ചന്തക്കുന്നിലെ ബസ് സ്റ്റാൻഡ് നിർമാണം ഇഴയുന്നു; വലഞ്ഞ് യാത്രക്കാർ

നിലമ്പൂർ: ദിവസേന നൂറുകണക്കിന് യാത്രികർ ആശ്രയിക്കുന്ന ചന്തക്കുന്നിലെ ബസ് സ്റ്റാൻഡ് നിർമാണം വർഷങ്ങൾ കഴിഞ്ഞിട്ടും എവിടെയുമെത്തിയില്ല. സ്റ്റാൻഡിലെത്തുന്ന വിദ‍്യാർഥികളും യാത്രികരും കയറി നിൽകാൻ പോലും ഇടമില്ലാതെ ദുരിതത്തിലായി. പഴയ കെട്ടിടങ്ങും ശുചിമുറികളും പൊളിച്ചു നീക്കിയതിനാൽ ദീർഘദൂര യാത്രകാർ മൂത്രം ഒഴിക്കാൻ പോലും സൗകര‍്യമില്ലാതെ വലയുകയാണ്.

കഴിഞ്ഞ നഗരസഭ ഭരണസമിതിയാണ് കൂടുതൽ സൗകര‍്യത്തോടെയുള്ള സ്റ്റാൻഡ് നിർമാണത്തിന് കെട്ടിടം പൊളിച്ചത്. പുതുതായി നഗരസഭ ഭരിക്കുന്നവരുടെ പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനങ്ങളിലൊന്നായിരുന്നു സ്റ്റാൻഡിന്‍റെ നിർമാണ പൂർത്തീകരണം. കടത്തിണ്ണകളിലും മറ്റുമാണ് യാത്രക്കാർ വെയിലെത്തും മഴയെത്തും കയറി നിൽകുന്നത്. നഗരസഭ താൽക്കാലികമായി ഇവിടെ കാത്തിരിപ്പ് കേന്ദ്രം നിർമിച്ചെങ്കിലും ആസൂത്രണമില്ലാതെയുള്ള കേന്ദ്രം ബസ് കാത്തിരിപ്പുകാർക്ക് പ്രയോജനപ്പെടുന്നില്ല. മഴ ശക്തിപ്പെടത്തോടെ സ്റ്റാൻഡിലെത്തുന്നവർ നനഞ്ഞു കുതിരുകയാണ്.

ബസ് സ്റ്റാൻഡ് നിർമാണം വൈകൽ; നഗരകാര‍്യഡയറക്ടർക്ക് പരാതി

നിലമ്പൂർ: നഗരസഭയുടെ ഉടമസ്ഥയിലുള്ള ചന്തക്കുന്ന് ബസ് സ്റ്റാൻഡ് നിർമാണം വേഗത്തിലാക്കാനുള്ള നടപടി വേണമെന്നും യാത്രക്കാർ മഴയിൽ നനഞ്ഞ് നരകിക്കുന്നതിനാൽ കാലവർഷം കനക്കുന്നതിനുമുമ്പും വിദ്യാലയങ്ങൾ തുറക്കുന്നതിനു മുമ്പായി നേരത്തേ കടമുറികളോട് ചേർന്ന് ഉണ്ടായിരുന്ന വെയ്റ്റിങ് ഷെഡ് പുനഃസ്ഥാപിക്കണമെന്നും ബസ് ഓൾ കേരള ബസ് ഓപറേറ്റേഴ്സ് ഓർഗനൈസേഷൻ നിലമ്പൂർ താലൂക്ക് കമ്മിറ്റി ആവശ്യപ്പെട്ടു.

താൽക്കാലിക ശൗചാലയം പൂട്ടിക്കിടക്കുന്നതും സ്റ്റാൻഡിന്‍റെ നടുവിൽ അശാസ്ത്രീയമായി ഉണ്ടാക്കിയ ചെറിയ താൽക്കാലിക ഷീറ്റ്കൊണ്ടുള്ള ഷെഡും രണ്ട് വലിയ ബങ്കുകളും യാത്രക്കാർക്കും ബസുകാർക്കും തടസ്സമായി നിൽക്കുകയാണ്.

ബസ് ഒന്നിന് 10 രൂപ വീതം 175 ബസിൽനിന്നായി നഗരസഭക്ക് ദിവസവും 1750 രൂപ നിരക്കിൽ വർഷത്തിൽ 638,750 രൂപ സ്റ്റാൻഡ് ഫീസിനത്തിൽ ബസുടമകൾ നൽകുന്നുണ്ട്. 175 പ്രൈവറ്റ് ബസ് അഞ്ഞൂറോളം ട്രിപ്പുകളും, അമ്പതോളം കെ.എസ്.ആർ.ടി.സി ബസുകൾ 70 ട്രിപ്പിലുമായി ആയിരകണക്കിന് യാത്രക്കാർ വന്നിറങ്ങുന്ന പ്രധാന സ്റ്റാൻഡാണിത്. നിർമാണം ഉടൻ പൂർത്തീയാക്കാനുള്ള നടപടി ആവശ‍്യപ്പെട്ട് മനുഷ്യാവകാശ കമീഷൻ, നഗരകാര്യ ഡയറക്ടർ, നഗരസഭ സെക്രട്ടറി എന്നിവർക്ക് ഓർഗനൈസേഷൻ പരാതി നൽകി.

