ആദർശ് സ്റ്റേഷനായിട്ടും പരപ്പനങ്ങാടിയെ അവഗണിച്ച് ദീർഘദൂര ട്രെയിനുകൾ

പരപ്പനങ്ങാടി: ‘ആദർശ്’, ‘അമൃത് ഭാരത്’ പദവികളിലൂടെയുള്ള നിർമാണ ഫണ്ട് ഉപയോഗിച്ച് പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷൻ മുഖഛായ മിനുക്കുന്നുണ്ടെങ്കിലും ദീർഘദൂര യാത്രാവണ്ടികളുടെ കാര്യത്തിൽ അധികൃതർ അവഗണന തുടരുന്നു.

കോഴിക്കോടിനും ഷൊർണൂരിനുമിടയിൽ ഏറ്റവും പഴക്കമുള്ളതും വരുമാനത്തിന്റെ കാര്യത്തിൽ തിരൂരിന് തൊട്ടുപിന്നിലുമുള്ള റെയിൽവേ സ്റ്റേഷനാണ് പരപ്പനങ്ങാടി. നേരത്തെ പരപ്പനങ്ങാടിയിൽ സ്റ്റോപ്പുണ്ടായിരുന്ന ഡൽഹി-എറണാകുളം മംഗള എക്സ്പ്രസ്, ഗാന്ധിധാം എക്സ്പ്രസ്സ്, വരാവൽ എക്സ്പ്രസ് എന്നിവക്ക് അനിവാര്യമായും സ്റ്റോപ് പുനഃസ്ഥാപിക്കണമെന്നാണ് ആവശ്യം.

അജ്മീറിലേക്കും മറ്റും തീർഥാടനത്തിനടക്കം പോകുന്നവർ മരുസാഗർ എക്സ്പ്രസ് അടക്കം ട്രെയിനുകളിൽ കയറാൻ തിരൂരിനെയും കോഴിക്കോടിനെയുമാണ് ആശ്രയിക്കുന്നത്. രണ്ട് ജനശതാബ്ദി എക്സ്പ്രസുകൾക്കും സ്റ്റോപ്പില്ലാത്തതും കടുത്ത പ്രയാസമുളവാക്കുന്നു.

തിരുവനന്തപുരം മാവേലി എക്സ്പ്രസ്, ചെന്നെ സൂപ്പർ ഫാസ്റ്റ്, ഡൽഹിയിൽനിന്ന് മടങ്ങുന്ന മംഗള എക്സ്പ്രസ് തുടങ്ങിയ ട്രെയിനുകൾക്കും പരപ്പനങ്ങാടിയിൽ സ്റ്റോപ്പില്ല. കാലിക്കറ്റ് സർവകലാശാലയുടെ ഏറ്റവുമടുത്ത സ്റ്റേഷനാണ് പരപ്പനങ്ങാടി. കോട്ടക്കൽ ആര്യവൈദ്യശാലയിലേക്കും മമ്പുറം മഖാമിലേക്കുമുൾപ്പെടെ വരുന്നവരും മറ്റു റെയിൽവേ സ്റ്റേഷനുകളിലാണ് ഇറങ്ങുന്നത്.

ട്രെയിനുകൾക്ക് സ്റ്റോപ് അനുവദിക്കാൻ ജനങ്ങൾ ഒറ്റക്കെട്ടായി സമര സജ്ജരാകണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല സെക്രട്ടറി മലബാർ ബാവ ഹാജി ആവശ്യപ്പെട്ടു.

Tags:    
News Summary - Long-distance trains ignore Parappanangadi despite it being an Adarsh ​​station

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.