മലപ്പുറം: ഖനി ഖരമാലിന്യ ഷ്രെഡ്ഡിങ് യൂനിറ്റിലെ മെഷീൻ തകരാറിലായതോടെ നഗരസഭയിൽ മാലിന്യം നിറഞ്ഞു. ഒരുമാസമായി മെഷീൻ തകരാറിലായിട്ട്. തകരാർ പരിഹരിക്കൽ നീണ്ടതോടെ ഓരോ ദിവസവും കേന്ദ്രത്തിൽ മാലിന്യം ഇരട്ടിയാകുകയാണ്. മാലിന്യങ്ങളിൽനിന്ന് രൂക്ഷഗന്ധം നഗരസഭയിലെത്തുന്നവർക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ നഗരത്തിൽ ശക്തമായ മഴ പെയ്തതോടെ ഇവയുടെ തോത് ഇരട്ടിയായി. കൂടാതെ പകർച്ചവ്യാധികൾക്കുള്ള സാഹചര്യവും സ്ഥലത്തുണ്ട്.
കുറച്ച് നേരം പ്രവർത്തിക്കുമ്പോൾ മെഷീൻ അമിതമായി ചൂടാകുന്നതാണ് പ്രശ്നത്തിന് കാരണമെന്ന് അധികൃതർ അറിയിച്ചു. പ്രശ്നം പരിഹരിക്കാൻ നടപടികൾ പുരോഗമിക്കുകയാണെന്നും അധികൃതർ വ്യക്തമാക്കി. നിലവിൽ മാലിന്യം ശേഖരിക്കാനായി നഗരസഭ താത്കാലികമായി സ്ഥലം നോക്കുന്നുണ്ട്. ഇത് ലഭ്യമായാൽ മാലിന്യം അങ്ങോട്ട് മാറ്റും. ലോകബാങ്കിന്റെ സഹായത്തോടെ ഷ്രെഡ്ഡിങ് യൂനിറ്റ് പ്രവർത്തനം പാണക്കാട് ട്രഞ്ചിങ് ഗ്രൗണ്ടിലേക്ക് മാറ്റാനും ആലോചനയുണ്ട്. ഇതിനായി ഒമ്പത് കോടിയാണ് കേരള ഖരമാലിന്യ സംസ്കരണ പദ്ധതിക്ക് (കെ.എസ്.ഡബ്ല്യു.എം.പി) കീഴിൽ ലോകബാങ്ക് മലപ്പുറം നഗരസഭക്ക് അനുവദിച്ചിരിക്കുന്നത്.
ഈ തുക വിനിയോഗിച്ച് ആധുനിക ഖരമാലിന്യ സംസ്കരണ ശാല ഒരുക്കാനാണ് നഗരസഭയുടെ തീരുമാനം. കൂടാതെ ശുചീകരണ തൊഴിലാളികളുടെ സുരക്ഷക്കും മറ്റ് ആവശ്യങ്ങൾക്കുമായി ഉപകരണങ്ങളും അനുബന്ധ സാമഗ്രികളും വാങ്ങാനും പദ്ധതി തുക വിനിയോഗിക്കും. അഞ്ച് വർഷത്തേക്ക് ഘട്ടം ഘട്ടമായിട്ടാണ് കെ.എസ്.ഡബ്ല്യു.എം.പി പദ്ധതി നടപ്പാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.