നിലമ്പൂർ ജില്ല ആശുപത്രിയിൽ ഡി.വൈ.എഫ്.ഐ രണ്ട് ലക്ഷം പൊതിച്ചോറുകൾ പൂർത്തീകരിച്ചതിന്റെ വിതരണോദ്ഘാടനം സംസ്ഥാന സെക്രട്ടറി വി.കെ. സനോജ് നിർവഹിക്കുന്നു
നിലമ്പൂർ: 'വയറെരിയുന്നവരുടെ മിഴി നിറയാതിരിക്കാൻ ഹൃദയപൂർവം ഡി.വൈ.എഫ്.ഐ' പദ്ധതിയിൽ നിലമ്പൂർ ബ്ലോക്ക് കമ്മിറ്റി ഒന്നര വർഷം കൊണ്ട് നൽകിയത് രണ്ട് ലക്ഷം പൊതിച്ചോറുകൾ. നിലമ്പൂർ ജില്ല ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമാണ് എല്ലാ ദിവസവും രാത്രി ഭക്ഷണം എത്തിച്ചത്.
രണ്ട് ലക്ഷം തികക്കുന്നതിന്റെ വിതരണോദ്ഘാടനം ജില്ല ആശുപത്രിയിൽ ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ് നിർവഹിച്ചു. 2020 ജൂൺ ഒന്നിനാണ് പദ്ധതിക്ക് തുടക്കമിട്ടത്. ദിവസവും 300ലധികം പൊതിച്ചോറുകളാണ് നൽകുന്നതെന്ന് സംഘാടകർ പറഞ്ഞു.
നിലമ്പൂർ ബ്ലോക്ക് കമ്മിറ്റിക്ക് കീഴിലെ ഏഴ് മേഖല കമ്മിറ്റികൾ ആഴ്ചയിൽ ഒരു ദിവസം എന്ന നിലയിൽ ബ്ലോക്കിലെ 115 യൂനിറ്റുകളിൽനിന്ന് പൊതിച്ചോറുകൾ എത്തിക്കുകയാണ് ചെയ്യുന്നത്. ഉദ്ഘാടന പരിപാടിയിൽ ഡി.വൈ.എഫ്.ഐ ജില്ല സെക്രട്ടറി പി.കെ. മുബശ്ശിർ, ജില്ല പ്രസിഡന്റ് കെ. ശ്യാംപ്രസാദ്, സി.പി.എം നിലമ്പൂർ ഏരിയ സെക്രട്ടറി ഇ. പത്മാക്ഷൻ, ഡി.വൈ.എഫ്.ഐ ജില്ല സെക്രട്ടേറിയറ്റ് അംഗം എൻ.എം. ഷഫീഖ്, ബ്ലോക്ക് സെക്രട്ടറി കെ.എസ്. അൻവർ, സഹിൽ അകമ്പാടം, ഷാജി ചക്കാലക്കുത്ത്, ഇ. അരുൺദാസ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.