ത​ക​ർ​ന്നു കി​ട​ക്കു​ന്ന നി​ല​മ്പൂ​ർ-​നാ​യ​ാടം​പൊ​യി​ൽ റോ​ഡ്

നിലമ്പൂർ-നായാടംപൊയിൽ മലയോര പാത തകർച്ചയിൽ

നിലമ്പൂർ: നിർദിഷ്ട മലയോര പാതയായ നിലമ്പൂർ-നായാടംപൊയിൽ പാത യാത്രയോഗ‍്യമായില്ല. പാതയുടെ നിർമാണ പ്രവൃത്തിക്ക് കിഫ്ബിയിൽനിന്ന് 120 കോടി രൂപ അനുവദിച്ചിട്ടുണ്ടെങ്കിലും പ്രവൃത്തി ഒച്ചിഴയും വേഗത്തിലാണ് മുന്നോട്ട് പോകുന്നത്. പാതയുടെ നിർമാണ പ്രവൃത്തി ഈ രീതിയിൽ ഇഴഞ്ഞു നീങ്ങുകയാണെങ്കിൽ പൂർത്തിയാക്കാൻ വർഷങ്ങളെടുക്കും. നിലവിലുള്ള റോഡിൽ അറ്റകുറ്റപണി നടന്നിട്ട് വർഷങ്ങളായി. റോഡിന്‍റെ പല ഭാഗങ്ങളും കുണ്ടും കുഴിയും നിറഞ്ഞ് തകർന്നു കിടക്കുകയാണ്. വേനൽ മഴയിൽ റോഡിലെ കുഴികളിൽ വെള്ളം കെട്ടിനിന്ന് റോഡ് തിരിച്ചറിയാനാവാത്ത അവസ്ഥയിലാണ്.

ആദിവാസി കുടുംബങ്ങൾക്ക് പുറമെ നൂറ് കണക്കിന് മലയോര കർഷക കുടുംബങ്ങളും വിനോദ സഞ്ചാരികളുമാണ് റോഡിന്‍റെ ഗുണഭോക്താക്കൾ. മലപ്പുറം - കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന റോഡു കൂടിയാണിത്. മലപ്പുറം ജില്ലയിലെ ചാലിയാർ, ഊർങ്ങാട്ടിരി പഞ്ചായത്തുകൾക്ക് പുറമെ കോഴിക്കോട് ജില്ലയിലെ കൂടരഞ്ഞി പഞ്ചായത്തിൽപെട്ട കക്കാടം പൊയിലിലേയും കുടുംബങ്ങൾ ഈ റോഡിനെ ആശ്രയിക്കുന്നുണ്ട്. ഇതുവഴി യാത്രാസൗകര്യത്തിന് ഒരു കെ.എസ്.ആർ.ടി.സി ബസ് മാത്രമാണ് ഉള്ളത്. ഈ ബസ് ദിവസവും മൂന്ന് സർവിസാണ് നടത്തുന്നത്.

കഴിഞ്ഞ ദിവസം സർവിസിനിടെ ബസിന്‍റെ ടയർ പഞ്ചറായി സർവീസ് മുടങ്ങി. റോഡിന്‍റെ തകർച്ച കാരണം സർവീസ് നടത്താൻ കഴിയാത്ത സ്ഥിതിയിലാണ്. ഏക ബസ് സർവിസ് നിലച്ചാൽ പ്രദേശം യാത്രാസൗകര്യമില്ലാതെ ഒറ്റപ്പെടുന്ന അവസ്ഥയിലാകും. പൊതുമരാമത്ത് വകുപ്പ് അടിയന്തര ഇടപെടൽ നടത്തി റോഡിലെ ഗർത്തങ്ങൾ അടച്ച് അറ്റകുറ്റപണി നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ‍്യം. മണ്ഡലത്തിലെ എം.എൽ.എ കൂടിയായ പി.കെ. ബഷീർ പൊതുമരാമത്ത് മന്ത്രിയായതോടെ നടപടി വേഗത്തിലാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.

Tags:    
News Summary - Nilambur-Nayadampoyil mountain road collapses

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.