വാട്ടർ അതോറിറ്റി പദ്ധതിയുമായി ബന്ധപ്പെട്ട് മഞ്ചേരി നഗരസഭ ചെയർപേഴ്സൻ
വി.എം. സുബൈദയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം
മഞ്ചേരി: പയ്യനാട് തടപ്പറമ്പ് കുടിവെള്ള പദ്ധതി പൂർത്തീകരണത്തിൽ കാലതാമസം വരുത്തിയ കരാറുകാരന് രണ്ടര കോടി രൂപ പിഴ ചുമത്തി വാട്ടർ അതോറിറ്റി. അഞ്ചുവർഷം മുമ്പ് തുടങ്ങിയ പ്രവൃത്തി പൂർത്തിയാക്കുന്നതിൽ ഗുരുതര വീഴ്ച ഉണ്ടായതായി വാട്ടർ അതോറിറ്റി കണ്ടെത്തി. സബർബൻ കുടിവെള്ള പദ്ധതിയിൽ ഉൾപ്പെടുത്തി മഞ്ചേരി നഗരസഭയിലെ വടക്കാങ്ങര, പയ്യനാട്, എലമ്പ്ര, അത്താണിക്കൽ, താമരശ്ശേരി, നെല്ലിക്കുത്ത് എൽ.പി സ്കൂൾ, നെല്ലിക്കുത്ത് ഹൈസ്കൂൾ, ചാലുകുളം, കിഴക്കേക്കുന്ന്, പിലാക്കൽ, അമയംകോട് തുടങ്ങി 11 വാര്ഡുകളിലെ കുടിവെള്ള ക്ഷാമം പരിഹരിക്കാനായിരുന്നു ലക്ഷ്യം. 2020ലാണ് പ്രവൃത്തി ആരംഭിച്ചത്.
73 കോടി രൂപ ചെലവിൽ രണ്ട് പദ്ധതിയാണ് ടെൻഡർ നൽകിയത്. അരിക്കോട് കിളിക്കല്ലിങ്ങലിലും ചെരണിയിലും പമ്പ് സെറ്റ്, ടാങ്ക്, ട്രാൻസ്ഫോർമർ, റോവാട്ടർ പമ്പിങ്ങ് മെയിൻ, പമ്പ് ഹൗസ്, തടപ്പറമ്പിലും എലമ്പ്രയിലും ടാങ്കുകൾ, തടപ്പറമ്പിലേക്ക് വെള്ളം എത്തിക്കാനുള്ള പമ്പിങ് മെയിൻ തുടങ്ങിയ ഒരുക്കുന്നതായിരുന്നു ഒരു പദ്ധതി. ഈ പ്രവൃത്തി ഏറ്റെടുത്ത കരാറുകാരൻ പൂർത്തിയാക്കി. 2024 മേയ് നാലിന് അരീക്കോട് പമ്പ് ഹൗസിൽനിന്നും കിളിക്കല്ലിങ്ങലിലെ ശുദ്ധീകരണ ശാലയിലേക്ക് വെള്ളമെത്തിക്കുകയും ചെയ്തു.
മൂന്നുമാസം ശുദ്ധീകരണ ശാലയിൽനിന്ന് ചെരണിയിലേക്കും ചെരണിയിൽനിന്നും തടപ്പറമ്പിലെയും എലമ്പ്രയിലെയും ടാങ്കിലേക്ക് വെള്ളമെത്തിച്ചു. ഇനി വീടുകളിലേക്ക് വിതരണ ശൃംഖല സ്ഥാപിക്കണം. ഇതായിരുന്നു രണ്ടാമത്തെ പദ്ധതി. നേരത്തേ നിശ്ചയിച്ച തുക ഉപയോഗിച്ച് പൈപ്പുകൾ സ്ഥാപിക്കാൻ കഴിയില്ലെന്നും തുക വർധിപ്പിച്ച് നൽകണമെന്നും ആവശ്യപ്പെട്ട് കരാറുകാരൻ കോടതിയെ സമീപിച്ചു.
കോടതി കിഫ്ബിയോട് റിപ്പോർട്ട് തേടി. തുക വർധിപ്പിക്കാൻ സാധ്യമല്ലെന്ന് കിഫ്ബി കോടതിയെ അറിയിച്ചു. 100 കിലോ മീറ്റർ ദൂരമാണ് വിതരണ ലൈൻ സ്ഥാപിക്കേണ്ടത്. ഇതിൽ 10 കിലോമീറ്ററിൽ മാത്രമാണ് പൈപ്പുകൾ സ്ഥാപിച്ചത്. നിരന്തരമായി കോടതി വ്യവഹാരത്തിലൂടെ സമയം നഷ്ടപ്പെടുത്തിയെന്നും പ്രവൃത്തി നീട്ടികൊണ്ടുപോയെന്നും കാണിച്ചാണ് വാട്ടർ അതോറിറ്റി 2.5 കോടി രൂപ പിഴ ചുമത്തിയത്.
