പെരുവമ്പാടത്ത് വനം റാപ്പിഡ് റെസ്പോൺസ് ടീമും എമർജൻസി റെസ്ക്യൂ ഫോഴ്സും ആനകളെ കണ്ടെത്തുന്നതിന് തിരച്ചിൽ
നടത്തുന്നു
നിലമ്പൂർ: ചാലിയാർ പെരുവമ്പാടത്ത് പട്രോളിങ്ങിനിടെ വനപാലകരുടെ വാഹനത്തിന് നേരെ പാഞ്ഞടുത്ത് കാട്ടാന. വാഹനം മുന്നോട്ട് എടുത്ത് വനപാലകർ രക്ഷപ്പെട്ടു. മൂന്ന് ദിവസമായി പെരുവമ്പാടത്ത് അപകടകാരിയായ മോഴയാന ഭീതി പരത്തുകയാണ്. ഞായറാഴ്ച പുലർച്ചെ നാലോടെ നാട്ടിലിറങ്ങിയ കാട്ടാന പോർച്ചിൽ നിർത്തിയിട്ടിരുന്ന കാറിന്റെ ചില്ല് അടിച്ചു തകർത്തു. ചക്കശ്ശേരി അരുണിന്റെ കാറിന്റെ ചില്ലാണ് തകർത്തത്.
കഴിഞ്ഞ ദിവസങ്ങളിൽ വീടിന്റെ ജനൽ ചില്ലുകളും വീട്ടുമുറ്റങ്ങളിൽ നിർത്തിയിട്ടിരുന്ന ബൈക്കുകളും നശിപ്പിച്ചതിന് പിന്നാലെയാണിത്. വനപാലകരുടെ രാത്രികാല പട്രോളിങ്ങിനിടെയാണ് കാട്ടാനയുടെ പരാക്രം. വെള്ളിയാഴ്ച രാത്രി മുതൽ ഡി.എഫ്.ഒ പി. ധനേഷ് കുമാറിന്റെ നിർദേശ പ്രകാരം വനം വകുപ്പ് പരിശോധന ആരംഭിച്ചിരുന്നു. റാപ്പിഡ് റെസ്പോൺസ് ടീമിന്റെ നേതൃത്വത്തിലാണ് എമർജൻസി റെസ്ക്യൂ ഫോഴ്സും നാട്ടുകാരും നിരീക്ഷണം നടത്തിവരുന്നത്. റബർ ബുള്ളറ്റ് നിറച്ച തോക്കുകൾ, പടക്കങ്ങൾ തുടങ്ങിയ മുന്നൊരുക്കത്തോടെയായിരുന്നു നിരീക്ഷണം നടത്തിയത്. രാത്രി ഒരു മണി വരെ പട്രോളിങ് തുടർന്നെങ്കിലും ആനയെ കണ്ടെത്തിയില്ല. വനപാലകർ മടങ്ങിയതോടെ ഒന്നരയോടെ കാട്ടാനയെത്തി.
പ്രദേശവാസികൾ വിവരം അറിയിച്ചതോടെ പെരുവമ്പാടം ഔട്ട് പോസ്റ്റിൽനിന്നും വാഹനത്തിൽ വനപാലകർ വീണ്ടുമെത്തി. വനം വകുപ്പിന്റെ വാഹനത്തിലെ ലൈറ്റ് ഇട്ടതോടെ റോഡിന് സമീപത്തെ സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് നിൽക്കുകയായിരുന്ന ആന വാഹനത്തിന് നേരെ പാഞ്ഞടുത്തു. വണ്ടി മുന്നോട്ട് എടുത്ത് ഓടിച്ച് പോയതിനാൽ വനപാലകർ രക്ഷപ്പെടുകയായിരുന്നു. വനപാലകരും നാട്ടുകാരും ചേർന്ന് പടക്കം പൊട്ടിച്ച് ബഹളം വെച്ചതോടെയാണ് പുലർച്ചെ ആന കാടുകയറിയത്. എമർജൻസി റെസ്ക്യൂ ഫോഴ്സും രാത്രികാല പട്രോളിങ് നടത്തുന്നുണ്ടെങ്കിലും നാട്ടുകാരുടെ ഭീതി അകറ്റാനായിട്ടില്ല. ആക്രമണകാരികളായ ആനയെ ഉൾക്കാട് കയറ്റാൻ ഫലപ്രദമായ നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.