നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ പുഞ്ചക്കൊലി ആദിവാസി നഗറിലെ മോഡൽ ഫ്രീ സ്കൂൾ പോളിങ് കേന്ദ്രത്തിലേക്ക് വോട്ട് രേഖപ്പെടുത്താൻ പുന്നപ്പുഴ ചങ്ങാടത്തിൽ മുറിച്ചു കിടക്കുന്ന വോട്ടർമാരും പൊലീസ് ഉദ്യോഗസ്ഥരും
നിലമ്പൂർ: കേരളരാഷ്ട്രീയം ഉറ്റുനോക്കുന്ന നിലമ്പൂർ ഉപതെരഞ്ഞെടുപ്പിലെ പോളിങ് ഉച്ചവരെ കിതച്ചും പിന്നീട് കുതിച്ചും മുന്നേറി. വോട്ടെടുപ്പാരംഭിച്ച സമയത്ത് വലിയ തിരക്കുണ്ടായിരുന്നു. എട്ടു മണിയായപ്പോഴേക്കും 9.8 ശതമാനത്തിലെത്തി. ഒമ്പതു മണിയായപ്പോൾ 13.15 ശതമാനമായിരുന്നു. മഴ പെയ്തതോടെ മന്ദഗതിയിലായി. കഴിഞ്ഞ ലോക്സഭ ഉപതെരഞ്ഞെടുപ്പിലെപ്പോലെ കുറഞ്ഞ ശതമാനമാകുമെന്ന ആശങ്ക ഉയർന്നു. എന്നാൽ, മഴ മാറിനിന്നതോടെ പോളിങ്ങിൽ കുതിച്ചുചാട്ടമുണ്ടായി. വരികൾക്ക് നീളംകൂടി. സ്ത്രീ വോട്ടർമാരായിരുന്നു കൂടുതൽ.
നാലു മണിക്കൂർ പിന്നിട്ടപ്പോൾ 30.15 ശതമാനത്തിലേക്ക് ഉയർന്നു. ഉച്ചക്ക് ഒരു മണിക്ക് 46.73 ശതമാനമായി. വൈകുന്നേരം മൂന്നായപ്പോൾ 59.68 ശതമാനത്തിലെത്തി. അഞ്ചു മണിയോടെ 70.76 ശതമാനമായി ഉയർന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഇത്തവണ ഉൾക്കാട്ടിലെ ആദിവാസി നഗറുകളിലും തരക്കേടില്ലാത്ത പോളിങ് വർധനയുണ്ടായി. ആദിവാസി നഗറുകളിലും ഇത്തവണ പ്രചാരണം ശക്തമായിരുന്നു.
കൃത്യസമയത്തുതന്നെ പോളിങ് ആരംഭിച്ചു. വഴിക്കടവ് എ.യു.പി സ്കൂളിലെ 35ാം നമ്പർ ബൂത്തിൽ വോട്ടിങ് മെഷീൻ തകരാറിലായതൊഴിച്ചാൽ മറ്റു വലിയ പ്രശ്നമൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടില്ല. രാവിലെ ഏഴിന് വോട്ടെടുപ്പ് ആരംഭിച്ച സമയത്താണ് മെഷീനിലെ തകരാർ ശ്രദ്ധയിൽപെട്ടത്. സമയവും തീയതിയും കാണാനാകാതെ വന്നു. 7.50ഓടെ തകരാർ പരിഹരിച്ച് വോട്ടെടുപ്പ് തുടങ്ങി. തൃണമൂൽ കോൺഗ്രസ് സ്വതന്ത്ര സ്ഥാനാർഥി പി.വി. അൻവറിനും എസ്.ഡി.പി.ഐ സ്ഥാനാർഥി അഡ്വ. സാദിഖ് നെടുത്തൊടിക്കും മണ്ഡലത്തിൽ വോട്ടില്ല. ഇരുവരും ബൂത്തുകളിൽ സന്ദർശകരായെത്തിയിരുന്നു.
നിലമ്പൂർ: 1980ലെ നിയമസഭ ഉപതെരഞ്ഞെടുപ്പിലാണ് നിലമ്പൂർ മണ്ഡലചരിത്രത്തിലെ ഉയർന്ന പോളിങ് രേഖപ്പെടുത്തിയത്-86.01 ശതമാനം. അന്ന് എൽ.ഡി.എഫിനൊപ്പമായിരുന്ന ആര്യാടൻ മുഹമ്മദും കോൺഗ്രസിലെ മുല്ലപ്പള്ളി രാമചന്ദ്രനുമാണ് മത്സരരംഗത്തുണ്ടായിരുന്നത്. സി. ഹരിദാസ് രാജിവെച്ച സീറ്റിലേക്കാണ് ആന്റണി കോൺഗ്രസ് പ്രതിനിധിയായി ആര്യാടൻ മുഹമ്മദ് മത്സരിച്ചത്.
മുല്ലപ്പള്ളിയെ കുറഞ്ഞ വോട്ടിന് ആര്യാടൻ പരാജയപ്പെടുത്തി. പിന്നീട് മണ്ഡലത്തിലെ പോളിങ് 80 ശതമാനം കടന്നിട്ടില്ല. 2016 ൽ ആര്യാടൻ ഷൗക്കത്തും പി.വി. അൻവറും മത്സരിച്ചപ്പോൾ 79.01 ശതമാനത്തിലെത്തി. 2021ൽ 76.96 ആയിരുന്നു പോളിങ് ശതമാനം. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ 71. 35 ശതമാനമായിരുന്നു. രാഹുൽ ഗാന്ധി രാജിവെച്ച് പ്രിയങ്ക ഗാന്ധി സ്ഥാനാർഥിയായ ഉപതെരഞ്ഞെടുപ്പിൽ 61.91 ശതമാനമായി പോളിങ് കുറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.