മലപ്പുറം: 2021-22 വർഷത്തെ പദ്ധതിയുമായി ബന്ധപ്പെട്ട നഗരസഭയിൽ സ്പെഷൽ ഓഡിറ്റ് നടത്താൻ ജില്ല ഓഡിറ്റ് തീരുമാനം. സംസ്ഥാന ഓഡിറ്റ് വകുപ്പ് അനുമതി നൽകിയതോടെയാണിത്. മലപ്പുറം നഗരസഭയിൽ ആദ്യമായിട്ടാകും സ്പെഷൽ ഓഡിറ്റ് നടക്കുക. 2021-22 വർഷം നഗരസഭയുടെ വിവിധ പദ്ധതികളിലെ അപാകത സംബന്ധിച്ച് കോട്ടപ്പടി മണ്ണിശ്ശേരി വീട്ടിൽ കബീർ പരാതി നൽകിയിരുന്നു. ഈ പരാതി പരിഗണിച്ച ഓഡിറ്റ് വകുപ്പ് സ്പെഷൽ ഓഡിറ്റിന് അനുമതി നൽകുകയായിരുന്നു.
പരാതികളിലുള്ള കോട്ടപ്പടി മാർക്കറ്റ്, വയോജന കിറ്റ്, കോട്ടക്കുന്ന് അമ്യൂസ്മെന്റ് പാർക്ക്, ഇ-ടോയ്ലറ്റ്, തെരുവ് വിളക്ക്, മലിനജല ശുദ്ധീകരണ പ്ലാന്റ് തുടങ്ങിയ പദ്ധതികളെ കുറിച്ചായിരിക്കും ഓഡിറ്റ് വിഭാഗം പരിശോധന നടത്തുക.
ജൂൺ 15 ഓടെ നഗരസഭയിൽ ഓഡിറ്റ് ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തിയേക്കും. ജൂൺ ഒമ്പതിന് മുമ്പായി പദ്ധതികളെ സംബന്ധിച്ച കൂടുതൽ പരാതികളുണ്ടെങ്കിൽ അറിയിക്കാനും ഓഡിറ്റ് വകുപ്പ് അനുവാദം നൽകിയിട്ടുണ്ട്. 2021-22 വർഷത്തെ ഓഡിറ്റ് നേരത്തെ അധികൃതർ പൂർത്തിയാക്കി റിപ്പോർട്ട് പുറത്ത് വിട്ടിരുന്നു. എന്നാൽ പരാതി ഉയർന്ന സാഹചര്യത്തിലാണ് സ്പെഷൽ ഓഡിറ്റ് വരുന്നത്.
നേരത്തെ 2021-22 വർഷത്തെ ഓഡിറ്റ് റിപ്പോർട്ട് പ്രകാരം ലേഡീസ് ജിം ഇന്റീരിയർ, ഷെൽട്ടർ ഹോം ഇന്റീരിയർ, ഷെൽട്ടർ ഹോമിൽ കുട്ടികൾക്ക് ഇടം ഒരുക്കൽ തുടങ്ങിയ അക്രഡിറ്റഡ് ഏജൻസികൾ വഴി നടപ്പാക്കിയ പ്രവൃത്തികളിൽ ഒട്ടേറെ അപാകതകൾ കണ്ടെത്തിയിരുന്നു. സർക്കാർ നിർദേശപ്രകാരമുള്ള എസ്റ്റിമേറ്റ് തയാറാക്കിയിരുന്നില്ല.
സർക്കാർ ഉത്തരവിനു വിരുദ്ധമായി സിഡ്കോ നേരിട്ട് പ്രവൃത്തി നടപ്പാക്കുകയായിരുന്നു. തുടർന്ന് 72,47,130 രൂപയുടെ പ്രവൃത്തി തടസ്സപ്പെട്ടു. തെരുവിളക്ക് സ്ഥാപിക്കുന്നതിലും അറ്റക്കുറ്റപണി നടത്തിയതിലും ഒട്ടേറെ അപാകത കണ്ടെത്തി. 1,14,21,575 രൂപയുടെ പ്രവൃത്തി കൊല്ലത്തുള്ള യുനൈറ്റഡ് ഇലക്ട്രിക്കൽ ഇൻഡസ്ട്രീസ് ലിമിറ്റഡിനാണ് (യു.ഇ.ഐ.എൽ) നൽകിയത്.
അക്രഡിറ്റഡ് സർക്കാർ ഏജൻസിയുണ്ടായിട്ടും ഇവക്ക് കൈമാറാതെയായിരുന്നു ഇത്. നോൺ പി.എം.സിയായി ( പ്രൊജക്ട് മാനേജ്മെന്റ് കൺസൽറ്റൻസി) വിളക്കുകൾ സ്ഥാപിക്കാനുള്ള അനുമതി കെൽട്രോണിന് മാത്രമായിരുന്നു.
ഇതു പാലിക്കാതെയാണ് പ്രവൃത്തി യു.ഐ.ഇ.എല്ലിന് നൽകിയത്. ഇവർ സർക്കാർ നിർദേശ പ്രകാരം എസ്റ്റിമേറ്റ് തയാറാക്കി തുടർ നടപടി സ്വീകരിച്ചില്ല. കെ.എസ്.ഇ.ബിയുടെ ഇൻസ്റ്റലേഷൻ സർട്ടിഫിക്കറ്റും ഹാജരാക്കിയില്ല. എത്ര വാട്ടിന്റെ എത്ര വിളക്കുകൾ, എവിടെയൊക്കെയാണ് സ്ഥാപിക്കേണ്ടത് തുടങ്ങിയ വിവര ശേഖരണം നടപ്പാക്കാതെ പദ്ധതി നടപ്പാക്കി, മരാമത്ത് മാന്വൽ നിർദേശങ്ങൾ പാലിച്ചില്ല. മോണിറ്ററിങ് റിപ്പോർട്ട് ലഭ്യമാക്കിയില്ല തുടങ്ങിയ ഒട്ടേറെ അപാകതകളാണ് ചൂണ്ടിക്കാട്ടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.