വളാഞ്ചേരി: രാഷ്ട്രീയപാർട്ടികൾ തെരഞ്ഞെടുപ്പുകളിൽ വിജയിച്ചു കഴിഞ്ഞാൽ ജനങ്ങൾക്ക് ഉപകാരപ്രദമായ കാര്യങ്ങൾ പ്രഖ്യാപിക്കുന്ന രീതിയിൽനിന്നും മാറി ചില പ്രത്യേക വിഭാഗങ്ങളെ തിരഞ്ഞുപിടിച്ച് അവർക്കെതിരെയുള്ള നിയമങ്ങൾ കൊണ്ടുവരുമെന്ന് പറഞ്ഞാണ് ബി.ജെ.പി തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതെന്ന് മുസ്ലിം ലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. യു.ഡി.എഫ് വളാഞ്ചേരിയിൽ സംഘടിപ്പിച്ച കുടുംബയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. യു.ഡി.എഫ് മുനിസിപ്പൽ ചെയർമാൻ പി. രാജൻ അധ്യക്ഷത വഹിച്ചു.
മുസ്ലിം ലീഗ് ജില്ല സെക്രട്ടറി കെ.എം. അബ്ദുൽ ഗഫൂർ ഉദ്ഘാടനം ചെയ്തു. പ്രഫ ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ, അഷ്റഫ് അമ്പലത്തിങ്ങൽ, സലാം വളാഞ്ചേരി, ടി. കെ. ആബിദലി, സി. ദാവൂദ്, കെ. മുസ്തഫ, റംല മുഹമ്മദ്, പി. നസീറലി, സി.എം. റിയാസ്, മുജീബ് വാലാസി, ശിഹാബ് പാറക്കൽ, അൻവർ മുളമുക്കിൽ, ആബിദ മൻസൂർ, റൂബി ഖാലിദ്, ഷാഹിന റസാക്ക് തുടങ്ങിയവർ സംസാരിച്ചു.
നിലമ്പൂർ: കുറ്റവാളി സംഘമാണ് കേന്ദ്ര സർക്കാറെന്നും ഫാഷിസത്തിനെതിരെയുള്ള പൊതുവേദിയാണ് ഇൻഡ്യ സഖ്യമെന്നും സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി. നിലമ്പൂരില്‍ എല്‍.ഡി.എഫ് തെരഞ്ഞെടുപ്പ് കണ്വന്ഷന് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം. കള്ളപ്പണവും അഴിമതിയും തടയുമെന്ന് പ്രഖ്യാപിച്ച ബി.ജെ.പി ഇലക്ട്രല്‍ ബോണ്ടിലൂടെ കോടികളുടെ അഴിമതി നടത്തുകയും കള്ളപ്പണം വെളുപ്പിക്കാന്‍ അവസരമൊരുക്കുകയുമായിരുന്നു.
ബി.ജെ.പി പ്രധാന കക്ഷിയല്ലാത്ത വയനാട് മണ്ഡലത്തില്‍ ഇൻഡ്യ സഖ്യത്തിന്റെ പ്രധാന നേതാവായ ആനി രാജക്കെതിരെ രാഹുല്‍ ഗാന്ധി മത്സരിക്കുന്നത് രാഷ്ട്രീയ വ്യക്തതയില്ലായ്മയും ആശയ പാപ്പരത്തവുമാണ്. നെഹ്റുവും ഇന്ദിരയും പറത്തിയ കോണ്‍ഗ്രസ് പതാക ഉയര്‍ത്താനാകാത്ത ഗതികേടിലാണ് വയനാട്ടില്‍ രാഹുല്‍ വോട്ട് തേടുന്നത്. ഫാഷിസത്തെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസിന് സാധിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സി.പി.എം സംസ്ഥാന കമ്മിറ്റിയഗം പി.കെ. സൈനബ, ജില്ല കമ്മിറ്റിയഗം ജോര്‍ജ് കെ. ആന്റണി, സി.പി.ഐ ജില്ല കമ്മിറ്റിയഗം പി.എം. ബഷീര്‍, നഗരസഭ അധ്യക്ഷന്‍ മാട്ടുമ്മല്‍ സലീം, ഉപാധ്യക്ഷ അരുമ ജയകൃഷ്ണന്, പി.ടി. ഉമ്മര്‍ എന്നിവര്‍ സംസാരിച്ചു.
കാളികാവ്: രണ്ടാംഘട്ട പര്യടനത്തിൽ മലയോരത്തിന്റെ മനസ്സിലേക്കിറങ്ങി വയനാട് ലോക്സഭ മണ്ഡലം ഇടതുമുന്നണി സ്ഥാനാർഥി ആനി രാജ.
ചോക്കാട്, കാളികാവ് പഞ്ചായത്തുകളിലെ വിവിധ ഗ്രാമങ്ങളിൽ ബുധനാഴ്ച രാവിലെ മുതൽ വോട്ടർമാരെ നേരിൽകണ്ടാണ് പര്യടനത്തിന് തുടക്കമായയത്. മിക്ക സ്ഥലകളിലും സ്ത്രീകളും കർഷകരുമടക്കം വിവിധ മേഖലകളിലെ തൊഴിലാളികൾ സ്ഥാനാർഥിയെ കാത്തു നിൽപ്പുണ്ടായിരുന്നു.
സി.പി.എം കാളികാവ് ലോക്കൽ സെക്രട്ടറി കെ. ഫൈസൽ, ചോക്കാട് ലോക്കൽ സെക്രട്ടറി കെ.ടി. മുജീബ് തുടങ്ങിയവർ സ്ഥാനാർഥിയെ അനുഗമിച്ചു. കാളികാവിൽ സി.പി.എം ലോക്കൽ സെക്രട്ടറി കൊല്ലാരൻ ഫൈസലിന്റെ വീട്ടിലായിരുന്നു ഉച്ചഭക്ഷണം. തുടർന്ന് തുവ്വൂർ, കരുവാരകുണ്ട് പഞ്ചായത്തുകളിൽ പര്യടനം നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.