നിലമ്പൂർ ജി.എം.യു.പി സ്കൂളിൽ കുഞ്ഞുമായി മഴയത്ത് വോട്ട് ചെയ്യാനെത്തിയവർ
നിലമ്പൂർ: ആര്യാടൻ ഷൗക്കത്തിന്റെയും പി.വി. അൻവറിന്റെയും രാഷ്ട്രീയഭാവി എന്താകുമെന്നതിന്റെകൂടി ഉത്തരമാകും ഉപതെരഞ്ഞെടുപ്പ് ഫലം. മുസ്ലിം ലീഗ് പ്രവർത്തകർ ഏറെ അധ്വാനിച്ചിട്ടും വിജയിച്ചില്ലെങ്കിൽ ആര്യാടൻ ഷൗക്കത്തിന് തിരിച്ചുവരവ് എളുപ്പമാകില്ല. 10,000 വോട്ടെങ്കിലും കിട്ടിയില്ലെങ്കിൽ ‘അൻവറിസ’ത്തിനും അവസാനമാകും. അൻവർ കാര്യമായ വോട്ട് പിടിക്കാതിരിക്കുകയും യു.ഡി.എഫ് ജയിക്കുകയും ചെയ്താൽ വി.ഡി. സതീശന് കരുത്താകും.
ഷൗക്കത്തിന്റെ തോൽവിക്ക്, താൻ പിടിക്കുന്ന വോട്ട് കാരണമായാൽ അൻവറിന് പിടിച്ചുനിൽക്കാം. എങ്കിലും ‘പിണറായിസത്തിനെതിരെ’ അഞ്ചക്ക വോട്ടെങ്കിലും കിട്ടിയേ മതിയാകൂ അൻവറിന് എന്നതാണ് സ്ഥിതി. എൽ.ഡി.എഫ് ജയിക്കുകയും താൻ 15,000ത്തിലധികം വോട്ട് നേടുകയും ചെയ്താൽ ‘പിണറായിസത്തിനെതിരെ’ തന്നോടൊപ്പം ജനമുണ്ടെന്ന് അൻവർ അവകാശപ്പെടും.
മലപ്പുറം ജില്ലയിൽ നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ ജയമില്ലെങ്കിൽ ലീഗിന്റെ സ്വാധീനം ചോദ്യംചെയ്യപ്പെടും. സർക്കാറിനെതിരായ വികാരം അൻവറിലേക്ക് പോകാതെ, യു.ഡി.എഫിലേക്ക് സമാഹരിക്കാൻ പി.കെ. കുഞ്ഞാലിക്കുട്ടി തന്നെ പ്രവർത്തകർക്ക് നിർദേശം നൽകിയിട്ടുണ്ട്.
ഉപതെരഞ്ഞെടുപ്പ് നടന്ന തൃക്കാക്കരയിലും പുതുപ്പള്ളിയിലും ലീഗിന് കാര്യമായ സ്വാധീനമുണ്ടായിരുന്നില്ല. എന്നാൽ, പാലക്കാട്ട് ലീഗ് കേന്ദ്രങ്ങളിൽ യു.ഡി.എഫ് വോട്ട് വർധിച്ചു. നിലമ്പൂരിൽ ഭൂരിപക്ഷം പ്രതീക്ഷിക്കുന്ന മൂത്തേടം, വഴിക്കടവ് എന്നിവിടങ്ങളെല്ലാം ലീഗ് കേന്ദ്രങ്ങളാണ്. ഈ നിയമസഭയുടെ കാലത്തെ ഉപതെരഞ്ഞെടുപ്പിലെല്ലാം സിറ്റിങ് സീറ്റുകൾ അതത് പാർട്ടികൾതന്നെ കൈവശംവെച്ചു. എന്നാൽ, സിറ്റിങ് എം.എൽ.എ മുന്നണി വിട്ട് സ്വതന്ത്രനായി മത്സരിച്ചതോടെ നിലമ്പൂരിൽ ജയം ഇരുപക്ഷത്തിനും അഭിമാനപ്രശ്നമായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.