യോഗത്തിൽ താലൂക്ക് പ്രസിഡന്‍റ് മുസ്തഫ കളത്തുംപടിക്കൽ അധ‍്യക്ഷത വഹിച്ചു. ഷൗക്കത്തലി ഉള്ളാട്ട് പറമ്പൻ, കെ.പി. ഹംസ, എം. ദിനേശ് കുമാർ, വാക്കിയത്ത് കോയ, കെ.മെഹബൂബ് എന്നിവർ സംസാരിച്ചു.

എടക്കര ബൈപാസ് റോഡ്പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്തു

എടക്കര: ടൗണിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി കണ്ടെത്തിയ ബൈാപാസ് റോഡിന് ശാപമോക്ഷമാകുന്നു. റോഡ് പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്ത് അലൈന്‍മെന്റിന് അംഗീകാരം നല്‍കി തുടര്‍നടപടികള്‍ക്ക് അനുമതി നല്‍കി.

ഇനി ടെൻഡര്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് പ്രവൃത്തി ആരംഭിക്കാം. ബൈപാസ് റോഡിന് ഭരണാനുമതി ലഭിച്ചിട്ട് നാളുകളേറെയായി. പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള റോഡ് പൊതുമരാമത്ത് വകുപ്പിന് കൈമാറാത്തതായിരുന്നു നിര്‍മാണത്തിനുള്ള പ്രധാന തടസ്സം.

ഭൂമി വിട്ടുനല്‍കേണ്ട ചില വ്യക്തികള്‍കൂടി എതിര്‍പ്പുമായി വന്നതോടെ പദ്ധതി അവതാളത്തിലായി. പിന്നീട് പി.വി. അന്‍വര്‍ എം.എൽ.എ ഇടപെട്ട് നടത്തിയ ശ്രമങ്ങള്‍ക്കൊടുവിലാണ് ഗ്രാമപഞ്ചായത്ത് റേഡ് പൊതുമരാമത്ത് വകുപ്പിന് വിട്ടുനല്‍കിയതും, ഭൂമി വിട്ടുകിട്ടിയതും.

കലാസാഗറില്‍ നിന്നാരംഭിച്ച് മേനോന്‍പൊട്ടി വഴി കാറ്റാടിയിലത്തെിച്ചേരുന്ന അഞ്ച് കിലോമീറ്റർ റോഡ് എടക്കര കെ.എന്‍.ജി റോഡിനെയും മലയോര ഹൈവേയേയും ബന്ധിപ്പിക്കുന്നതാണ്.

കാറ്റാടി മുതല്‍ മേനോന്‍പൊട്ടി വരെയുള്ള രണ്ട് കിലോമീറ്റര്‍ റോഡിന്റെ നിര്‍മാണം പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് പൂര്‍ത്തിയായിരുന്നു. അവശേഷിച്ച മൂന്ന് കിലോമീറ്റര്‍ ഭാഗത്തെ റോഡ് നിര്‍മിക്കാനായി പി.വി. അന്‍വര്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ സ്വകാര്യ വ്യക്തികളില്‍നിന്ന് എട്ട് മീറ്റര്‍ വീതിയില്‍ സൗജന്യമായി സ്ഥലം കണ്ടെത്തിയിരുന്നു. ഇവിടെ താൽക്കാലിക റോഡും രണ്ട് കലുങ്കുകളും പണിത് പ്രവൃത്തിയുടെ ഒന്നാംഘട്ടം പൂര്‍ത്തിയാക്കിയിട്ടുമുണ്ട്. കിഴക്കൻ മലയോര പ്രദേശത്തെ പ്രധാന വ്യാപാര കേന്ദ്രമായ എടക്കര ടൗണില്‍ കാലങ്ങളായി ഗതാഗതക്കുരുക്ക് രൂക്ഷമാണ്.

ഇതിന് പരിഹാരമായാണ് ബൈപാസ് നിര്‍മാണം എന്ന ആശയം ഉടലെടുത്തത്. പാലം മുതല്‍ പാലുണ്ട വരെയുള്ള മൂന്ന് കിലോമീറ്റര്‍ നീളമുണ്ട് എടക്കര ടൗണിന്. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള ചരക്ക് വാഹനങ്ങള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് വാഹനങ്ങള്‍ എത്തുന്നതോടെ മണിക്കൂറുകള്‍ നീണ്ട ഗതാഗതക്കുരുക്കാണ് ഇവിടെ അനുഭവപ്പെടുന്നത്.

ഇത് വ്യാപാരികളെയും വാഹനയാത്രക്കാരെയും കടുത്ത പ്രതിസന്ധിയിലാക്കിയിരുന്നു. വാഹനം പാര്‍ക്ക് ചെയ്യാന്‍പോലും സ്ഥലമില്ലാതെ എടക്കര ടൗണ്‍ ശ്വാസം മുട്ടുന്ന അവസ്ഥയിലാണിപ്പോള്‍. ബൈപാസ് നിര്‍മാണം പൂര്‍ത്തിയായാല്‍ ഇവക്കെല്ലാം പരിഹാരമാകും.

Tags:    
News Summary - Construction of Bus Stand at Chandakkunnu Creeps; Worried passengers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.