മലപ്പുറം: ഡി.എം.ഒ ഓഫിസിലേക്ക് തള്ളിക്കയറാൻ ശ്രമിച്ച മഞ്ചേരി നഗരസഭ കൗൺസിലർമാരെ പൊലീസ് തടഞ്ഞു. മഞ്ചേരി ജനറൽ ആശുപത്രിയിലെ ഡോക്ടർമാരെ സ്ഥലംമാറ്റിയതിൽ പ്രതിഷേധിച്ചായിരുന്നു സമരം. വ്യാഴാഴ്ച രാവിലെ പത്തരയോടെയാണ് സംഭവം. സിവിൽസ്റ്റേഷൻ കോമ്പൗണ്ടിലുള്ള ഡി.എം.ഒ ഓഫിസ് കവാടത്തിൽ എത്തിയ നഗരസഭ കൗൺസിലർമാർ, മുദ്രാവാക്യം മുഴുക്കി ഉള്ളിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചതാണ് സംഘർഷത്തിൽ കലാശിച്ചത്.
പൊലീസും പ്രതിഷേധക്കാരും തമ്മിൽ അൽപ്പനേരം ഉന്തും തള്ളും നടന്നു. ചെയർപേഴ്സൻ വി.എം. സുബൈദയുടെ നേതൃത്വത്തിൽ മഞ്ചേരി നഗരസഭയിലെ 27 യു.ഡി.എഫ് കൗൺസിലർമാരാണ് വ്യാഴാഴ്ച ഡി.എം.ഒ ഓഫിസ് ഉപരോധിച്ചത്. മഞ്ചേരി ജനറൽ ആശുപത്രിയിലെ 12 ഡോക്ടർമാരെ ജില്ലയിലെ മറ്റു ആശുപത്രികളിലേക്ക് രണ്ടാഴ്ച മുമ്പ് സ്ഥലംമാറ്റിയിരുന്നു. പിന്നീട് രണ്ടു ഡോക്ടർമാരുെട സ്ഥലംമാറ്റം റദ്ദാക്കിയെങ്കിലും ജനറൽ ആശുപത്രിയിലെ പീഡിയാട്രിക്, ഇ.എൻ.ടി ഒ.പി പ്രവർത്തനം താറുമാറായതായി കൗൺസിലർമാർ ചൂണ്ടിക്കാട്ടുന്നു.
സമരം യു.എ. ലത്തീഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭ അധ്യക്ഷ വി.എം. സുബൈദ അധ്യക്ഷയായിരുന്നു. സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷരായ യാഷിഖ് മേച്ചേരി, പി. അബ്ദുറഹീം, എൻ.എം. എൽസി, എൻ.കെ. ഹൈറുന്നീസ, കൗൺസിലർമാരായ കണ്ണിയൻ അബൂബക്കർ, അഡ്വ. ബീന ജോസഫ്, മരുന്നൻ മുഹമ്മദ്, അഷ്റഫ് കാക്കേങ്ങൽ എന്നിവർ സംസാരിച്ചു. സമരത്തിനുശേഷം നഗരസഭ അധ്യക്ഷയും സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളും ഡി.എം.ഒ ഓഫിസിലെത്തി നിവേദനം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.