്ക് ഇവ പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്നും അഭിപ്രായമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.