നിലമ്പൂർ: നിലമ്പൂർ കാട്ടിൽ അടുത്തിടെയായി കാട്ടാനകൾ കൂട്ടത്തോടെ മരണപ്പെടുന്നതിൽ അസ്വാഭാവികതയില്ലെന്ന് ഫോറസ്റ്റ് ചീഫ് വെറ്ററിനറി ഓഫിസർ ഡോ. അരുൺ സഖറിയ. കഴിഞ്ഞ ദിവസം വഴിക്കടവ് റെയ്ഞ്ചിൽ രണ്ട് ആനകളും കരുളായിയിൽ ഒരാനയും ഒരു ദിവസം ചരിഞ്ഞിരുന്നു. കടുവയുടെ ആക്രമണത്തിലാണ് കരുളായിയിൽ കാട്ടാന ചരിഞ്ഞത്. വഴിക്കടവിൽ രണ്ട് ആനകൾക്ക് സ്വാഭാവിക മരണമായിരുന്നു. 10 വയസ്സുള്ള കുട്ടിക്കൊമ്പനും 20 വയസ്സുള്ള പിടിയാനയുമാണ് ചരിഞ്ഞത്. സ്വാഭാവിക മരണമെന്നായിരുന്നു പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്.
കോഴിക്കോട് റീജിയനൽ കെമിക്കൽ ലാബിൽ നടത്തിയ പരിശോധനയിലും അസ്വാഭാവികതയില്ലെന്നാണ് കണ്ടെത്തലെന്ന് അരുൺ സഖറിയ പറഞ്ഞു. പിടിയാനയുടെ ആന്തരികാവയവങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിരുന്നു. വേനലിൽ നിർജ്ജലീകരണം മൂലം ആരോഗ്യം ക്ഷയിച്ച് മരണം സംഭവിക്കുന്നതാണ്. 90 ശതമാനം കാട്ടാനകളുടെയും മരണം വേനൽക്കാലത്താണെന്നും അദ്ദേഹം പറഞ്ഞു.
കാട് ഉണങ്ങി കരിഞ്ഞതോടെ ഭക്ഷണവും വെള്ളവും തേടി കാട്ടാനകളുടെ പലായനം നടക്കും. മഴ നിഴല്‍ കാടുകളിൽ നിന്നും കാട്ടാനകൾ വനത്തിലെ നിത്യഹരിത മേഖലകളിലേക്കാണ് പലായനം നടത്തുക. ഒരു ദിവസം പ്രായപൂർത്തിയായ ഒരാനക്ക് 270 കിലോ ഗ്രാം വരെ ഭക്ഷണം ആവശ്യമാണ്. ചൂടേറിയ കാലാവസ്ഥയുള്ളപ്പോൾ ആനകൾക്ക് ഒരു ദിവസം കൊണ്ട് ശരീരത്തിലെ മൊത്തം വെള്ളത്തിന്റെ 10 ശതമാനം വരെ നഷ്ടപ്പെടുമെന്ന് പഠനം പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.