പണിമുടക്ക് ദിവസം തിരക്കൊഴിഞ്ഞ കൊണ്ടോട്ടി നഗരം
മഞ്ചേരി: ലേബർ കോഡുകൾ അടക്കം കേന്ദ്രസർക്കാരിൻറെ തൊഴിലാളി - കർഷക വിരുദ്ധ നയങ്ങൾക്കെതിരെ സംയുക്ത ട്രേഡ് യൂനിയനുകൾ ആഹ്വാനം ചെയ്ത 24 മണിക്കൂർ ദേശീയപണിമുടക്ക് മഞ്ചേരിയിൽ പൂർണം. ബുധനാഴ്ച അർധരാത്രി മുതൽ വ്യാഴാഴ്ച രാത്രി 12 വരെയായിരുന്നു പണിമുടക്ക്. നിത്യ മാർക്കറ്റിലെ വ്യാപാര സ്ഥാപനങ്ങളും മറ്റു കടകമ്പോളങ്ങളും അടഞ്ഞുകിടന്നു. ഏതാനും സ്വകാര്യ വാഹനങ്ങൾ നിരത്തിലിറങ്ങി. സ്വകാര്യ ബസുകളും ഓട്ടോറിക്ഷകളും നിരത്തിലിറങ്ങിയില്ല. സ്വകാര്യ ബസുകൾ നിരത്തിലിറങ്ങാതെ വന്നതോടെ നഗരത്തിലെ രണ്ട് സ്റ്റാൻഡുകളും ആളില്ലാതെ കിടന്നു.
സർക്കാർ ഓഫിസുകൾ തുറന്നു പ്രവർത്തിച്ചിരുന്നു എങ്കിലും ജീവനക്കാരുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായി. ഏറനാട് താലൂക്കിൽ 182 ജീവനക്കാരിൽ 36 പേർ മാത്രമാണ് ജോലിക്ക് ഹാജരായത്. 113 അവധിയിലായപ്പോൾ 31 പേർ പണിമുടക്കിന്റെ ഭാഗമായി. യു.ഡി.ടി.എഫിന്റെ നേതൃത്വത്തിൽ നഗരത്തിൽ പ്രകടനം നടത്തി. അഡ്വ.എം. റഹ്മത്തുല്ല, വല്ലാഞ്ചിറ അബ്ദുൽ മജീദ്, വി.പി. ഫിറോസ്, അജ്മൽ സുഹീദ്, അഷ്റഫ് പാമ്പാടി, സിറാജ് രാമൻ കുളം എന്നിവർ സംസാരിച്ചു.
കൊണ്ടോട്ടി: പണിമുടക്കില്‍ കൊണ്ടോട്ടി നഗരം നിശ്ചലമായി. മെഡിക്കല്‍ ഷോപ്പുകളൊഴികെ നഗരത്തില്‍ കട മ്പോളങ്ങളൊന്നും പ്രവര്‍ത്തിച്ചില്ല. കെ.എസ്.ആര്.ടി.സിയും സ്വകാര്യ ബസുകളും ടാക്സി വാഹനങ്ങളുമെല്ലാം സമരത്തില്‍ പങ്കെടുത്ത് നിരത്തിരത്തിലിറങ്ങിയില്ല. ഇടത്, വലത് മുന്നണികളിലെ തൊഴിലാളി സംഘടനകള്‍ക്കിടയിലെ അനൈക്യവും പ്രകടമായി. ഇരു മുന്നണികളിലേയും സംഘടനകള്‍ വേറിട്ടാണ് സമര രംഗത്തെത്തിയത്. ഇടത് സംഘടനകളുടേയും വലതു മുന്നണിയിലെ സംഘടനകളുടേയും നേതൃത്വത്തില്‍ പ്രത്യേകം പ്രകടനങ്ങളുമുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.