സ്വതന്ത്ര സ്ഥാനാർഥി പി.വി. അൻവർ കരുളായിയിൽ വോട്ടർമാരെ കാണുന്നു
നിലമ്പൂർ: ജനമനസ്സുകളിൽ കടന്നുചെന്ന് പി.വി. അൻവറിന്റെ പ്രചാരണം സജീവം. അധികം ആൾക്കൂട്ടമോ നേതാക്കളോ ആരവങ്ങളോ ഇല്ലാതെയാണ് ഒറ്റയാൾ പോരാട്ടം. മണ്ഡലത്തിലെ കുടുംബങ്ങൾക്ക് എന്നെ അറിയാം, പരിചയപ്പെടുത്തേണ്ടതില്ല, വോട്ട് നേടാൻ അഞ്ച് ദിവസത്തിലധികം വേണ്ട എന്നാണ് തൃണമൂൽ കോൺഗ്രസ് സ്വതന്ത്ര സ്ഥാനാർഥിയായ അൻവർ പറയുന്നത്.
മുൻകാല ചരിത്രങ്ങൾ അൻവറിന്റെ വാക്കുകൾ അരക്കിട്ടുറപ്പിക്കുന്നതാണ്. 2021 ൽ ഏറനാട്ടിൽ ഒറ്റക്ക് മത്സരിച്ച് എൽ.ഡി.എഫ് സ്ഥാനാർഥിയെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി രണ്ടാമതെത്തി. 2014 ൽ വയനാട് ലോകസഭയിലേക്ക് ഒറ്റയാനായി രംഗത്തിറങ്ങി-
37,123 വോട്ട് പെട്ടിയിൽ വീഴ്ത്തി. നിലമ്പൂരിൽ 2016ൽ എൽ.ഡി.എഫ് സ്വതന്ത്രനായി വന്ന് ചെങ്കൊടി പാറിപ്പിച്ചു. 2021 ൽ വീണ്ടും തേക്കിൻനാട്ടിൽ വിജയക്കൊടി പാറിച്ചു. ജയത്തിൽ കുറഞ്ഞതൊന്നും ഇത്തവണ പി.വി. അൻവർ മുന്നിൽ കാണുന്നില്ല. കുടുംബയോഗങ്ങളും പൊതുയോഗങ്ങളുമില്ല.
വ്യാപാരികളെയും ഓട്ടോറിക്ഷ, ടാക്സി തൊഴിലാളികളെയും കുടുംബങ്ങളെയും കണ്ട് വോട്ടഭ്യർഥന. ഇടയ്ക്ക് പ്രമുഖരെ കണ്ട് പിന്തുണ തേടുന്നു. ഇന്നലെ അമരമ്പലത്തും മൂത്തേടത്തുമായിരുന്നു വോട്ടഭ്യർഥന. അതത് പ്രദേശത്തെ പ്രവർത്തകരെയാണ് പ്രചാരണത്തിന് ഒപ്പം കൂട്ടുന്നത്. മലയോര കുടുംബങ്ങൾ നേരിടുന്ന ബുദ്ധിമുട്ടുകളാണ് വിഷയം. ഇടത്, വലത് മുന്നണികളെ ഒരേപോലെ വിമർശിക്കുന്നു.
നിലമ്പൂർ: മഴ ശക്തമായതോടെ നെഞ്ചിടിപ്പോടെയാണ് നിലമ്പൂരിലെ ജനം കഴിയുന്നതെന്നും കവളപ്പാറ ദുരന്തബാധിതർക്ക് ഇതുവരെയും നഷ്ടപരിഹാരം ലഭിച്ചിട്ടില്ലെന്നും എസ്.ഡി.പി.ഐ സ്ഥാനാർഥി അഡ്വ. സാദിഖ് നടുത്തൊടി. ഇടത് -വലത് മുന്നണികളിൽ നിലമ്പൂരിലെ ജനങ്ങൾക്ക് വിശ്വാസം നഷ്ടപ്പെട്ടു.
എസ്.ഡി.പി.ഐ സ്ഥാനാർഥി അഡ്വ. സാദിഖ് നടുത്തൊടി വഴിക്കടവ് പഞ്ചായത്തങ്ങാടിയിൽ പര്യടനത്തിൽ
യഥാർഥ പ്രശ്നങ്ങൾ മണ്ഡലത്തിൽ ഇരുമുന്നണികളും ചർച്ചയാക്കുന്നില്ല. ഇരുമുന്നണികളുടെയും ജനവിരുദ്ധ നിലപാടുകൾക്കും വാഗ്ദാന ലംഘനങ്ങൾക്കുമെതിരെ ബദലാണ് ജനങ്ങൾ ആവശ്യപ്പെടുന്നതെന്നും സ്ഥാനാർഥി പറഞ്ഞു.
