നാട്ടുവൈദ‍്യന്‍റെ കൊലപാതകം: പ്രതിയെ ഒളിവിൽ പോകാൻ സഹായിച്ചയാൾ അറസ്റ്റിൽ


നിലമ്പൂർ: മൈസൂരുവിലെ നാട്ടുവൈദ‍്യൻ ഷാബ ശെരീഫിന്‍റെ കൊലപാതക കേസിലെ കൂട്ടുപ്രതിയെ ഒളിവിൽ പോകാൻ സഹായിച്ച വണ്ടൂരിലെ വർക്ക്ഷോപ് ജീവനക്കാരൻ അറസ്റ്റിൽ. വണ്ടൂർ ഗവ. ആശുപത്രിക്കു സമീപം കാപ്പിൽ മിഥുനെയാണ് (28) നിലമ്പൂർ സി.ഐ പി. വിഷ്ണു അറസ്റ്റ് ചെയ്തത്. വണ്ടൂർ വാണിയമ്പലം സ്വദേശി ചീര ഷഫീഖിനെ ഒളിവിൽ പോകാനാണ് മിഥുൻ സഹായിച്ചത്.

കൊലപാതക കേസിലെ മുഖ‍്യപ്രതി ഷൈബിൻ അഷ്റഫിന്‍റെ കൂടെ പല കുറ്റകൃത്യങ്ങൾക്കും സഹായിയായി പ്രവർത്തിച്ചിരുന്നയാളാണ് ഷഫീഖ്. എറണാകുളം കേന്ദ്രീകരിച്ച് ഇയാൾ മയക്കുമരുന്നു കച്ചവടം നടത്തിയിരുന്നതായും പൊലീസ് പറഞ്ഞു. കഞ്ചാവ് വിൽപന നടത്തിയതിന് മുമ്പ് ജയിൽശിക്ഷ അനുഭവിച്ചിട്ടുണ്ട്. ഷൈബിൻ പൊലീസ് കസ്റ്റഡിയിലായതോടെ മറ്റു നാലു പ്രതികൾക്കൊപ്പം ഒളിവിൽ പോകാൻ എറണാകുളത്തുനിന്ന് പാണ്ടിക്കാട്ടെത്തിയ ഷഫീഖിനെ പാലക്കാട് എത്താൻ സഹായിച്ചത് മിഥുനാണ്. മേയ് 12ന് രാത്രി മിഥുൻ വണ്ടൂർ സ്വദേശിയായ അജ്മലിന്‍റെ ഓട്ടോയിൽ പാണ്ടിക്കാട്ടെത്തി. തുടർന്ന് ഷഫീഖിനെ മണ്ണാർക്കാട് എത്തിക്കുകയും സാമ്പത്തിക സഹായം നൽകുകയും ചെയ്തു. ഷഫീഖിന് സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽനിന്ന് അഞ്ചു ലക്ഷം രൂപ വായ്പ എടുത്തുകൊടുക്കാനും മിഥുൻ സഹായിച്ചു.

പാലക്കാട് വഴിയാണ് ഒളിവിൽ കഴിയുന്ന അഞ്ചു പ്രതികളും ഒരുമിച്ച് രക്ഷപ്പെട്ടത്. നിലമ്പൂർ കോടതിയിൽ ഹാജരാക്കി പ്രതിയെ റിമാൻഡ് ചെയ്തു.

ഇതോടെ ഷാബ ശെരീഫ് കൊലപാതക കേസിൽ മുഖ‍്യപ്രതി ഉൾപ്പെടെ ആറുപേർ അറസ്റ്റിലായി. ഇതിൽ രണ്ടുപേർ പ്രതികൾക്ക് സഹായം ചെയ്തുകൊടുത്തവരാണ്. പ്രതികളെ ഒളിവിൽ കഴിയാൻ സഹായിച്ചവരെയും സാമ്പത്തിക സഹായം ചെയ്യുന്നവരെയും പൊലീസ് നിരീക്ഷിച്ചുവരുകയാണ്.

Tags:    
News Summary - Murder of a traditional healer: Defendant Man arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.