തേഞ്ഞിപ്പലം: തിമിർത്തുപെയ്യുന്ന മഴക്ക് ശമിപ്പിക്കാൻ കഴിയുന്നതിനപ്പുറമായിരുന്നു കാലിക്കറ്റ് സർവകലാശാല സ്റ്റേഡിയത്തിലെ ആവേശം. സംസ്ഥാന ജൂനിയർ അത്ലറ്റിക് മീറ്റിൽ ആദ്യദിനം ആവേശത്തോടെയാണ് തുടങ്ങിയത്. 104 പോയൻറുമായി ആതിഥേയരായ മലപ്പുറവും മോശമാക്കിയില്ല. ഓവറോൾ പട്ടികയിൽ തിരുവനന്തപുരത്തിന് പിന്നാലെ നാലാമതാണ് ജില്ലയുടെ സ്ഥാനം. അഞ്ച് സ്വർണവും അഞ്ച് വെള്ളിയുമടക്കമാണ് ജില്ലയുടെ പ്രകടനം.
പെൺകുട്ടികളുടെ അണ്ടർ -16 വിഭാഗം ജാവലിൻത്രോയിൽ 29.37 മീറ്റർ ദൂരം എറിഞ്ഞിട്ട് ജില്ലയുടെ കെ.പി. അനീന നസീർ ഒന്നാമതെത്തി. തിരുനാവായ നാവാമുകുന്ദ സ്പോർട്സ് അക്കാദമിയുടെ താരമാണ് അനീന. ആൺകുട്ടികളുടെ അണ്ടർ -16 വിഭാഗം ഡിസ്കസ്ത്രോയിൽ മലപ്പുറത്തിന്റെ കെ. ബിവിൻ കൃഷ്ണയും ഒന്നാമതെത്തി. സി.എച്ച്.എം.കെ.എച്ച്.എസ് കാവനൂരിന്റെ താരമാണ് ബിവിൻ. ആൺകുട്ടികളുടെ അണ്ടർ -14 ഹൈജംപിൽ മലപ്പുറത്തിന്റെ ഫിസ്ബാൻ ഹസനാണ് സ്വർണം. 1.45 മീറ്റർ ദൂരം ചാടികടന്നാണ് നേട്ടം.
കെ.പി. അനീന നസീർ ജാവലിൻ ത്രോ (അണ്ടർ 16) നവാമുകുന്ദ സ്പോർട്സ് അക്കാദമി, തിരുന്നാവായ
ആൺകുട്ടികളുടെ അണ്ടർ -16 വിഭാഗം ജാവലിൻത്രോയിൽ മലപ്പുറം ആദ്യ മൂന്ന് സ്ഥാനങ്ങളും കൈയടക്കി. 46.95 മീറ്റർദൂരം എറിഞ്ഞ പി.കെ. സുനീഷാണ് സ്വർണം നേടിയത്. മലപ്പുറത്തിന്റെ തന്നെ താരങ്ങളായ പി. റിതുൽ കൃഷ്ണൻ രണ്ടാമതും വി.പി. മുഹമ്മദ് ഷെഹസിൽ മൂന്നാമതും എത്തി. പുരുഷന്മാരുടെ അണ്ടർ 18 വിഭാഗം 1500 മീറ്ററിൽ മലപ്പുറത്തിന്റെ അഭിനവ് മനോഹരനും ഒന്നാമതെത്തി.