വഴിക്കടവ് പഞ്ചായത്തിലെ മഞ്ചക്കോട്, ചക്കപ്പാടം, മാമാങ്കര, പഞ്ചായത്തങ്ങാടി, മണിമൂളി, മുണ്ട, മൂത്തേടം പഞ്ചായത്തിലെ മരം വെട്ടിച്ചാല്‍, താളിപ്പാടം, നെല്ലിക്കുത്ത്, കല്‍ക്കുളം, ചോളമുണ്ട, വട്ടപ്പാടം, പാലംകര, കുറ്റിക്കാട്, മൂത്തേടം, കാരപ്പുറം തുടങ്ങിയ മേഖലകളിൽ വെള്ളിയാഴ്ച പര്യടനം നടത്തി.
നിലമ്പൂർ: അഹമ്മദാബാദ് വിമാന അപകടത്തിൽ മരണപ്പെട്ടവർക്ക് മെഴുകുതിരി തെളിയിച്ച് യു.ഡി.എഫിന്റെ ആദരാഞ്ജലി. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷി, ജെബി മേത്തർ എം.പി, അബ്ദുൽ ഹമീദ് മാസ്റ്റർ എം.എൽ.എ തുടങ്ങിയ നേതാക്കൾ പങ്കെടുത്തു.
അഹമ്മദാബാദ് വിമാനാപകടത്തിൽ മരിച്ചവർക്ക് മെഴുകുതിരി തെളിയിച്ച് യു.ഡി.എഫ് ആദരാഞ്ജലി അർപ്പിക്കുന്നു
നിലമ്പൂരിന്റെ വികസന പ്രതീക്ഷകൾ പങ്കിട്ട് ‘പ്രഫഷനൽ മീറ്റ്’
നിലമ്പൂർ: എൽ.ഡി.വൈ.എഫ് നേതൃത്വത്തിൽ നിലമ്പൂർ വ്യാപാരഭവനിൽ യുവജന കൂട്ടായ്മയുടെ നേതൃത്വത്തിൽ ‘നിലമ്പൂരിന്റെ വികസനത്തിന് സംവാദം’എന്ന പ്രമേയത്തിൽ പ്രഫഷനൽ മീറ്റ് സംഘടിപ്പിച്ചു. വികസന കാഴ്ചപ്പാടുകൾ എൽ.ഡി.എഫ് സ്ഥാനാർഥി എം. സ്വരാജ് അവതരിപ്പിച്ചു.
പ്രഫഷണല്‍ മേഖലകളിലുള്ളവര്‍ സ്വരാജുമായി സംവദിച്ചു. നാട്ടിലെ സാധാരണക്കാരുടെ ജീവിതത്തില്‍ എന്ത് മാറ്റമുണ്ടാകുന്നുവെന്നാണ് ആലോചിക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. പരിസ്ഥിതി സൗഹൃദ വികസനം നടപ്പാക്കണം, തേക്കിന്റെ നാടായ നിലമ്പൂരില്‍ മരവ്യവസായത്തിന് അനുകൂലമായ സാധ്യത ഉപയോഗപ്പെടുത്തണം, മുണ്ടേരി വിത്ത് കൃഷിത്തോട്ടത്തിന്റെ സാധ്യത ഉപയോഗപ്പെടുത്തി ഫാം ടൂറിസം പ്രോത്സാഹിപ്പിക്കണം, ഉന്നതവിദ്യാഭ്യാസം നേടിയവര്‍ക്ക് അഭിരുചിക്കനുസരിച്ച് തൊഴില്‍ ലഭിക്കാൻ നൈപുണിവികസന കേന്ദ്രം സ്ഥാപിക്കണം തുടങ്ങിയ നിർദേങ്ങൾ സ്ഥാനാർഥി മുന്നോട്ടുവെച്ചു.
പി.എം. ശില്പ അധ്യക്ഷത വഹിച്ചു. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്, മന്ത്രി കെ. രാജന് എന്നിവര്‍ സംസാരിച്ചു. വി. പ്രജോഷ് സ്വാഗതവും ഡോ. സി.എ. മുഹമ്മദ് ഫായിസ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.