പട്ടിക്കാട്: 2024ൽ പീച്ചി ഡാം തുറന്ന് ഉണ്ടായ പ്രളയ സമാനമായ അന്തരീക്ഷം സൃഷ്ടിച്ച ജലസേചന വകുപ്പ് ഉദ്യോഗസ്ഥരുടെ അനാസ്ഥക്കെതിരെ നടപടി ഉണ്ടാകുമെന്നും നഷ്ടം സംഭവിച്ചവര്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കുമെന്നും മന്ത്രി കെ. രാജന് പറഞ്ഞെങ്കിലും ഇത് രണ്ടും പ്രവര്ത്തികമാകാതെയാണ് ഒരു വര്‍ഷം കടന്നുപോയത്. അന്ന് ഷാജി കോടക്കണ്ടത്ത് നല്കിയ പരാതിയില്‍ അന്വേഷണത്തിന് ഉത്തരവ് നല്‍കിയിരുന്നു.
ജില്ല കലക്ടര്‍ ഉള്‍പ്പെടെ അന്വേഷണം നടത്തി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഡാം മാനേജ്മെന്റ് ഉദ്യോഗസ്ഥര്‍ക്ക് വീഴ്ചപറ്റിയതായും 79 കോടി രൂപയുടെ നാശം ഉണ്ടായതായും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിരുന്നു. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്നും നഷ്ടം സംഭവിച്ചവര്‍ക്ക് തക്ക നഷ്ടപരിഹാരം നല്‍കുമെന്നുമാണ് പറഞ്ഞിരുന്നത്. എന്നാല്‍ ഒരു വര്‍ഷം പിന്നിട്ടിട്ടും നടപടി സ്വീകരിക്കാനോ നഷ്ടം സംഭവിച്ചവര്‍ക്ക് നഷ്ടപരിഹാരം നല്‍കാനോ കഴിഞ്ഞിട്ടില്ല.
നഷ്ടപരിഹാരമായി 5000 രൂപവീതമാണ് ഓരോ വീട്ടുകാര്‍ക്കും നല്‍കിയിട്ടുള്ളത്. ഇത് വീട് വൃത്തിയാക്കാൻ പോലും തികഞ്ഞില്ലെന്ന് ഇരകള്‍ പറയുന്നു. കൂടാതെ വീടുകള്‍ക്ക് നാശം സംഭവിച്ചയിനത്തില് പരമാവധി പത്ത് പേര്‍ക്കാണ് 50,000 രൂപവീതം നല്‍കിയിട്ടുള്ളത്. നാശം സംഭവിച്ച വീടുകളിൽ 70 ശതമാനത്തിന്റെ ഉടമകൾക്ക് മാത്രമാണ് വൃത്തിയാക്കാനുള്ള പണം ലഭിച്ചത്. മലയോരകര്‍ഷകരുടെ കാര്യത്തിലും സമാനാവസ്ഥ തന്നെയാണ് ഉണ്ടായതെന്ന് പഞ്ചായത്ത് അംഗം സുശീല പറയുന്നു. സ്ഥലം പാട്ടത്തിനെടുത്ത് പച്ചക്കറി കൃഷി ചെയ്തവര്‍ക്കും വലിയ നഷ്ടമാണ് സംഭവിച്ചിരിക്കുന്നത്.
ഓണം മുന്നില്‍കണ്ട് നേന്ത്രവാഴ കൃഷിചെയ്ത കര്‍ഷകർക്കും വലിയ നഷ്ടം സംഭവിച്ചു. ഇവര്‍ക്കൊന്നും സര്‍ക്കാറിൽനിന്ന് ഒരു സഹായവും ലഭിച്ചില്ലെന്ന് പരാതിയുണ്ട്. കണ്ണാറ പ്രദേശത്തെ വ്യാപാരികള്‍ക്കും വെള്ളം കയറി വലിയ നഷ്ടം സംഭവിച്ചിട്ടുണ്ട്. പല കടക്കാര്‍ക്കും 5,000 രൂപപോലും ലഭിച്ചിട്ടില്ലെന്ന് പറയുന്നു. ജില്ലയിലെ ഒമ്പത് വില്ലേജുകളിലെ കണക്കനുസരിച്ച് 7000 ലധികം വീടുകള്‍ക്ക് കേട് സംഭവിച്ചതായാണ് സര്‍ക്കാര്‍ രേഖകള്‍. ഇതില്‍ വളരെക്കുറച്ച് പേര്‍ക്ക് മാത്രമാണ് ചെറിയതോതിലുള്ള സഹായമെങ്കിലും ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.