നിലമ്പൂർ: ഓണം ഓൺലൈനായെത്തിയപ്പോൾ ഉൾവനത്തിലെ മിക്ക ഗോത്രവർഗ ഊരുകളിലും ആഘോഷം കെങ്കേമമായി.
പട്ടികവർഗ സുസ്ഥിര വികസന പരിപാടിയുടെയും നിലമ്പൂർ പട്ടികവർഗ പ്രത്യേക പദ്ധതിയുടെയും ഭാഗമായി കുടുംബശ്രീ ജില്ല മിഷെൻറ നേതൃത്വത്തിലാണ് ഓണംകേറാമൂലകളിലും ഓണമെത്തിയത്.
'ഇ-ഓണം ഊരിലിരുന്നോണം' എന്ന പേരിൽ വാട്സ്ആപ് ഗ്രൂപ് വഴിയായിരുന്നു ഓണാഘോഷം. ആദിവാസി സങ്കേതങ്ങളിലെ കുട്ടികളും മുതിർന്നവരും ഊര് മൂപ്പൻമാരും പങ്കാളികളായി. കാട്ടുപൂക്കളും ഇലകളും ശേഖരിച്ച് മുറ്റത്ത് അവർ പൂക്കളം തീർത്തു.
പൂക്കളമത്സരം, ഓണപ്പാട്ട്, ഓണ ഓർമകൾ പങ്കുവെക്കൽ, അടിക്കുറിപ്പ് മത്സരം, സുന്ദരിക്ക് പൊട്ടുതൊടൽ തുടങ്ങി നിരവധി മത്സരങ്ങളാണ് സംഘടിപ്പിച്ചത്. ഫലം വെള്ളിയാഴ്ച പ്രഖ്യാപിക്കും.
വിജയികൾക്ക് സമ്മാനങ്ങളുമുണ്ട്. കുടുംബശ്രീ ജില്ല മിഷൻ കോഓഡിനേറ്റർ സി.കെ. ഹേമലതയാണ് ഉദ്ഘാടനം നിർവഹിച്ചത്.
സമാപന ചടങ്ങ് അസി. കലക്ടർ വിഷ്ണുരാജ് ഉദ്ഘാടനം ചെയ്തു. പദ്ധതി കോഓഡിനേറ്റർ കെ.കെ. മുഹമ്മദ് സാനു, കുടുംബശ്രീ ജില്ല ട്രൈബൽ പ്രോഗ്രാം മാനേജർ വി.എസ്. റിജേഷ്, ഐ.ടി.ഡി.പി പ്രോജക്റ്റ് ഓഫിസർ ശ്രീകുമാർ, കുടുംബശ്രീ സംസ്ഥാന മിഷൻ ട്രൈബൽ പ്രോഗ്രാം ഓഫിസർ സജിത്ത് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.