പരപ്പനങ്ങാടി: തൊഴിൽ നിയമങ്ങളെ പച്ചക്ക് പരിഹസിച്ചും തൊഴിലാളികളെ അപമാനിച്ചും മുന്നോട്ടു പോകുകയാണ് നെടുവ പൂവത്താൻ കുന്നിലെ ഖാദി നെയ്ത്തു കേന്ദ്രം.
ദയാവധം കാത്തു കിടക്കുന്ന ഈ പൊതു തൊഴിലിടത്തിലെ ചർക്കയിൽനിന്ന് നൂലെടുത്തും കോട്ടൺ തുണികൾ നെയ്തും ജോലി ചെയ്യുന്ന വനിത തൊഴിലാളികൾക്ക് ദിവസം നൂറു രൂപ പോലും ശമ്പളമില്ല. ഒരു മാസം പരമാവധി 1500 രൂപയാണ് ലഭിക്കുന്നത്.
ഖാദി മേഖലയുടെ പുരോഗതി ലക്ഷ്യമിട്ട് 1982ൽ അന്നത്തെ ഉപമുഖ്യമന്ത്രി അവുക്കാദർക്കുട്ടി നഹ ഉദ്ഘാടനം ചെയ്ത കേന്ദ്രത്തിൽ അന്നുണ്ടായിരുന്ന എഴുപതുപേരടങ്ങുന്ന വനിത തൊഴിൽ സേന ഇപ്പോൾ പത്തിൽ താഴെയായി.
43 കൊല്ലമായി ജോലിയിൽ തുടരുന്ന തങ്കമണിയാണ് തൊഴിലാളികൾക്കിടയിലെ ‘സീനിയർ’.മലപ്പുറം കോട്ടപ്പടി ഖാദി കേന്ദ്രത്തിന് കീഴിലാണ് പരപ്പനങ്ങാടി കേന്ദ്രം പ്രവർത്തിക്കുന്നത്.
മലപ്പുറം കേന്ദ്രത്തിൽ നിന്നെത്തുന്ന പഞ്ഞിക്കെട്ടുകൾ ചർക്കയിലിട്ട് നൂലാക്കി ഇവ വീണ്ടും മറ്റു കേന്ദ്രങ്ങളിലേക്ക് കൊണ്ടു പോകും. ഇവ നിറങ്ങൾ മുക്കി വീണ്ടും പരപ്പനങ്ങാടി കേന്ദ്രത്തിലെത്തിച്ച് കോട്ടൺ തുണിയാക്കി നെയ്തെടുക്കും.
പതിറ്റാണ്ടുകളായി തൊഴിൽ ചെയ്യുന്നവർ ഈ ഖാദി കേന്ദ്രത്തിലുണ്ടെങ്കിലും എല്ലാവരും സ്വയം ഒഴിഞ്ഞു പോവുകയാണ്. ജോലി നിർത്തി പോകുമ്പോഴും സർക്കാർ ഒന്നും നൽകാതെ കണ്ണടക്കുകയാണ്.
ഖാദി കേന്ദ്രത്തിനകത്തെ ഉപകരണങ്ങൾ പലതും നശിച്ചിട്ടും അധികൃതർക്ക് അനക്കമില്ല. സ്വന്തമായി കെട്ടിടവും സ്ഥലവും ഉണ്ടായിട്ടും ഈ നെയ്ത്തു കേന്ദ്രം ദയാവധം കാത്ത് കിടക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.