കെ. ബിവിൻ കൃഷ്ണ, ഡിസ്കസ് ത്രോ (അണ്ടർ 16 ബോയ്സ്) സി.എച്ച്.എം.കെ.എച്ച്.എസ് കാവനൂർ
തേഞ്ഞിപ്പലം: സീനിയർ അത്ലറ്റിക് മീറ്റിൽ ഒളിമ്പ്യന്‍ കെ.ടി. ഇര്‍ഫാന്റെ റെക്കോഡ് തകര്‍ത്ത് ശ്രദ്ധേയനായ എറണാകുളത്തിന്റെ ബിലിന് ജോര്‍ജ് ആന്റോക്ക് ശനിയാഴ്ച നടന്ന ജൂനിയർ മീറ്റിലും റെക്കോഡ്. സംസ്ഥാന ജൂനിയർ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിലെ 10,000 മീറ്റർ നടത്തത്തിലും പുതിയ സമയം കുറിച്ചാണ് ബിലിൻ താരമായത്. രാവിലെ നടന്ന മത്സരത്തിൽ 43 മിനിറ്റ് 35.81 സെക്കൻഡ് സമയം കുറിച്ചാണ് നാലുവർഷം പഴക്കമുള്ള എറണാകുളത്തിന്റെത്തന്നെ വി.കെ. അഭിജിത്തിന്റെ 46 മിനിറ്റ് 9.32 സെക്കൻഡെന്ന റെക്കോഡ് തിരുത്തിയത്. കഴിഞ്ഞ ദിവസം നടന്ന സീനിയർ മീറ്റിലെ 20 കിലോമീറ്റര്‍ നടത്തത്തിൽ 2011ല്‍ കെ.ടി. ഇര്ഫാന് സ്ഥാപിച്ച റെക്കോഡായിരുന്നു ബിലിൻ മറികടന്നത്.
എറണാകുളം കോതമംഗലം എം.എ. കോളജിലെ രണ്ടാം വർഷ ബി.കോം വിദ്യാർഥിയാണ്. ഡോ. ജോർജ് ഇമ്മാനുവൽ ആണ് പരിശീലകൻ. അഖിലേന്ത്യ അന്തർ സർവകലാശാല മീറ്റിലും ദേശീയ ജൂനിയർ അത്ലറ്റിക് മീറ്റിൽ അണ്ടർ 20 വിഭാഗത്തിലും സ്വർണം നേടിയിട്ടുണ്ട്. കോഴിക്കോട് ചക്കിട്ടപ്പാറ തെങ്ങുംപള്ളിൽ ആന്റണി തോമസിന്റെയും ലീനയുടെയും മകനാണ്. ചക്കിട്ടപ്പാറ ഗ്രാമീണ സ്പോർട്സ് അക്കാദമിയിലെ കെ.എം. പീറ്ററിന് കീഴിലാണ് പരിശീലനം തുടങ്ങിയത്.
തേഞ്ഞിപ്പലം: കഴിഞ്ഞ ദിവസം സീനിയർ അത്ലറ്റിക് മീറ്റിൽ ചേട്ടന്മാരുടെ കൂടെ 400 മീറ്ററിൽ മത്സരിച്ച് സ്വർണം നേടിയ പി. അഭിരാം ജൂനിയർ മീറ്റിൽ ഇതേ ഇനത്തിൽ മീറ്റ് റെക്കോഡോടെ ഒന്നാമതെത്തി. അണ്ടർ 18 വിഭാഗം 400 മീറ്ററിൽ ട്രാക്കിൽ കുതിച്ച് 47.84 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് അഭിരാം അഭിമാന താരമായത്. 2021ൽ പാലക്കാടിന്റെ കെ. അഭിജിത്തിന്റെ 48.73 സെക്കൻഡ് ദൂരമാണ് കാലിക്കറ്റ് സർവകലാശാല സ്റ്റേഡിയത്തിൽ അഭിരാം പഴങ്കഥയാക്കിയത്. കഴിഞ്ഞ ദിവസം നടന്ന സീനിയർ മീറ്റിൽ 47.69 സെക്കൻഡിലായിരുന്നു ഈ താരം ഓടിയെത്തിയത്. 2022ലെ ഏഷ്യൻ യൂത്ത് ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയതാണീ 18കാരൻ. പാലക്കാട് മാത്തൂൽ സി.ഡി.എഫ് സ്കൂളിലെ പ്ലസ് ടു വിദ്യാർഥിയാണ്.
കഴിഞ്ഞ ഖേലോ ഇന്ത്യ നാഷനൽ ചാമ്പ്യൻഷിപ്പിലും ദേശീയ സ്കൂൾ കായികമേളയിലും സ്വർണം നേടിയിട്ടുണ്ട്. ജി.വി. രാജ അവാർഡ് ജേതാവ് കെ. സുരേന്ദ്രൻ ആണ് പരിശീലകൻ. മാത്തൂലിൽ വി. പ്രമോദിന്റെയും സി. മഞ്ജുഷയുടെയും മകനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.