മഞ്ചേരി: പാതിവഴിയിൽ നിലച്ച മഞ്ചേരിയിലെ സബർമൻ കുടിവെള്ള പദ്ധതി പ്രവൃത്തി പൂർത്തിയാക്കാൻ ഉന്നതതല യോഗം വിളിക്കാൻ തീരുമാനം. നഗരസഭ ചെയർപേഴ്സൻ വി.എം. സുബൈദയുടെ അധ്യക്ഷതയിൽ വിളിച്ചുചേർത്ത ജനപ്രതിനിധികളുടെയും വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് തീരുമാനം. പ്രവൃത്തി പൂർത്തിയാക്കാത്തതിനാൽ പയ്യനാട് മേഖലയിൽ കുടിവെള്ള ക്ഷാമം നേരിടുകയാണ്. അഞ്ചുവർഷം മുമ്പ് ആരംഭിച്ച പദ്ധതിയാണിത്. മഞ്ചേരി ചെരണി ടാങ്കിൽ നിന്നും പയ്യനാട്, നെല്ലിക്കുത്ത് മേഖലയിലേക്ക് രണ്ട് ആഴ്ചക്കകം വെള്ളം നൽകുന്നതിനും യോഗം തീരുമാനിച്ചു.
ഇതിന് പ്രോജക്ട് ഡിവിഷൻ അസി. എക്സിക്യൂട്ടിവ് എൻജിനീയറെ ചുമതലപ്പെടുത്തി. നഗരത്തിലെ എ.സി പൈപ്പ് മാറ്റി ഡി.ഐ പൈപ്പ് സ്ഥാപിക്കുന്നതിനായി കരാർ എടുത്ത പ്രവൃത്തിയുടെ ബാക്കി പ്രവൃത്തി ജനോപകാര പ്രദമായ രീതിയിൽ അടിയന്തരമായി പൂർത്തിയാക്കുന്നതിന് തീരുമാനിച്ചു. വിതരണ ലൈൻ സ്ഥാപിക്കുന്ന പ്രവൃത്തി പുനരാരംഭിക്കാൻ പുതിയ കരാറുകാരനെ ചുമതലപ്പെടുത്തണമെന്നാണ് വാട്ടർ അതോറിറ്റി പ്രോജക്ട് ഡിവിഷന്റെ ആവശ്യം.
എന്നാൽ, പിഴത്തുക ഒഴിവാക്കി തന്നാൽ താൻ പ്രവൃത്തി പൂർത്തിയാക്കാമെന്ന് കരാറുകാരൻ അറിയിച്ചതായി വാട്ടർ അതോറിറ്റി അധികൃതർ പറഞ്ഞു. ഇക്കാര്യം അറിയിച്ച് കരാറുകാരൻ സൂപ്രണ്ടിങ് എൻജിനീയർക്ക് കത്ത് നൽകി. ഇത് അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് എക്സിക്യൂട്ടിവ് എൻജിനിയറും സൂപ്രണ്ടിങ് എൻജിനിയറെ സമീപിച്ചിട്ടുണ്ട്. എം.എൽ.എ മുഖേന വിഷയം ജലവിഭവ വകുപ്പ് മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി പ്രശ്നം പരിഹരിക്കാനും യോഗം തീരുമാനിച്ചു.
സ്ഥിരംസമിതി അധ്യക്ഷരായ റഹീം പുതുക്കൊള്ളി, എൻ.കെ. ഖൈറുന്നീസ, എൻ.എം. എൽസി, സി. സക്കീന, കൗൺസിലർമാരായ മരുന്നൻ മുഹമ്മദ്, അഷ്റഫ് കാക്കേങ്ങൽ, ഹുസൈൻ മേച്ചേരി, മരുന്നൻ സാജിദ് ബാബു, മുൻ നഗരസഭ ചെയർമാൻ വല്ലാഞ്ചിറ മുഹമ്മദലി, കബീർ നെല്ലിക്കുത്ത്, വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരായ സന്തോഷ്, എം.എം. ബാബു, കെ.ടി. ജയകുമാർ, ടി.പി. ജമീല, ടി. അർഷദ് അഹമ്മദ് എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.