നിലമ്പൂർ: 2018ലാണ് സംഭവം. ചന്തക്കുന്ന് സ്വകാര്യ ബസ് സ്റ്റാൻഡിൽ ബസ് കാത്ത് നിൽക്കുന്നിടത്തേക്ക് ഏതാനും സിമൻറ് പാളികൾ അടർന്നുവീണു. ഇതോടെ നഗരസഭയിലെ ഭരണ-പ്രതിപക്ഷ അംഗങ്ങളെല്ലാം സട കുടഞ്ഞെഴുന്നേറ്റു. എല്ലാവരും ഒറ്റക്കെട്ടായി ഉടൻ തന്നെ ആധുനിക രീതിയിലുള്ള ബസ് സ്റ്റാൻഡ് കം ഷോപ്പിങ് ക്ലോപ്ലക്സ് നിർമിക്കാൻ തീരുമാനമെടുത്തു.
അന്നെടുത്ത തീരുമാനത്തിൽ ഒന്ന് മാത്രം നടപ്പായി- ബസ് സ്റ്റാൻഡിലെ കടമുറിക്കാരെ വേഗം ഒഴിപ്പിച്ചു, കെട്ടിടം വേഗം പൊളിച്ചുനീക്കി. അതിനപ്പുറം വർഷം ഏഴ് കഴിഞ്ഞിട്ടും ഒന്നും നടന്നില്ല. സ്റ്റാൻഡ് നിർമാണം എന്ന് പൂർത്തീകരിക്കുമെന്ന് ആർക്കും നിശ്ചയമില്ല. ഏറെ മുറവിളികൾക്ക് ശേഷം മൂത്രപ്പുര നിർമിച്ചതാണ് ഏക ആശ്വാസം.
2018ൽ യു.ഡി.എഫ് ഭരിക്കുന്ന കാലത്ത് കേരള അർബൻ ആൻഡ് റൂറൽ ഡെവലപ്മെന്റ് ഫിനാൻസ് കോർപറേഷനിൽ നിന്ന് എട്ട് കോടി വായ്പയെടുത്തും നാല് കോടി കെട്ടിട മുറി വാടകക്ക് എടുക്കുന്നവരിൽ നിന്ന് അഡ്വാൻസായും വാങ്ങി നിർമിക്കാനായിരുന്നു തീരുമാനം.
കോവിഡും പ്രളയവും വന്നതോടെ ഇതെല്ലാം തകിടം മറിഞ്ഞു. പിന്നീട് വന്ന എൽ.ഡി.എഫ് ഭരണസമിതി ബി.ഒ.ടി അടിസ്ഥാനത്തിൽ ബസ് സ്റ്റാൻഡ് നിർമിക്കാനാണ് തീരുമാനമെടുത്തത്. എന്നാൽ, അതും വിചാരിച്ച രീതിയിൽ മുന്നോട്ട് പോയില്ല. ഇതോടെ ബസ് ഓപറേഷൻസ് ഓർഗനൈസേഷൻ പ്രസിഡൻറ് മുസ്തഫ കളത്തുംപടിക്കൽ ഹൈകോടതിയിൽ റിട്ട് ഹരജി നൽകി. ഫണ്ടില്ലെന്ന കാരണം പറഞ്ഞ് ഇപ്പോഴും ബസ് സ്റ്റാൻഡ് നിർമാണം പൂർത്തിയായില്ല.
2014 ലാണ് നിലമ്പൂർ താലൂക്കാശുപത്രി ജില്ല ആശുപത്രിയായത്. എന്നാൽ, ബോർഡിൽ പേര് മാറ്റി എന്നതൊഴിച്ചാൽ വലിയ മാറ്റമൊന്നും ആദ്യകാലങ്ങളിൽ വരുത്താനായില്ല. സ്ഥലപരിമിതിയായിരുന്നു ആശുപത്രി വികസനത്തിന്റെ പ്രധാന തടസ്സം. എന്നാൽ, പതിയെ പതിയെ ആശുപത്രിയിൽ വികസനം എത്തിത്തുടങ്ങി. നിലവിൽ 21 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് നടന്നുവരുന്നത്.
മൂന്ന് നെഗറ്റിവ് പ്രഷർ ഐസലേഷൻ, ആധുനിക രീതിയിലുള്ള സ്ത്രീകൾക്കും പുരുഷന്മാർക്കുമുള്ള വയോജന വാർഡുകൾ, മികച്ച രീതിയിലുള്ള ലബോറട്ടറി, രക്തബാങ്ക്, മോഡുലാർ ഓപറേഷൻ തിയറ്റർ എന്നിവ സജ്ജമാക്കി. ഇതോടെ ആശുപത്രിയെ തേടി രണ്ട് ദേശീയ അംഗീകാരവുമെത്തി. നാഷനൽ ക്വാളിറ്റി അഷുറൻസ് സ്റ്റാൻഡേർഡ്സ്, ലക്ഷ്യ പുരസ്കാരങ്ങളാണ് ലഭിച്ചത്. ഇതിന്റെ ക്രഡിറ്റ് സംസ്ഥാനം ഭരിക്കുന്ന എൽ.ഡി.എഫും എം.എൽ.എയായിരുന്ന പി.വി. അൻവറും ജില്ല ഭരണകൂടത്തിന്റെ കീഴിൽ എന്ന ന്യായത്തിൽ യു.ഡി.എഫും അവകാശപ്പെടുന്നു.
പുരസ്കാര നേട്ടങ്ങൾക്ക് കുറവില്ലെങ്കിലും ഇവിടെ എത്തുന്നവർക്ക് മെച്ചപ്പെട്ട ചികിത്സ കിട്ടുന്നില്ല എന്നാണ് രോഗികൾ പറയുന്നത്. ഗൈനക്കോളജി വിഭാഗത്തിൽ ഗുരുതര സാധ്യത കാണുന്നതെല്ലാം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് റഫർ ചെയ്യുകയാണ്.
നഗരസഭയും ഏഴ് ഗ്രാമപഞ്ചായത്തുകളും ചേർന്ന നിലമ്പൂർ മണ്ഡലത്തിൽ എല്ലായിടത്തും വന്യജീവി ശല്യമുണ്ട്. ആന, കരടി, കടുവ, പുലി, കുരങ്ങ്, പന്നികൾ... തുടങ്ങി വന്യജീവികളെല്ലം നാട്ടുമൃഗങ്ങളായി ഇവിടെ. കടുവ, പുലി, ആന എന്നിവയുടെ സാന്നിധ്യം മൂലം ടബർ ടാപ്പിങ്ങിന് പോകാനാവാതെ കുടുങ്ങിയിരിക്കുകയാണ് തൊഴിലാളികൾ.
വന്യമൃഗ ആക്രമണത്തിൽ നിലമ്പൂർ നോർത്ത് വനം ഡിവിഷൻ പരിധിയിൽ മാത്രം 2020-21 മുതൽ 2025-26വരെ ജീവൻ നഷ്ടമായത് 25 പേർക്കാണ്. 2021 മുതൽ 25 വരെ സൗത് ഡിവിഷനിൽ വന്യജീവി ആക്രമണത്തിൽ മരിച്ചവർ 21. (അവസാനിച്ചു).
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.