അങ്ങാടിപ്പുറം: ചെറുവാഹനങ്ങൾക്ക് മാത്രമായി മേൽപ്പാലത്തിൽ ഗതാഗതം അനുവദിച്ചിട്ടും കുരുക്ക് മുറുകി അങ്ങാടിപ്പുറം. ഗതാഗതക്കുരുക്കിന് മുഖ്യ കാരണമായി കരുതിയിരുന്ന റോഡ് തകർച്ചക്ക് റോഡ് അടച്ചിട്ടാണ് പരിഹാരം കണ്ടത്. മേൽപ്പാലനത്തിന് സമീപം തകർന്ന ഭാഗം ഇന്റർലോക്ക് കട്ടവിരിച്ച് വൺവേയാക്കി. ഇപ്പോൾ ചെറുവാഹനങ്ങൾക്ക് മാത്രം യാത്രാനുമതി നൽകി ഞായറാഴ്ചയാണ് ഒരാഴ്ച അടച്ചിട്ട മേൽപ്പാലം തുറന്നത്.
ഞായറാഴ്ച അവധി ദിനമായതിനാൽ കാര്യമായ വാഹനത്തിരക്കൊന്നും അനുഭവപ്പെട്ടിരുന്നില്ല. എന്നാൽ സ്കൂളുകൾക്കും ഓഫിസുകൾക്കും മറ്റും പ്രവൃത്തി ദിനമായ തിങ്കളാഴ്ച രാവിലെ മുതൽ തന്നെ അങ്ങാടിപ്പുറം കുരുക്കിലമർന്നു. പൊതുവെ വീതി കുറഞ്ഞ റോഡിൽ ഡിവൈഡറുകൾ സ്ഥാപിച്ചതോടെ നിശ്ചിത ഭാഗങ്ങളിൽ വളരെ സാവധാനത്തിലാണ് വാഹനങ്ങൾ നീങ്ങുന്നത്.
ഗതാഗത പരിഷ്കരണം നടപ്പിലാക്കിയെങ്കിലും ഇക്കാര്യങ്ങൾ സൂചന ബോർഡുകൾ എവിടെയുമില്ല. പുതിയ പരിഷ്കാരം സംബന്ധിച്ച് അറിയാത്ത വാഹനങ്ങൾ തോന്നിയപോലെ അങ്ങോട്ടുമിങ്ങോട്ടും എടുക്കുന്നതും യൂ ടേൺ എടുത്തതും തിങ്കളാഴ്ച കുരുക്കു മുറുകാൻ കാരണമായി.
ഏതു ഭാഗത്ത് നിന്നായായാലും റോഡിൽ കയറിയാൽ ഇടത് ചേർന്ന് മുന്നോട്ട് പോയി യൂ ടേണിൽ തിരിക്കുന്നതാണ് പരിഷ്കരണത്തിലെ മുഖ്യരീതി. സ്കൂൾ വാഹനങ്ങൾ പലതും വിദ്യാർഥികളെ സമയത്തിന് വിദ്യാലയങ്ങളിലെത്തിക്കാനാവാതെ വലഞ്ഞു. മതിയായ ഹോം ഗാർഡുകളെയോ ട്രാഫിക് പൊലീസിനെയോ ചുമതലപ്പെടുത്തി പുതിയ ട്രാഫിക് മാറ്റം യാത്രക്കാരെ ബോധിപ്പിക്കേണ്ടതായിരുന്നെന്ന് പരാതിയുയർന്നു.
അടുത്ത ആഴ്ചയോടെ വലിയ വാഹനങ്ങൾ കൂടി കടത്തിവിടുമ്പോൾ കുരുക്ക് രൂക്ഷമാകുമെന്ന് ആശങ്കയുണ്ട്. അതേസമയം, വൺവേ സംവിധാനത്തിലുള്ള ഗതാഗത പരിഷ്കാരം വ്യാപാരികൾക്ക് തിരിച്ചടിയായത്. കടകൾക്ക് എതിർവശത്തുകൂടികടന്നു പോവുന്ന യാത്രക്കാർക്ക് വാഹനം നിർത്തി കടകളിൽകടക്കാനാവുന്നില്ല. തിരക്കുള്ള ഭാഗങ്ങളിൽ നിന്ന് ഉപഭോക്താക്കളും വേഗത്തിൽ കടന്നുപോവാവുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.