വീ​ട്ടി​ക്കു​ന്ന് കോ​ള​നി​യി​ൽ ആ​ദി​വാ​സി​ക​ൾ വ​ന​പാ​ല​ക​രെ ത​ട​ഞ്ഞു​വെ​ച്ച​പ്പോ​ൾ

വനപാലക സംഘത്തെ ആറുമണിക്കൂർ ബന്ദിയാക്കി ആദിവാസികൾ

നിലമ്പൂർ: കോളനിയിലെ മരംമുറിയുമായി ബന്ധപ്പെട്ട് റേഞ്ച് ഓഫിസർ ഉൾപ്പെടെയുള്ള വനപാലക സംഘത്തെ ആദിവാസികൾ ആറു മണിക്കൂറിലധികം ബന്ദിയാക്കി. മമ്പാട് വീട്ടിക്കുന്ന് കോളനിയിലാണ് ആദിവാസി ക്ഷേമ സമിതിയുടെ നേതൃത്വത്തിൽ 150ഓളം വരുന്ന സംഘം വനപാലകരെ ബന്ദിയാക്കിയത്. രാത്രി എട്ടോടെയാണ് ഇവരെ മോചിപ്പിച്ചത്. വെള്ളിയാഴ്ച ഉച്ചക്ക് 2.30ഓടെയാണ് എടവണ്ണ റേഞ്ച് ഓഫിസർ റഹീസ്, ഡെപ‍്യൂട്ടി റേഞ്ചർ നാരായണൻ, രണ്ട് വനിത ഉദ‍്യോഗസ്ഥർ ഉൾപ്പെടെയുള്ള 16 അംഗ സംഘത്തെ വീട്ടിക്കുന്ന് കോളനിയിൽ ബന്ദിയാക്കിയത്.

കോളനിയിൽ മരംമുറി നടക്കുന്നുണ്ടെന്ന വിവരത്തെ തുടർന്നാണ് മൂന്ന് ജീപ്പുകളിലായി സംഘം എത്തിയത്. കോളനിയിലെ പ്ലാവ് മരമാണ് മുറിച്ചിട്ടിരുന്നത്. ഇത് വാഹനത്തിൽ കയറ്റി കൊണ്ടുപോവാനുള്ള നീക്കം വനപാലകർ തടഞ്ഞതോടെയാണ് ആദിവാസികൾ ഉദ‍്യോഗസ്ഥരെയും വാഹനവും തടഞ്ഞുവെച്ചത്. വിവരം അറിഞ്ഞ് സമീപത്തെ മാഠം, കല്ലുവാരി കോളനികളിൽനിന്നും ആദിവാസികൾ സ്ഥലത്തെത്തിയിരുന്നു.

കോളനി ഭൂമിയിൽനിന്ന് മരം മുറിക്കാൻ അനുമതിയില്ലെന്നാണ് വനംവകുപ്പ് പറയുന്നത്. എന്നാൽ, വർഷങ്ങളായി നികുതി അടച്ചുവരുന്ന പട്ടയഭൂമിയാണിതെന്നും മുമ്പ് മരംമുറി തടഞ്ഞപ്പോൾ വനം, റവന‍്യൂ, സർവേ വകുപ്പ്, ഐ.ടി.ഡി.പി എന്നിവർ സംയുക്ത സർവേ നടത്തി കോളനി ഭൂമി വേർതിരിച്ച് ജണ്ട കെട്ടി തന്നിട്ടുണ്ടെന്നും മരം മുറിച്ച് ഉപയോഗിക്കുന്നതിന് അനുമതി ലഭിച്ചിട്ടുണ്ടെന്നുമാണ് ആദിവാസി കുടുംബങ്ങളുടെ അവകാശവാദം.

തർക്കത്തിൽ അന്തിമ തീരുമാനത്തിനായുള്ള രേഖകൾ കലക്ടർ പരിശോധിച്ചുവരുകയാണ്. വനം, റവന‍്യൂ വകുപ്പ് ഉൾപ്പെടെയുള്ള മന്ത്രിമാരും അനുകൂല നിലപാട് അറിയിച്ചിരുന്നതായി കോളനിക്കാർ പറയുന്നു. രാത്രി ഏഴരയോടെ പൊലീസ് ഇൻസ്പെക്ടർമാരായ ബിനു, വിഷ്ണു എന്നിവരുടെ നേതൃത്വത്തിൽ നടന്ന ചർച്ചയുടെ അടിസ്ഥാനത്തിലാണ് പ്രശ്നത്തിന് പരിഹാരമായത്.

മമ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സി. ശ്രീനിവാസൻ, ആദിവാസി ക്ഷേമസമിതി പ്രവർത്തകരായ കുമാർ ദാസ്, ബാബു, എം.ആർ. സുബ്രഹ്മണ‍്യൻ, റേഞ്ച് ഓഫിസർ റഹീസ് എന്നിവരും ചർച്ചയിൽ പങ്കാളികളായി. നിലമ്പൂർ നോർത്ത് ഡി.എഫ്.ഒ, ജില്ല കലക്ടർ എന്നിവരുമായി ചർച്ച നടത്തി എട്ടു ദിവസത്തിനകം പ്രശ്നത്തിന് പരിഹാരം കാണാമെന്ന ഉറപ്പിന്‍റെ അടിസ്ഥാനത്തിലാണ് ആദിവാസികൾ അയഞ്ഞത്.

Tags:    
News Summary - The tribals held the forest guard hostage for six hours

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.