മലപ്പുറം: വീട്ടുപ്രസവത്തിനെതിരെയുള്ള ആരോഗ്യ വകുപ്പ് ബോധവത്കരണം ജില്ലയിൽ ഫലം കണ്ടുതുടങ്ങി. ആരോഗ്യപ്രവർത്തകരുടെ നിർദേശങ്ങളനുസരിച്ച് പ്രസവം ആശുപത്രിയിലാക്കുന്നവരുടെ എണ്ണം കൂടിയിട്ടുണ്ട്. കഴിഞ്ഞ മാസം ജില്ലയിലെ വിവിധ പ്രദേശങ്ങളിലായി വീട്ടിൽ പ്രസവിക്കാൻ തീരുമാനിച്ചിരുന്ന പത്തിലേറെ അമ്മമാർ ആരോഗ്യപ്രവർത്തകരുടെ നിർദേശപ്രകാരം ആശുപത്രിയിലേക്ക് മാറി.
എടയൂർ, ആതവനാട്, തൃപ്രങ്ങോട്, കീഴാറ്റൂർ, താനാളൂർ, തിരൂരങ്ങാടി, അമരമ്പലം എന്നിവിടങ്ങളിൽ ഇത്തരം സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഇവരിൽ മിക്കവരും വയറ്റാട്ടികളെ ആശ്രയിച്ച് വീടുകളിൽതന്നെ പ്രസവം നടത്താൻ ഉദ്ദേശിച്ചവരായിരുന്നു. ചട്ടിപറമ്പിൽ വീട്ടുപ്രസവത്തിനിടെ യുവതി രക്തസ്രാവം വന്ന് മരിച്ച സംഭവത്തിനുശേഷം വയറ്റാട്ടികളെ ആശ്രയിക്കുന്നവരുടെ എണ്ണം കുറഞ്ഞിട്ടുണ്ട്. ആശമാരുടെയും ജെ.പി.എച്ച്.എന്നുമാരുടെയും നിർബന്ധത്തിന് വഴങ്ങി പ്രസവം ആശുപത്രിയിലേക്ക് മാറ്റിയവരുണ്ട്.
അമരമ്പലത്ത് വീട്ടിൽ പ്രസവിക്കാനുദ്ദേശിച്ച അതിഥി തൊഴിലാളി കുടുംബത്തിലെ സ്ത്രീയെയാണ് ആരോഗ്യപ്രവർത്തകർ ആശുപത്രിലേക്ക് മാറ്റിയത്. കഴിഞ്ഞമാസം വളരെ കുറച്ച് വീട്ടുപ്രസവങ്ങൾ മാത്രമേ ജില്ലയിൽ നടന്നിട്ടുള്ളുവെന്ന് അധികൃതർ പറയുന്നു. ആരോഗ്യ പ്രവർത്തകർ നിരന്തരം വീടുകൾ സന്ദർശിച്ച് ബോധവത്കരണം നൽകുന്നുണ്ട്. കൂടുതൽ ഗാർഹിക പ്രസവം റിപ്പോർട്ട് ചെയ്ത വേങ്ങര, വളവന്നൂർ േബ്ലാക്കുകളിലടക്കം ബോധവത്കരണ കാമ്പയിൻ നല്ല ഫലം ചെയ്തിട്ടുണ്ട്.
അമ്മമാരുടെ പരാതിക്ക് ചെവികൊടുക്കും
ആശുപത്രികളുമായി ബന്ധപ്പെട്ട് അമ്മമാർക്കുള്ള പരാതികൾ കേൾക്കാനും പരിഹാരമുണ്ടാക്കാനും ആരോഗ്യവകുപ്പ് നടപടികൾ ആരംഭിച്ചിട്ടുണ്ട്. അമ്മമാരുടെ സ്വകാര്യതക്ക് മുഖ്യപരിഗണന നൽകും. ലേബർമുറികളിൽ സൗഹൃദാന്തരീക്ഷം ഉറപ്പുവരുത്തണമെന്ന നിർദേശം സർക്കാർ ആശുപത്രികളിലെ ജീവനക്കാർക്ക് നൽകിയിട്ടുണ്ട്.
കലക്ടറേറ്റിൽ മതസംഘടന നേതാക്കളുമായുള്ള യോഗത്തിൽ ഉയർന്ന നിർദേശങ്ങൾകൂടി പരിഗണിച്ചാണ് ഈ നടപടി. അതേസമയം, സ്വകാര്യ ആശുപത്രികളിലെ ഭാരിച്ച ബില്ലുകളും സിസേറിയനുകളുടെ എണ്ണം ക്രമാതീതമായി കൂടുന്നതുമടക്കം പൊതുജനങ്ങളുടെ കാലങ്ങളായുള്ള പരാതികൾ പരിഹാരമില്ലാതെ പോകുകയാണ്. സിസേറിയൻ അടിച്ചേൽപ്പിക്കുന്ന സ്വകാര്യ ആശുപത്രികൾക്കെതിരെ നടപടിയെടുക്കണം.
കുത്തിവെപ്പ് നിലവാരം ഉയരുന്നു
നവജാത ശിശുക്കൾക്കുള്ള പ്രതിരോധ കുത്തിവെപ്പ് നിലവാരത്തിലും ജില്ലയിൽ ഉയർച്ചയുണ്ട്. 2024-‘25ലെ ലഭ്യമായ കണക്കുപ്രകാരം കുത്തിവെപ്പ് നിലവാരം 81 ശതമാനത്തിന് മുകളിലെത്തി. ആശുപത്രി പ്രസവത്തിനും പ്രതിരോധ കുത്തിവെപ്പുകൾക്കുമെതിരായ പ്രചാരണം ഇപ്പോഴുമുണ്ടെങ്കിലും എണ്ണം കുറഞ്ഞുവരികയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.