കേരള പഴയകടക്കൽ ജി.യു.പി സ്കൂളിന്റെ പുതിയ കെട്ടിടം
കരുവാരകുണ്ട്: പരാധീനതകളുടെ നടുവിൽ ഏഴ് പതിറ്റാണ്ടുകാലത്തെ അധ്യയനാനന്തരം കേരള പഴയ കടക്കൽ ജി.യു.പി സ്കൂളിന് പുതിയ മുഖം. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഒരു കോടി രൂപ ചെലവിൽ 11 പുതിയ ക്ലാസ് മുറികളാണ് ഒരുങ്ങിയത്. കുടിയേറ്റ, തോട്ടം തൊഴിലാളി കുടുംബങ്ങളിലെ കുട്ടികൾക്കുള്ള സ്കൂളായി 68 വർഷം മുമ്പാണ് ഇവിടെ എൽ.പി സ്കൂൾ തുറന്നത്. റബർ എസ്റ്റേറ്റിലെ തൊഴിലാളികളുടെ ഉപകരണങ്ങൾ സൂക്ഷിക്കാൻ നിർമിച്ച രണ്ട് മുറി കെട്ടിടത്തിലാണ് തുടക്കം. 1956ലാണ് അംഗീകാരം ലഭിച്ചത്. 1983 ൽ യു.പി സ്കൂളായി ഉയർത്തി. 1987ലുണ്ടായ കനത്ത ചുഴലിക്കാറ്റിൽ നാട്ടുകാർ നിർമിച്ച കെട്ടിടം തകർന്നുവീണു. അധ്യയനം അവതാളത്തിലായപ്പോൾ വീണ്ടും നാട്ടുകാരിറങ്ങി പുതിയ കെട്ടിടം പണിതു. വിവിധ ഏജൻസികളുടെ സഹായത്തോടെ സയൻസ് പാർക്ക്, കമ്പ്യൂട്ടർ ലാബ് എന്നിവയടക്കം ഭൗതിക സൗകര്യങ്ങൾ വർധിച്ചു. അക്കാദമിക വളർച്ചയുമുണ്ടായി.
എന്നാൽ, പ്രീപ്രൈമറി അടക്കം 900ത്തിലേറെ കുട്ടികൾ പഠിക്കുന്ന സ്കൂളിന്റെ കെട്ടിട പരാധീനതകൾ മാത്രം മാറിയില്ല. ജനകീയ ഇടപെടലിനെ തുടർന്നാണ് പുതിയ കെട്ടിടം യാഥാർഥ്യമായത്. ഉദ്ഘാടനം ഞായറാഴ്ച വൈകീട്ട് മൂന്നിന് മന്ത്രി വി. അബ്ദുറഹിമാൻ നിർവഹിക്കും. എ.പി. അനിൽകുമാർ എം.എൽ.എ അധ്യക്ഷത വഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.