നിലമ്പൂർ: പുറത്ത് കനത്ത മഴ കോരിച്ചൊരിയുമ്പോഴും തേക്കിൻ നാടിനകം ഉപതിരഞ്ഞെടുപ്പ് ചൂടിലാണ്. ആവേശകരമായ തെരഞ്ഞെടുപ്പൊരുക്കത്തിൽ മുന്നണി നേതാക്കൾ ഓഫിസുകളിൽ തിരക്കിട്ട ചർച്ചയിലും അണികൾ കൺവെൻഷനുകളിലും കമ്മിറ്റികളിലും ആളെ കൂട്ടുന്നതിനുള്ള തത്രപാടിലാണ്.
ഉപതിരഞ്ഞെടുപ്പിന് കളമൊരുക്കിയ മുന്‍ എം.എല്‍.എ പി.വി. അന്‍വര്‍ തന്നെയാണ് കവലകളിലും യോഗങ്ങളിലും മുഖ്യചർച്ച വിഷയം. അൻവറിന്റെ പിന്തുണ യു.ഡി.എഫിനുണ്ടാകുമോ അതോ തൃണമുലിന്റെ സ്ഥാനാർഥിയായി കളത്തിലിറങ്ങുമോ എന്ന ചോദ്യം ആവർത്തിക്കപ്പെട്ടു കൊണ്ടിരിക്കുന്നു. ഇതിനിടെ അൻവറിന്റെ ബോർഡുകൾ ഇന്നലെ പലയിടങ്ങളിലായി ഉയർന്നത് യു.ഡി.എഫുകാരുടെ ആശങ്കക്ക് ആക്കം കൂട്ടി.
എല്‍.ഡി.എഫിനോട് വിട ചൊല്ലി യു.ഡി.എഫിനോട് അടുത്ത അന്‍വറിനെ കൊള്ളാനാവാതെ യു.ഡി.എഫും, യു.ഡി.എഫിനെ തള്ളാനും കൊള്ളാനുമാവാതെ അന്‍വറും രാഷ്ട്രീയ പ്രതിസന്ധിയിലാണ്. സ്ഥാനാര്‍ഥിയെ ഇതുവരെ പ്രഖ്യാപിക്കാത്തത് മൂലം എല്‍.ഡി.എഫിന്റെ അണികൾ അസ്വസ്തരാണ്. 30ന് സ്ഥാനാർഥിയെ പ്രഖ്യാപിക്കുമെന്ന നേതാകളുടെ വാക്കിൽ ആശ്വാസം കണ്ടെത്തുകയാണ് ഇടത് പ്രവർത്തകർ.
ഇതിനിടയിൽ കൺവൻഷനുകളിൽ പങ്കെടുത്തും സമുദായ നേതാകളെ കണ്ടും ഇടക്ക് വീടുകളിലും ടൗണുകളിലും എത്തി യു.ഡി.എഫ് സ്ഥാനാർഥി ആര്യാടന് ഷൗക്കത്തിന്റെ വോട്ട് അഭ്യാർഥന മുറക്ക് നടക്കുന്നുണ്ട്. ശക്തമായ മഴമൂലം ചുവരെഴുത്തുകൾ നടക്കുന്നില്ല. മുന്നണികൾ ബുക്ക്ഡ് എഴുതിയ മതിലുകൾ മണ്ഡലത്തിൽ ഉടനീളമുണ്ട്. വ്യാപാരി വ്യവസായി ഏക്കോപന സമിതിയും എസ്.ഡി.പി.യും സ്ഥാനാർഥിയെ നിർത്തുന്നുണ്ട്.
ഇവരുടെ സാനിധ്യം ആർക്ക് തിരിച്ചടിയാവുമെന്ന ചർച്ച മുറുകുന്നുണ്ട്. ബി.ജെ.പിക്ക് സ്ഥാനാർഥിയില്ലാത്തത് സി.പി.എമ്മിന് ഗുണകരമാവുമെന്നും എന്നാൽ യു.ഡി.എഫിനാണ് ഗുണം ചെയ്യുകയെന്ന് പറയുന്ന രണ്ട് പക്ഷമുണ്ട്. ഇതിനിടയിൽ ബി.ഡി.ജെ.എസ് സ്ഥാനാർഥിയെ നിർത്തുന്നുണ്ടെന്ന വർത്തമാനവുമുണ്ട്.
പാർട്ടി ഓഫിസുകളിലെ അന്തിചർച്ച പുലരുന്നത് വരെ നീളുന്നുണ്ട്. സി.പി.എമ്മിന്റെ സ്ഥാനാർഥികൂടി രംഗപ്രവേശം ചെയ്യുന്നതോടെ നിയമസഭ തിരഞ്ഞെടുപ്പിന്റെ ഫൈനൽ മത്സരത്തിന് മുന്നോടിയായുള്ള സെമിഫൈനൽ മത്സരം കൂറെകൂടി ചൂട് പിടിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.